
മുന്നറിയിപ്പൊന്നുമില്ലാതെ ഹൈവേകളുടെ നടുവില്‍ സഡന്‍ ബ്രേക്ക് ഇടുന്നത് കുറ്റകരമായ അശ്രദ്ധയാണെന്ന് സുപ്രീം കോടതി. സഡന്‍ ബ്രേക്കിടുന്നത് പെട്ടെന്ന് സംഭവിക്കുന്ന് വ്യക്തിപരമായ എന്തെങ്കിലും അത്യാഹിതത്തിന്റെ പേരിലാണെങ്കില്‍ പോലും അത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ജസ്റ്റിസ് സുധാന്‍ശു ധൂലിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഒരു കേസ് പരിഗണിക്കവേ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഹൈവേകളില്‍ വേഗതയേറിയ വാഹനങ്ങളെയാകും മറ്റ് യാത്രികര്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഒരു ഡ്രൈവര്‍ തന്റെ വാഹനം നിര്‍ത്താന്‍ ഒരുങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കുക എന്നത് ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നാണ് ജസ്റ്റിസ് ധൂലിയ വിധിയില്‍ വ്യക്തമാക്കി.
2017 ജനുവരി ഏഴിന് നടന്ന ഒരു അപകടത്തില്‍ കാല്‍ മുറിച്ച് മാറ്റേണ്ടി വന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മുഹമ്മദ് ഹക്കീം നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഒരു കാറിന്റെ പിന്നില്‍ ഹക്കീം സഞ്ചരിച്ച ബൈക്കിടിച്ചാണ് അപകടമുണ്ടായത്. സഡന്‍ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായത്. ഗര്‍ഭിണിയായ തന്റെ ഭാര്യയ്ക്ക് പെട്ടെന്ന് ഛര്‍ദ്ദിക്കാന്‍ വന്നതുകൊണ്ടാണ് സഡന്‍ ബ്രേക്ക് ഇടേണ്ടി വന്നതെന്നായിരുന്നു കാര്‍ ഡ്രൈവര്‍ വാദിച്ചത്. എങ്ങനെ നോക്കിയാലും കാര്‍ ഡ്രൈവറിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
ഡ്രൈവിംഗ് ലൈസന്‍സില്ലാതെ, മതിയായ ദൂരം നിലനിര്‍ത്താതെ വണ്ടി ഓടിക്കുകയാണ് ഹര്‍ജിക്കാരന്‍ ചെയ്തതെന്നത് ചൂണ്ടിക്കാണിച്ച കോടതി, പക്ഷേ അപകടമുണ്ടാകാന്‍ കാരണം കാര്‍ ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടമുണ്ടാവാന്‍ കാരണമെന്ന് കോടതി വ്യക്തമാക്കി. 1.14 കോടി നഷ്ടപരിഹാര തുക കണക്കാക്കിയ കോടതി, പരാതിക്കാരന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കണക്കിലെടുത്ത് ഇരുപത് ശതമാനം, തുകയില്‍ ഇരുപത് ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. നാലാഴ്ചയ്ക്കുള്ളില്‍ തുക കൈമാറണമെന്ന് രണ്ട് വാഹനങ്ങളുടെയും ഇന്‍ഷുറന്‍സ് കമ്പനിയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Sudden Braking on Road is negligence