വീണ്ടും വിശക്കുന്നവരെ വേട്ടയാടി ഇസ്രയേൽ; ജീവനുകൾക്ക് വിലയില്ലേ

24 മണിക്കൂറിനുള്ളിൽ ഗാസയിൽ നടന്ന വെടിവെപ്പിൽ 119 ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

dot image

ഗാസയിലെ മനുഷ്യരോട് ഇസ്രയേൽ കാണിക്കുന്ന ക്രൂരത ഇനിയും അവസാനിക്കാതെ തുടരുകയാണ്. ഇത്രയധികം ആളുകൾ കൊല്ലപ്പെട്ടിട്ടും, ബാക്കി മനുഷ്യർ നരകയാതനകൾ അനുഭവിച്ചിട്ടും തീരാത്ത പകയാണ് ഇസ്രയേലിന്റേത്. ഭക്ഷണത്തിനായി കാത്തുനിന്ന 27 പേരെയടക്കം 55 പലസ്തീനികളെ ഇസ്രയേൽ സേന വെടിവെച്ച് കൊലപ്പെടുത്തിയ വാർത്തയാണ് ഏറ്റവുമൊടുവിൽ പുറത്ത് വരുന്നത്. മാർച്ച് 27 മുതൽ സഹായം കാത്ത് നിന്ന 1,400 പേരെ ഇസ്രയേൽ കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന കണക്കുകൾ. ഒരു തെറ്റും ചെയ്യാത്ത ഒരു കൂട്ടം മനുഷ്യർ ലോകത്തിന്റെ ഒരു കോണിൽ ഓരോ നിമിഷവും മരണത്തെ ഭയന്ന് ജീവിക്കുമ്പോൾ, വീണ്ടും വീണ്ടും അവരുടെ മുറിവിൽ ഉപ്പൊഴിച്ച് രസിക്കുകയാണ് ഇസ്രയേൽ.

ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ഭക്ഷ്യവിതരണ കേന്ദ്രത്തിൽ നിന്ന് ഭക്ഷണം വാങ്ങാൻ കാത്തുനിന്നവർക്കെതിരെയായിരുന്നു ഇസ്രയേൽ സൈന്യം നിറയൊഴിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭക്ഷണത്തിനായി കാത്ത് നിന്ന കുഞ്ഞുങ്ങൾക്കും വൃദ്ധർക്കുമെതിരെ പോലും വെടിയുതിർക്കാൻ ഇസ്രയേൽ സൈന്യം തയ്യാറായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഭക്ഷണത്തിന് വേണ്ടി കാത്ത് നിൽക്കുമ്പോൾ കൊല്ലപ്പെട്ട 27 പേർക്ക് പുറമേ, ആറ് പേർ പട്ടിണിയും പോഷകക്കുറവും മൂലവും മരണപ്പെട്ടിട്ടുണ്ട്.

വിശക്കുന്നവരെ ലക്ഷ്യം വച്ചുകൊണ്ട് ഇസ്രയേൽ നടത്തുന്ന ആദ്യത്തെ ക്രൂരതയല്ല കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്ന നിസഹായതയ്‌ക്കൊപ്പം, ഭക്ഷണം കാത്ത് നിൽക്കുമ്പോൾ കൊല്ലപ്പെടുമോ എന്ന ഭയം കൂടി നേരിടേണ്ട സാഹചര്യമാണ് ഗാസയിലെ ആളുകൾക്ക്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ വിശന്ന് വലഞ്ഞ് തളർന്നിരിക്കുന്ന ആളുകൾക്കിടയിലേക്കാണ് തികയാത്ത ഭക്ഷണവുമായി ട്രക്കുകൾ എത്തുന്നത്. അത്രയും ദിവസം ഭക്ഷണം കിട്ടാതെ കാത്തിരിക്കുന്ന ആ ജനങ്ങൾക്ക് ഭക്ഷണമാണ് വികാരം. എന്നാൽ ആളുകളുടെ തിക്കും തിരക്കും കുറയ്ക്കാൻ അവർക്കെതിരെ പെപ്പർ സ്പ്രേ പ്രയോഗിക്കുകയും, മുന്നറിയിപ്പ് നൽകാൻ മുകളിലേക്ക് വെടിയുതിർക്കുകയോ ചെയ്യാറുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നടന്ന വെടിവെപ്പിൽ 119 ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പട്ടിണിയും, പോഷകക്കുറവും മൂല ആളുകൾ മരണപ്പെടുകയും, സഹായമായി ലഭിക്കുന്ന ഭക്ഷണം തികയാതെ വരികയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ഗാസയിൽ പട്ടിണിയില്ല എന്ന അവകാശവാദവുമായി ഇസ്രയേൽ രംഗത്തെത്തുന്നത്. ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേൽ നടത്തിയിരുന്നെങ്കിലും, സഹായങ്ങളുടെ വരവിൽ ഇപ്പോഴും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.

