
സാഫ്ബോയ് ആദ്യമായി നായകനായി എത്തിയ മ്യൂസിക് വീഡിയോ 'ജീവിതം ഒരു പൊളി' യൂട്യൂബിൽ ശ്രദ്ധ നേടുന്നു. ദ ക്യു എന്ന സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകനായ അഖിൽ ദേവനും സിനിമ സഹ സംവിധായകനായ സുബിൻ സുരേഷുമാണ് മ്യുസിക്ക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ബേസിൽ ജോസഫ്, തരുൺ മൂർത്തി, ഗിരീഷ് എ ഡി, അഹമ്മദ് കബീർ തുടങ്ങിയവർ മ്യൂസിക്ക് വീഡിയോയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ഒരു ഡെലിവറി ബോയ്‌യുടെ യാത്രയും അവൻ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് മ്യൂസിക് വീഡിയോയുടെ ഇതിവൃത്തം. 6.8 മില്യൺ വ്യൂസ് നേടി ട്രെൻഡിങ്ങായ 'വണ്ടിനെ തേടും' എന്ന ഗാനം ആലപിച്ച അഖിലേഷ് രാമചന്ദ്രൻ ആണ് ഈ ഗാനത്തിന്റെ സൃഷ്ടാവ്. അർജുൻ പ്രേമ സുരേന്ദ്രൻ ആണ് മ്യൂസിക് വീഡിയോ നിർമിച്ചിരിക്കുന്നത്. ഗൗതം ബാബു ഛായാഗ്രഹണം നിർവഹിച്ച വീഡിയോയുടെ എഡിറ്റിംഗ് ഇജാസ് നൗഷാദ് ആണ് നിർവഹിച്ചിരിക്കുന്നത്.
പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് മ്യൂസിക് വീഡിയോയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സാഫ്ബോയ്‌ക്കൊപ്പം അഖിലേഷ് രാമചന്ദ്രൻ, ജാൻവി എസ് ബൈജു, കെ ആർ സുനിൽ മേലേപ്പുറം, അമൃത വിജയ്, ഫ്രാൻസിസ് ജോസഫ് എന്നിവരും ഈ മ്യൂസിക് വീഡിയോയുടെ ഭാഗമാകുന്നുണ്ട്.
Content Hightights: Saafboi new music video goes viral