

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സ്പെഷ്യല്‍ സമ്മറി റിവിഷന്‍ (എസ്എസ്ആര്‍) വേളയില്‍, വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിനുള്ള 'ഫോം 7' (Form 7) ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനവുമായി ബിജെപി. എസ്ഐആറില്‍ ചില മണ്ഡലങ്ങളില്‍ വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ വെട്ടിച്ചുരുക്കാന്‍ ഫോം 7 വ്യാപകമായി സമര്‍പ്പിച്ചു എന്ന പരാതികളും തുടര്‍ന്ന് ചിലയിടങ്ങളില്‍ കേസും രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് പാര്‍ട്ടി ഈ തീരുമാനമെടുത്തത്.

ഇതിനുപകരം, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള 'ഫോം 6', വിലാസം മാറ്റുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള 'ഫോം 8' എന്നിവ മാത്രമാണ് ബിജെപി തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.
എസ്ഐആര്‍ പ്രക്രിയയില്‍ ഒഴിവാക്കപ്പെട്ട യോഗ്യരായ വ്യക്തികളെ കണ്ടെത്താനും പട്ടികയില്‍ ഉള്‍പ്പെടുത്താനുമാണ് ബിജെപി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി എസ്ഐആര്‍ സമയത്ത് 'സ്ഥലത്ത് ഇല്ലാതിരുന്നവര്‍ (Absent), താമസം മാറിയവര്‍ (Shifted), മരണപ്പെട്ടവര്‍ (Dead), ഇരട്ടിപ്പ് ഉള്ളവര്‍ (Duplicate)' എന്ന കാരണത്താല്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ബിജെപി തങ്ങളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് കൈമാറിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി ഈ വിവരങ്ങള്‍ പുനഃപരിശോധിച്ചു വരികയാണ്.
പാര്‍ട്ടി ആരംഭിച്ച ഒരു മാസം നീളുന്ന 'മത്ദാതാ ജോഡോ അഭിയാന്' (Matdata Jodo Abhiyan) പ്രചാരണത്തിന്റെ ഭാഗമായി, ഓരോ നിയമസഭാ മണ്ഡലത്തിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് 5,000 ഫോം 6 കോപ്പികളും 1,000 ഫോം 8 കോപ്പികളും വോട്ടര്‍പട്ടികയുടെയും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയുടെയും പകര്‍പ്പുകളും നല്‍കിയിട്ടുണ്ട്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും വിട്ടുപോയവരെ ഉള്‍പ്പെടുത്തുന്നതിനുമാണ് തങ്ങളുടെ ഊര്‍ജവും മനുഷ്യവിഭവശേഷിയും ഉപയോഗിക്കേണ്ടതെന്നും ഇക്കാരണത്താലാണ് ഫോം 7 നല്‍കാത്തതെന്നും മുതിര്‍ന്ന ബിജെപി നേതാവ് വീശദീകരിച്ചു.

നവംബര്‍ 17 വരെ പ്രസിദ്ധീകരിച്ച എസ്എസ്ആര്‍ കരട് വോട്ടര്‍പട്ടിക പ്രകാരം ഉത്തര്‍പ്രദേശിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 13.58 കോടിയാണ്. ഇത് ഏപ്രില്‍ പത്തിലെ എസ്ഐആറിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയേക്കാള്‍ 18.84 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
എസ്ഐആര്‍ പ്രക്രിയയില്‍ 1.27 കോടി ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടെന്നും അതേസമയം മുസ്ലിം വോട്ടര്‍മാരുടെ എണ്ണത്തില്‍ 1.65% വര്‍ധനവുണ്ടായെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, അതിനുശേഷം വന്ന എസ്എസ്ആര്‍ കരട് പട്ടികയില്‍ 18.84 ലക്ഷത്തോളം പുതിയ പേരുകള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. അതേസമയം, ബിജെപിയെ സഹായിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വന്‍തോതില്‍ വോട്ടര്‍മാരെ ഒഴിവാക്കുന്നുവെന്ന സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിക്കളഞ്ഞിരുന്നു. തങ്ങളുടെ ബിഎല്‍എമാര്‍ സമര്‍പ്പിച്ച ഫോം 7 ഭൂരിഭാഗവും പ്രോസസ്സ് ചെയ്തിട്ടില്ലെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു.
എസ്ഐആര്‍ വേളയില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് വിട്ടുപോയ യോഗ്യരായ വോട്ടര്‍മാര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബര്‍ 22, 23, 24 തീയതികളില്‍ സംസ്ഥാനത്ത് പ്രത്യേക വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പാര്‍ട്ടി ഭാരവാഹികള്‍ എന്നിവര്‍ തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പോളിങ്് ബൂത്തുകളില്‍ നേരിട്ടെത്തി വീടുകള്‍ സന്ദര്‍ശിക്കും. ഫോം 6, ഫോം 8 എന്നിവ ഓണ്‍ലൈനായും ഓഫ്ലൈനായും കൃത്യമായി പൂരിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്കും ബിഎല്‍എമാര്‍ക്കും പാര്‍ട്ടി പരിശീലനവും നല്‍കിയിട്ടുണ്ട്.
2027 ജനുവരി ഒന്നോടെ 18 വയസ്സ് തികയുന്നവര്‍, വിവാഹശേഷം ഭര്‍തൃഗൃഹങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍, പഞ്ചായത്ത് വോട്ടര്പട്ടികയിലുണ്ടായിട്ടും നിയമസഭാ വോട്ടര്‍പട്ടികയില്‍ ഇടംപിടിക്കാത്തവര്‍, സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍, റേഷന്‍ കാര്‍ഡ് ഉടമകള്‍, കുടിയേറ്റക്കാര്‍ എന്നിവരെ കണ്ടെത്തി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.
Content Highlight: The BJP has decided not to distribute Form 7, used for deleting names from electoral rolls, to its booth-level agents during the ongoing voter list revision in Uttar Pradesh. The move comes amid complaints of large-scale submissions of Form 7 to remove voters' names. Instead, the party is focusing on adding new and omitted voters through Forms 6 and 8 under its month-long 'Matdata Jodo Abhiyan'. The BJP has also instructed its workers to verify the details of voters excluded from the draft electoral roll and help eligible individuals get their names reinstated.