മനുഷ്യന്‍ എടുക്കാന്‍ പോകുന്ന തീരുമാനവും മുന്‍കൂട്ടി കണ്ടെത്താന്‍ എഐ

തലച്ചോര്‍ ഇന്‍സ്‌റ്റോള്‍ ചെയ്ത കമ്പ്യൂട്ടര്‍ എന്ന് വിശേഷിപ്പിക്കുന്ന സംവിധാനമാണിത്

മനുഷ്യന്‍ എടുക്കാന്‍ പോകുന്ന തീരുമാനവും മുന്‍കൂട്ടി കണ്ടെത്താന്‍ എഐ
dot image

മനുഷ്യമനസിനെ ആര്‍ക്കെങ്കിലും വായിച്ചെടുക്കാന്‍ സാധിക്കുമോ? അതിന് പൂര്‍ണമായി ഒരു ഉത്തരം ഇല്ല അല്ലേ. ശരിയാണ് അത്രയെളുപ്പത്തിലൊന്നും നമ്മുടെ മനസിലൂടെ കടന്നുപോകുന്ന വ്യത്യസ്തമായ കാര്യങ്ങളെയും വികാരങ്ങളെയും ഒന്നും മറ്റൊരാള്‍ക്കും വായിച്ചെടുക്കാന്‍ സാധ്യമല്ല. എന്നാല്‍ ഒരാള്‍ എടുക്കാന്‍ പോകുന്ന തീരുമാനം ഞെട്ടിക്കുന്ന കൃത്യതയോടെ കണ്ടെത്താന്‍ സാധിക്കുന്ന നിര്‍മ്മിത ബുദ്ധിയുടെ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍.

ആശ്ചര്യം തോന്നുന്നുണ്ട് അല്ലേ. എന്നാല്‍ സംഗതി സത്യമാണ്. സെന്റോര്‍ (Centaur AI) എന്ന് പേരുള്ള ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ തലച്ചോറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറിനോടാണ് ഉപമിക്കുന്നത്. മനുഷ്യന്‍ എടുക്കാന്‍ പോകുന്ന തീരുമാനം എന്തായിരിക്കുമെന്ന് കൃത്യതയോടെ കണ്ടെത്തുന്നു എന്നതാണ് സെന്റോര്‍ എഐയെ വ്യത്യസ്തമാക്കുന്നത്. നേച്ചറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുളളത്. ഹെല്‍ംഹോള്‍ട്‌സ് (Helmholtz) മ്യൂണിച്ചിലെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യുമന്‍- സെന്റേര്‍ഡ് എഐ വിഭാഗത്തിലുളള ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തത്.

വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളില്‍ ആളുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ പ്രവചിക്കാന്‍ ഈ നൂതന കൃത്രിമബുദ്ധി (AI) സംവിധാനത്തിന് കഴിയും.160 മനഃശാസ്ത്ര പരീക്ഷണങ്ങളില്‍ നിന്നുള്ള ഡേറ്റാ ഉപയോഗിച്ച് ഒരു വലിയ ഭാഷാ മാതൃക (LLM) സൂക്ഷ്മമായി രൂപപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍. ഈ കണ്ടുപിടുത്തം വൈജ്ഞാനിക ശാസ്ത്രത്തിലെ ഒരു വിലപ്പെട്ട ഉപകരണമായി മാറുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

വിവിധ സാഹചര്യങ്ങളിലായി 60,000 ആളുകള്‍ ഒരു കോടിയിലേറെ തീരുമാനങ്ങള്‍ എടുത്ത രീതി നിരീക്ഷിച്ചാണ് ഈ പഠനം നടന്നത്. മനുഷ്യന്‍ ഒരു തീരുമാനത്തിലെത്താന്‍ എടുക്കുന്ന തന്ത്രങ്ങള്‍ വരെ ഈ എഐ ചാട്ട്‌ബോട്ട് പഠിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണ് സൂചന. അതുകൊണ്ടുതന്നെ ഇത്തരം കണ്ടുപിടുത്തങ്ങള്‍ മനുഷ്യന്റെ സ്വകാര്യതയ്ക്ക് എന്ത് വിലയാണ് നല്‍കുന്നതെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. മെറ്റാ എഐ മുന്‍കൂട്ടി പരിശീലിപ്പിച്ച അത്യാധുനിക മോഡലായ ലാമ 3.1 70B യുടെ മുകളിലാണ് സെന്റോര്‍ നിര്‍മ്മിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.

Also Read:

ഓരോ പരീക്ഷണത്തിലും പങ്കെടുക്കുന്നവര്‍ നേരിട്ട തീരുമാനങ്ങളെയും അവര്‍ എടുത്ത തിരഞ്ഞെടുപ്പുകളെയും കുറിച്ചുള്ള വിവരങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തി. തത്ഫലമായുണ്ടാകുന്ന മോഡലിനെ അവര്‍ 'സെന്റോര്‍' എന്ന് വിളിച്ചു. മനുഷ്യ പ്രതികരണങ്ങള്‍ മുന്‍കൂട്ടി കാണാനുളള നുറുങ്ങുകള്‍ അടക്കമായിരുന്നു പരിശീലനം. ഒരാഴ്ചകൊണ്ടാണ് പരിശീലനം നേടി എഐ ഈ ശേഷി ആര്‍ജിച്ചത്. ഒട്ടനവധി സൈക്കോളജി പരീക്ഷണങ്ങളിലൂടെയാണ് സെന്റോര്‍ എഐ കടന്നുപോയത്. മനഃശാസ്ത്ര മേഖല വര്‍ഷങ്ങളായി ആശ്രയിച്ചുവന്ന പഴയ മോഡലുകളൈയെല്ലാം പിന്നിലാക്കുന്ന പ്രകടനമാണ് സെന്റോര്‍ എഐയുടേത്.

മുന്‍പൊരിക്കലും നല്‍കാത്ത പ്രശ്‌നങ്ങള്‍ക്ക് പോലും ഉത്തരം കണ്ടെത്തുകയും ഒരാളോട് ഇടപഴകുന്നതുപോലെയുള്ള തോന്നല്‍ ഉണ്ടാക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല മനുഷ്യന്‍ ഒരു തീരുമാനത്തിലേക്ക് എങ്ങനെ എത്തിച്ചേരുന്നു എന്ന കാര്യത്തില്‍ ഇതുവരെ ഗവേഷകള്‍ ശ്രദ്ധിക്കാതെപോയ ചില കാര്യങ്ങള്‍ കൂടി സെന്റോറില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിനെ ഹൈബ്രിഡ് ഹ്യുമന്‍-അല്‍ഗോരിതം സിസ്റ്റം എന്നും വിളിക്കാറുണ്ട്.

Content Highlights :From now on, AI will accurately predict the decisions humans will make in advance. This system is described as a computer with a brain installed

dot image
To advertise here,contact us
dot image