അസം ഖാന്റെ ബിരിയാണി പരാമർശം; 'ചർച്ച ഭക്ഷണത്തെക്കുറിച്ചല്ല, നീതി ഉറപ്പാക്കലും ജീവൻ രക്ഷിക്കലും'; ഒവൈസി

ഹൈദരാബാദ് സ്വദേശിയായ ഒവൈസിയുടെ യുപിയിലെ രാഷ്ട്രീയ സാന്നിധ്യത്തെ പരിഹസിച്ചായിരുന്നു അസം ഖാന്റെ പരാമര്‍ശം

അസം ഖാന്റെ ബിരിയാണി പരാമർശം; 'ചർച്ച ഭക്ഷണത്തെക്കുറിച്ചല്ല, നീതി ഉറപ്പാക്കലും ജീവൻ രക്ഷിക്കലും';  ഒവൈസി
dot image

ലഖ്‌നൗ: ഹൈദരാബാദി ബിരിയാണി ഉത്തര്‍പ്രദേശില്‍ ആർക്കും ഇഷ്ടമല്ലെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ പരിഹാസത്തിന് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഈ ചര്‍ച്ച ഭക്ഷണത്തെക്കുറിച്ചല്ലെന്നും ജീവന്‍ രക്ഷിക്കുന്നതിനെയും നീതി ഉറപ്പാക്കുന്നതിനെയും കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് സ്വദേശിയായ ഒവൈസിയുടെ യുപിയിലെ രാഷ്ട്രീയ സാന്നിധ്യത്തെ പരിഹസിച്ചായിരുന്നു അസം ഖാന്റെ പരാമര്‍ശം.

സഹാരന്‍പൂരിലെ സന്ദര്‍ശനത്തിനിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. ചിലര്‍ ഭക്ഷണം കഴിക്കുന്നത് ജീവിക്കാനാണെങ്കില്‍, മറ്റുചിലര്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഭക്ഷണത്തിന്റെ മാത്രം വിഷയമല്ലെന്നും മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. 2013ലെ മുസാഫര്‍നഗര്‍ കലാപം ഓര്‍മിപ്പിച്ച അദ്ദേഹം, അന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ഇരകളുടെ കുടുംബങ്ങളെ നേരില്‍ കാണുകയും ചെയ്തിരുന്നുവെന്ന് പറഞ്ഞു. 2015ല്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലക്കുമായി ബന്ധപ്പെട്ട സംഭവവും പരാമര്‍ശിച്ച ഹൈദരാബാദ് എം.പി, അഖ്‌ലക്കിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ പ്രായമായ മാതാവിനെയും മകനെയും കണ്ടിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Asaduddin Owaisi
അസദുദ്ദീന്‍ ഒവൈസി

ഉത്തര്‍പ്രദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെയും നിയമവാഴ്ചയെയും ഒവൈസി വിമര്‍ശിച്ചു. സംസ്ഥാനത്ത് ചൂഷണവും ഭയവും നിയമവാഴ്ചയുടെ തകര്‍ച്ചയും നിലനില്‍ക്കുകയാണ്. പൊലീസിന്റെ എന്‍കൗണ്ടര്‍ കൊലകള്‍, അതിന് സമാനമായ സംഭവങ്ങള്‍, പള്ളികള്‍ക്കും മദ്രസകള്‍ക്കുമെതിരായ ബുള്‍ഡോസര്‍ നടപടികള്‍ എന്നിവ ചൂണ്ടിക്കാട്ടി തോക്കിന്റെ ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിലക്കയറ്റം, കര്‍ഷകരുടെ ദുരിതം, യുവാക്കളുടെ തൊഴിലില്ലായ്മ എന്നീ വിഷയങ്ങളും അദ്ദേഹം ഉയർത്തിക്കാട്ടി.

ബിജെപിക്ക് പകരം ശക്തമായ രാഷ്ട്രീയ മുന്നണി ആവശ്യമാണെന്ന് പറഞ്ഞ ഒവൈസി, ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷിറാം)യുമായുള്ള സഖ്യം വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച (എസ്പിഎം) എന്ന സഖ്യത്തിന് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

During the announcement by the Samajik Parivartan Morcha
സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ചയുടെ പ്രഖ്യാപനത്തിനിടെ

ബിജെപിയുടെ തുടര്‍ഭരണത്തെ എതിര്‍ക്കുന്ന വോട്ടര്‍മാര്‍ സഖ്യത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തന്റെ രാഷ്ട്രീയ യോഗ്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി, താന്‍ മതപ്രഭാഷകനല്ലെന്നും വിദേശത്ത് നിയമപഠനവും ബാരിസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ടെന്നും ഒവൈസി പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാനാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കാനാണ് സഖ്യത്തിന്റെ ശ്രമം.

അസദുദ്ദീന്‍ ഒവൈസിയെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ പ്രതികരിച്ചിരുന്നു. പരോക്ഷമായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഈ പ്രദേശത്ത് ഹൈദരാബാദി ബിരിയാണി ആര്‍ക്കും ഇഷ്ടമല്ല. ഇവിടെ ആളുകള്‍ക്ക് പുലാവും മട്ടണ്‍ ബിരിയാണിയുമാണ് ഇഷ്ടം. അതാണ് അവര്‍ കഴിക്കുന്നത് എന്നായിരുന്നു അസം ഖാന്റെ പ്രതികരണം. 

Content Highlights: AIMIM leader Asaduddin Owaisi responded to Samajwadi Party leader Azam Khan's sarcastic remark that Hyderabadi biryani has no admirers in Uttar Pradesh. Owaisi said political discussions should focus on saving lives and ensuring justice rather than food. Azam Khan's remark was aimed at mocking Owaisi's political presence in Uttar Pradesh despite being from Hyderabad.

dot image
To advertise here,contact us
dot image