
തമിഴ് സിനിമാലോകം ഇപ്പോൾ ഒരൊറ്റ ചോദ്യത്തിലാണ്, ലോകേഷ് കൂലിയ്ക്ക് വേണ്ടി നഷ്ടപ്പെടുത്തിയ ആ വലിയ അവസരം എന്തായിരുന്നു എന്നതാണ് ആ ചോദ്യം. സംവിധായകൻ ലോകേഷ് കനകരാജ് തന്റെ സ്വപ്നചിത്രമായ കൂലി പൂർത്തിയാക്കാൻ വേണ്ടി വലിയ വിലയാണ് നൽകിയത്. ഒരു അഭിമുഖത്തിൽ ലോകേഷ് നടത്തിയ വെളിപ്പെടുത്തലുകൾ ആരാധകരെയും സിനിമാപ്രേമികളെയും ഒരേപോലെ ആകാംക്ഷയിലാക്കിയിരിക്കുകയാണ്. രജനികാന്തിന്റെ 'കൂലി'ക്കുവേണ്ടി താൻ ഒരു മികച്ച വില്ലൻ കഥാപാത്രം ഉപേക്ഷിച്ചുവെന്നാണ് ലോകേഷ് വെളിപ്പെടുത്തിയത്.
ശിവകാർത്തികേയനെ നായകനാകുന്ന സുധ കൊങ്കാരയുടെ ചിത്രമായ 'പരാശക്തി'യിലേക്ക് അപ്രതീക്ഷിതമായി ലോകേഷിനെ തേടിയെത്തിയത് ഒരു വില്ലൻ കഥാപാത്രമായിരുന്നു. "ആ കഥാപാത്രം എനിക്ക് വളരെ ഇഷ്ടമായി. അത് ചെയ്യണോ വേണ്ടയോ എന്ന് ഞാൻ ഒരുപാട് ആലോചിച്ചു. എന്റെ സുഹൃത്ത് ശിവകാർത്തികേയനും എന്നെ പ്രോത്സാഹിപ്പിച്ചു. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇത് നന്നായിരിക്കും എന്നൊക്കെ പറഞ്ഞു,' - ലോകേഷ് പറയുന്നു.
കൂലിയുടെ ഷൂട്ടിംഗ് തിരക്കുകൾ കാരണം മറ്റു സിനിമകൾക്ക് ഡേറ്റ് നൽകാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആ ഓഫർ ഉപേക്ഷിച്ചതെന്ന് ലോകേഷ് പറയുന്നു. ലോകേഷ് തന്റെ കരിയറിൽ എടുക്കേണ്ടി വന്ന ഏറ്റവും നിർണായകമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. രജനികാന്തിന്റെ കൂലി എന്ന ചിത്രം സംവിധാനം ചെയ്യുക എന്ന തന്റെ വലിയ സ്വപ്നം മുന്നിലുള്ളപ്പോൾ, ഈ വില്ലൻ വേഷം വേണ്ടെന്ന് വെക്കാൻ അദ്ദേഹം നിർബന്ധിതനായി.
ഒരു സംവിധായകനെന്ന നിലയിൽ തന്റെ മുഴുവൻ ശ്രദ്ധയും 'കൂലി'യിൽ കേന്ദ്രീകരിക്കാൻ ലോകേഷ് എടുത്ത ഈ തീരുമാനം, അദ്ദേഹത്തിന്റെ പ്രൊഫഷണലിസത്തെയും ഈ സിനിമയോടുള്ള സമർപ്പണത്തെയും സൂചിപ്പിക്കുന്നുവെന്നാണ് ആരാധകരുടെ വാക്കുകള്‍. ഈ വെളിപ്പെടുത്തൽ കൂലി എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിരിക്കുകയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, 'കൂലി' എന്ന ചിത്രം ലോകേഷ് കനകരാജിന്റെ സംവിധാന ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. രജനികാന്ത്, നാഗാർജുന അക്കിനേനി, ആമിർ ഖാൻ, സത്യരാജ്, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ തുടങ്ങിയ വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
വലിയ ഹെെപ്പിൽ വരുന്ന 'പരാശക്തി'യിലെ വില്ലൻ വേഷം ആര് ചെയ്യുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ. ജയം രവി അവതരിപ്പിക്കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തിലെത്തുന്നതാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ലോകേഷിനെ ഈ റോളിലേക്കാണോ അതോ മറ്റേതെങ്കിലും വേഷത്തിലേക്കാണോ വിളിച്ചതെന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകര്‍. ലോകേഷ്-സുധ കൊങ്കര കോമ്പിനേഷനെക്കുറിച്ചുള്ള പ്രതീക്ഷകളും ഈ വെളിപ്പെടുത്തലുകളോടെ വർദ്ധിച്ചിരിക്കുകയാണ്. ഇനി മറ്റേതെങ്കിലും ചിത്രത്തില്‍ ഇവര്‍ ഒന്നിക്കുമോ എന്നറിയാനും പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ട്.
content highlights: Lokesh Kanakaraj left a major negative role due to Rajinikanth's Coolie