
ഇഷ്ടവാഹനം സ്വന്തമാക്കുക എന്നത് ഭൂരിഭാഗം പേരുടെയും സ്വപ്‌നമാണ്. ഇതിനായി വര്‍ഷങ്ങള്‍ അധ്വാനിച്ച്, പണം സ്വരുക്കൂട്ടി കാത്തിരിക്കുന്നവരുണ്ട്. ഇങ്ങനെ ജപ്പാന്‍ സ്വദേശിയായ യുവാവ് 10 വര്‍ഷത്തോളം കാത്തിരുന്ന് സ്വന്തമാക്കിയ ഫെരാരിയാണ് കയ്യില്‍ കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ കത്തി നശിച്ചത്. ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, ഫെരാരി 458 സ്‌പൈഡര്‍ എന്ന ആഢംബര വാഹനത്തിനാണ് റോഡിലേക്കിറക്കി ചുരുങ്ങിയ സമയത്തിനകം തീ പിടിച്ചത്.
സംഗീതജ്ഞനായ 33-കാരന്‍ ഹോങ്കോന്‍ ആണ് വാഹനം സ്വന്തമാക്കിയത്. 10 വര്‍ഷം കൊണ്ട് സമ്പാദ്യത്തില്‍ നിന്ന് സ്വരൂക്കൂട്ടിയ പണം ഉപയോഗിച്ചാണ് ഹോങ്കോന്‍ തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയത്. രണ്ടര കോടിയോളമായിരുന്നു കാറിന്റെ വില. ഷോറൂമില്‍ നിന്ന് കാര്‍ പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു സംഭവം.
ജപ്പാനിലെ ഷൂടോ എക്‌സ്പ്രസ് വേയില്‍ വെച്ചാണ് വാഹനത്തിന് തീപിടിച്ചത്. ഡ്രൈവ് ചെയ്യുന്നതിനിടെ തീ ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി ഹോങ്കോന്‍ ഉടന്‍ പുറത്തിറങ്ങുകയായിരുന്നു. 20 മിനിറ്റോളമെടുത്തു തീ അണക്കാന്‍. അപ്പോഴേക്കും ബംപറിന്റെ ചെറിയ ഭാഗമൊഴിച്ച് ബാക്കിയെല്ലാം കത്തി നശിച്ചിരുന്നു.
തീപിടിക്കുന്നതിന് മുമ്പ് വാഹനം ഒരിടത്തും ഇടിച്ചിട്ടില്ലെന്ന് ഹോങ്കോന്‍ പറയുന്നു. തീപിടിത്തത്തിന് കാരണം എന്താണെന്ന് കണ്ടുപിടിക്കാനായിട്ടില്ല. മെട്രോപൊളിറ്റന്‍ പൊലീസ് സംഭവത്തില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോയും ഉള്‍പ്പടെ ഹോങ്കോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
社長がフェラーリ買ったらしいから乗せてもらった1時間後に燃えた pic.twitter.com/kZq4QYgwkZ
— ポケカメン@ちょこらび (@GC5R5OGIKgV0yvz) April 16, 2025
ഒരു ഫെരാരി സ്വന്തമാക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്ന് ഹോങ്കോന്‍ പറയുന്നു. 'സ്വപ്നം സഫലമായി മിനിറ്റുകള്‍ക്കുള്ളില്‍ ഇതൊരു ദുഃസ്വപ്‌നമായി മാറി. കയ്യില്‍ കിട്ടി ഒരു മണിക്കൂറിനുള്ളില്‍ എന്റെ ഫെരാരി കത്തിച്ചാമ്പലായി മാറി. ജപ്പാനില്‍ ഇങ്ങനൊരു അനുഭവം വേറൊരാള്‍ക്കുണ്ടായിട്ടുണ്ടാകില്ലെന്ന് എനിക്കുറപ്പുണ്ട്', ഹോങ്കോന്‍ കുറിച്ചു.
Content Highlights: Japanese Man Bought Ferrari After 10 Years Of Savings, Burns Down An Hour After Delivery