2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് ശേഷം ഇസ്രായേൽ സൈന്യം ​ഗാസയിൽ നടത്തിയ ആക്രമണങ്ങളിലും, ഇസ്രയേലിന്റെ ക്രൂരതയിലും 60,839 പേർക്ക് ജീവൻ നഷ്ടമായതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ​

പലസ്തീനികൾക്കെതിരായ ഇസ്രയേലിന്റെ നടപടികളിൽ കടുത്ത് അതൃപ്തി അറിയിച്ചുകൊണ്ട് നിരവധി പ്രകടനങ്ങളാണ് ലോകത്താകെ നടക്കുന്നത്. ഈ പ്രതിഷേധങ്ങളുടെ ഭാ​ഗമായി ഞായറാഴ്ച വെസ്റ്റ് ബാങ്കിലും പ്രകടനങ്ങൾ നടന്നിരുന്നു. ഇസ്രയേൽ കൊലപ്പെടുത്തിയവരുടെയും തടവിലാക്കിയവരുടെയും ചിത്രങ്ങളുമായാണ് പ്രതിഷേധക്കാർ പങ്കെടുത്തത്. നിലവിൽ 10,800-ൽ അധികം പലസ്തീനികൾ ഇസ്രായേൽ തടവിലാണുള്ളത്. ലൈംഗിക പീഡനം, ഭക്ഷണക്കുറവ്, ശാരീരിക പീഡനം എന്നിവയുൾപ്പെടെ പലസ്തീനികൾക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ച് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

​ഗാസ‌യിൽ ഇത്രയും വലിയ പ്രശ്നങ്ങൾ നടക്കുകയും, പലസ്തീനികളെ ഇസ്രയേൽ തടവിൽ വയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ ജറുസലേമിലെ അൽ-അഖ്‌സ പള്ളിയിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇസ്രായേൽ സൈന്യത്തിന്റെ സംരക്ഷണയിലാണ് ഏകദേശം 1,250 പേർ അടങ്ങുന്ന സംഘം ഞായറാഴ്ച പ്രാർത്ഥന നടത്തിയത്. ഈ സംഘത്തിൽ ബെൻ-ഗ്വിറും ഉണ്ടായിരുന്നു.

ജൂതമതക്കാർ ടെമ്പിൾ മൗണ്ട് എന്ന് വിളിക്കുന്ന അൽ-അഖ്‌സ പള്ളി വളരെ പ്രാധാന്യമുള്ളതാണ്. ജൂതമതത്തിലെ ഏറ്റവും പവിത്രമായ സ്ഥലമാണിത്. അതേസമയം, ഇസ്ലാമിലെ മൂന്നാമത്തെ ഏറ്റവും പവിത്രമായ സ്ഥലം എന്ന പ്രത്യേകയും അൽ-അഖ്‌സ പള്ളിക്കുണ്ട്. ജോർദാന്റെ സംരക്ഷണയിലാണ് ഈ സ്ഥലം. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഉടമ്പടി അനുസരിച്ച്, ജൂതന്മാർക്ക് ഇവിടെ സന്ദർശിക്കാൻ അനുവാദമുണ്ടെങ്കിലും പ്രാർത്ഥിക്കാൻ പാടില്ല.

ജറുസലേമിലെ അൽ-അഖ്‌സ പള്ളിയിൽ ഇസ്രായേൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ നടത്തിയ സന്ദർശനത്തെ ജോർദാൻ അപലപിച്ചു. ഇത് “സ്വീകാര്യമല്ലാത്ത പ്രകോപനം” ആണെന്നും, മന്ത്രിയുടെ തുടർച്ചയായുള്ള കടന്നുകയറ്റങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ജൂതമതത്തിൽ ദുഃഖാചരണ ദിവസമായ ‘ടിഷ ബാവി’ന്റെ ഭാഗമായിരുന്നു ബെൻ-ഗ്വിറിന്റെ സന്ദർശനം. ഒരു ഇസ്രായേൽ മന്ത്രി ഇതാദ്യമായാണ് ഈ സ്ഥലത്ത് പരസ്യമായി പ്രാർത്ഥിക്കുന്നത്.

Content Highlight; 27 Killed by Israeli Forces at Food Site Amid al-Aqsa Visit Outrage

dot image
To advertise here,contact us
dot image