
സൗദിയിൽ വാഹനമോടിക്കുന്നവർ അനാവശ്യമായി ഹോൺ മുഴക്കിയാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി സൗദി ജനറൽ ട്രാഫിക് വകുപ്പ്. ആവശ്യമില്ലാതെ ഹോൺ മുഴക്കുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാക്കും. ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്ക് 150 റിയാൽ മുതൽ 300 റിയാൽ വരെയാണ് പിഴ ചുമത്തുക.
നിയമലംഘനങ്ങൾ ട്രാഫിക് കോടതിയിലെത്തിയാൽ, പിഴ അടയ്ക്കുന്നതിന് പുറമെ ഡ്രൈവർമാർക്ക് തടവ് ശിക്ഷ വരെ ലഭിച്ചേക്കാം. ട്രാഫിക് നിയമലംഘനങ്ങളുടെ ഗൗരവം അനുസരിച്ചാണ് കോടതി ഇത് തീരുമാനിക്കുന്നത്.
നഗരങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും ശബ്ദമലിനീകരണം കുറയ്ക്കാനും വേണ്ടിയാണ് ഈ നടപടിയെന്നും ട്രാഫിക് വകുപ്പ് വിശദീകരിക്കുന്നു. അപകടസൂചന നൽകാൻ മാത്രമാണ് ഹോണുകൾ ഉപയോഗിക്കേണ്ടതെന്നാണ് ട്രാഫിക് വകുപ്പ് നൽകുന്ന നിർദ്ദേശം.
അമിതമായി ഹോൺ ഉപയോഗിച്ച് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നത് ഒഴിവാക്കണം. വ്യക്തികളെ വിളിക്കുക, മറ്റുള്ളവരെ അഭിവാദ്യം ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കായി ആളുകൾ വാഹനത്തിന്റെ ഹോൺ മുഴക്കാറുണ്ടെന്ന് ട്രാഫിക് വകുപ്പ് കണ്ടെത്തി. ഇത്, ജനവാസ കേന്ദ്രങ്ങളിൽ താമസിക്കുന്ന പ്രായമായവർക്കും രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നിയമങ്ങൾ പാലിച്ച്, കൂടുതൽ അച്ചടക്കത്തോടെയും ശ്രദ്ധയോടെയും വാഹനം ഓടിക്കുകയും വേണം. മികച്ചൊരു ഡ്രൈവിങ് അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ട്രാഫിക് വകുപ്പ് അഭ്യർത്ഥിച്ചു.
Content Highlights: Saudi Traffic warns excessive honk is the violation of rules