
നിലവില്‍ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് 4 ജിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ബിഎസ്എന്‍എല്‍. ഇപ്പോള്‍ ബിഎസ്എന്‍എല്‍ ഒരു പുതിയ യാത്രാ സിംകാര്‍ഡ് അവതരിപ്പിച്ചിരിക്കുകയാണ്. ഈ വര്‍ഷം അമര്‍നാഥ് യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ പുതിയ പദ്ധതി.
196 രൂപയുടെ ഈ യാത്രാ സിം കാര്‍ഡ് തടസമില്ലാത്ത കവറേജാണ് യാത്രക്കാര്‍ക്ക് വാഗ്ധാനം ചെയ്യുന്നത്. അമര്‍നാഥ് യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാന്‍ ഈ സിം സഹായകമാകുമെന്നാണ് ബിഎസ്എന്‍എല്ലിന്‍റെ ഉറപ്പ്.
സിംകാര്‍ഡ് എങ്ങനെ വാങ്ങാം
ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന അമര്‍നാഥ് തീര്‍ഥാടനം ഈ വര്‍ഷം 38 ദിവസമാണ് നീണ്ടുനില്‍ക്കുന്നത്. ജൂലൈ 3 ന് തീര്‍ഥാടനം ആരംഭിച്ചുകഴിഞ്ഞു. 196 രൂപയാണ് ബിഎസ്എന്‍എല്‍ യാത്രാ സിംകാര്‍ഡിന്റെ വില. 15 ദിവസത്തെ വാലിഡിറ്റിയാണ് സിംകാര്‍ഡിനുളളത്. അമര്‍നാഥ് യാത്രയിലുടനീളം തടസമില്ലാത്ത നെറ്റ്‌വര്‍ക്കാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. ലഖന്‍പുര്‍, ഭഗ്‌വതി നഗര്‍, ചന്ദര്‍കോട്, പഹല്‍ഗാം, ബാല്‍ട്ടര്‍ ഉള്‍പ്പടെ വിവിധ ഇടങ്ങളില്‍ നിന്നായുള്ള ബിഎസ്എന്‍എല്‍ കേന്ദ്രങ്ങളില്‍ നിന്ന് സിംകാര്‍ഡ് വാങ്ങാം.
മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിട്ടില്ല. അമര്‍നാഥിലേക്കുള്ള സഞ്ചാരപാതയില്‍ എയര്‍ടെല്‍, ജിയോ പോലെയുളള സേവനങ്ങള്‍ക്ക് കണക്ടിവിറ്റി കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് വേണ്ടി പ്രത്യേത സിംകാര്‍ഡ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights :Find out what are the benefits of the new 'Yatra SIM Card' introduced by BSNL