
ബിജെപിയിൽ നിന്ന് തന്നെയുള്ള നേതാവായിട്ടും പാർട്ടിയെയും പ്രധാനമന്ത്രിയെയും നേരിട്ട് വിമർശിക്കാൻ ധൈര്യം കാണിച്ച നേതാവായിരുന്നു അൽപസമയം മുൻപ് അന്തരിച്ച സത്യപാൽ മാലിക്. 40 സൈനികർ വീരമൃത്യു വരിച്ച പുൽവാമ ആക്രമണത്തെ കുറിച്ചുള്ള സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. രാജ്യത്തെ സൈനികർക്ക് ഭരണകൂടം നൽകുന്ന സുരക്ഷ സംബന്ധിച്ച് സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കുമാണ് വഴിവെച്ചത്. കർഷകസമരത്തിനിടെ സത്യപാൽ മാലിക് നടത്തിയ പ്രസ്താവനകളും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരായിരുന്നു.
2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ കശ്‌മീർ ഗവർണറായിരുന്നു സത്യപാൽ മാലിക്.
2019 ഫെബ്രുവരി 14നാണ് പുൽവാമയിലെ സൈനികർക്ക് നേരെ ഭീകരാക്രമണം നടന്നത്. 40 സൈനികരാണ് വീരമൃത്യു വരിച്ചത്. നാല് വർഷത്തിനിപ്പുറം മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തി. പുൽവാമയിൽ സുരക്ഷാവീഴ്ചയുണ്ടായി എന്ന് താൻ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിച്ചതും തുടർന്നുണ്ടായ പ്രതികരണവുമായിരുന്നു ആ വെളിപ്പെടുത്തൽ.
'ഈ ഭീകരാക്രമണം ഉണ്ടായത് നമ്മുടെ പിഴവ് മൂലമാണെന്ന് ഞാൻ പ്രധാനമന്ത്രിയോട് പറഞ്ഞു. സൈനികർക്ക് വിമാനം നൽകിയിരുന്നെങ്കിൽ ഇത്തരത്തിലൊരു ഭീകരാക്രമണം ഉണ്ടാകില്ലായിരുന്നു. എന്നാൽ പ്രധാനമന്ത്രി എന്നോട് നിശബ്ദനായി ഇരിക്കാനാണ് പറഞ്ഞത്'; എന്നായിരുന്നു സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലും തന്നോട് മിണ്ടാതെയിരിക്കാന്‍ പറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സുരക്ഷാ ഏജൻസികൾക്ക് ഭീകരരുടെ നീക്കം സംബന്ധിച്ച് കൃത്യമായി വിവരങ്ങൾ ഉണ്ടായിരുന്നുവെന്നുമുള്ള ഒരു ആരോപണവും പുൽവാമ ആക്രമണത്തിന് പിന്നാലെ ഉയർന്നുവന്നിരുന്നു.
പുൽവാമ ഭീകരാക്രമണത്തെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബിജെപി രാഷ്ട്രീയവത്കരിച്ചുവെന്ന ആരോപണം ഇപ്പോഴും ശക്തമാണ്. ഇതിനിടെ 2023ൽ, ഇത് സംബന്ധിച്ച് സത്യപാൽ മാലിക് ഒരു പ്രതികരണം നടത്തിയിരുന്നു. വീരമൃത്യു വരിച്ച സൈനികരുടെ പേരിലാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത് എന്നും സത്യപാൽ മാലിക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 2024ലെ തിരഞ്ഞെടുപ്പിനൊരുങ്ങുകയായിരുന്ന ബിജെപിയെ ഈ പ്രസ്താവന ബാധിച്ചിരുന്നു.
വിവാദ കർഷക നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ രാപ്പകലില്ലാതെ സമരം ചെയ്തിരുന്ന സമയത്തും സത്യപാൽ മാലിക് ബിജെപിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്‌താവനയുമായി രംഗത്തുവന്നിരുന്നു. 'ഒരു പട്ടി മരിച്ചാൽ പോലും നമ്മൾ അനുശോചിക്കും, എന്നാൽ 250 കർഷകർ മരിച്ചുവീണിട്ടും ഒരു അനുശോചനവുമില്ല. കർഷക സമരം ഈ രീതിയിൽ നീണ്ടുപോയാൽ പടിഞ്ഞാറൻ യുപിയിലും, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലും ബിജെപി തോൽക്കും' എന്നായിരുന്നു സത്യപാൽ മാലിക് പറഞ്ഞത്. കർഷകരെ വെറുംകൈയിൽ മടക്കി അയക്കരുതെന്നും ചർച്ചകൾ നടത്തണമെന്നും സത്യപാൽ മാലിക് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിനെ താന്‍ പ്രതിസന്ധിയിലാക്കുകയാണ് ചെയ്യുന്നതെങ്കിൽ ഗവർണർ സ്ഥാനത്തുനിന്ന് രാജിവെച്ചേക്കാമെന്നും സത്യപാൽ മാലിക് പറഞ്ഞിരുന്നു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കുമ്പോൾ സത്യപാൽ മാലിക് ആയിരുന്നു ഗവർണർ. കശ്മീരിന് പുറമെ മേഘാലയ, ബിഹാർ, ഒഡിഷ, ഗോവ എന്നിവിടങ്ങളിലും ഗവർണറായിരുന്നു. പല രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിച്ച ശേഷമാണ് ഒടുവിൽ ബിജെപിയിലേക്കെത്തിയത്. റാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി 1960കളുടെ മധ്യത്തിലാണ് സത്യപാൽ മാലിക് രാഷ്ട്രീയത്തിലെത്തുന്നത്. ഉത്തർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. ബൊഫോഴ്‌സ് അഴിമതി ഉയർന്നുവന്നതിന് പിന്നാലെ കോൺഗ്രസ് വിട്ടു. ശേഷം ജനത ദളിലേക്കും 2004ൽ ബിജെപിയിലേക്കും ചേക്കേറി.
Content Highlights: Satyapal Malik and controversies