'എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നത് ശരിയല്ല': ബിഹാറില്‍ മത്സരിക്കാത്തതില്‍ കനയ്യ കുമാറിന്റെ മറുപടി

ബിഹാറില്‍ ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും നിതീഷ് കുമാര്‍ ബിഹാറിലെ 'ഷിന്‍ഡെ' ആകുമെന്നും കനയ്യ കുമാര്‍ പറഞ്ഞു

'എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നത് ശരിയല്ല': ബിഹാറില്‍ മത്സരിക്കാത്തതില്‍ കനയ്യ കുമാറിന്റെ മറുപടി
dot image

പട്‌ന: ബിഹാറില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വ്യക്തിപരമായ തീരുമാനമല്ലെന്നും അത് പാര്‍ട്ടി കൂട്ടായി എടുക്കുന്ന തീരുമാനമാണെന്നും കനയ്യ കുമാര്‍ പറഞ്ഞു. താന്‍ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസരായില്‍ നിന്നും 2024-ല്‍ ഡല്‍ഹിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ടെന്നും എല്ലാ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും നിയമസഭാ തെരഞ്ഞെടുപ്പ് വരും, പക്ഷെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു. ബെഗുസരായിലെ തന്റെ ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെ ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് കനയ്യ കുമാര്‍ ഇക്കാര്യം പറഞ്ഞത്.

കനയ്യ കുമാര്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ സജീവമായത് ചില കോണ്‍ഗ്രസ് നേതാക്കളെ അസ്വസ്ഥപ്പെടുത്തിയില്ലേ എന്ന ചോദ്യത്തിന്, അത് സ്വാഭാവികമായ കാര്യമാണ്. ഏത് മേഖലയിലായാലും ഒരു പുതിയ വ്യക്തി വരുമ്പോള്‍ അവിടെ നേരത്തെ ഉണ്ടായിരുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാകും. അത് രാഷ്ട്രീയമായാലും സിനിമ ആയാലും. പഴയ താരങ്ങള്‍ക്ക് പുതിയ ആളുകളെ കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. അതിനെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. എല്ലാവരുടെയും പങ്കുകള്‍ പരിമിതമായിരിക്കും എന്നതാണ് സത്യം എന്നായിരുന്നു കനയ്യ കുമാറിന്റെ മറുപടി.

കോണ്‍ഗ്രസ് എന്തുകൊണ്ടാണ് കുറച്ച് സീറ്റുകളില്‍ മാത്രം മത്സരിക്കുന്നതെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. സീറ്റുകളുടെ എണ്ണത്തേക്കാള്‍ വിജയ സാധ്യതയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. എത്ര സീറ്റുകള്‍ ലഭിച്ചാലും അവയില്‍ വിജയിക്കാന്‍ മുഴുവന്‍ ശക്തിയുമെടുത്താണ് പോരാടുന്നത്. യഥാര്‍ത്ഥ പോരാട്ടം രാജ്യത്തെ വിഭജിക്കുന്നവര്‍ക്കും ബിജെപിക്കും എതിരെയാണെന്ന് കനയ്യ കുമാര്‍ പറഞ്ഞു. ബിഹാറില്‍ ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും നിതീഷ് കുമാര്‍ ബിഹാറിലെ 'ഷിന്‍ഡെ' ആകുമെന്നും കനയ്യ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: 'It's not right to contest every election': Kanhaiya Kumar's response on not contesting in Bihar

dot image
To advertise here,contact us
dot image