പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക ഇളവുകൾ; പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ

പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷാസമയത്ത് മൊബൈൽ ഫോൺ, ഗ്ലൂക്കോസ് മോണിറ്റർ, വെള്ളം, ലഘുഭക്ഷണം എന്നിവ ഉപയോഗിക്കാം

പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക ഇളവുകൾ; പുതിയ മാർഗനിർദേശങ്ങളുമായി യുഎഇ
dot image

പ്രമേഹബാധിതരായ വിദ്യാർത്ഥികളുടെ ആരോഗ്യസംരക്ഷണത്തിനായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷകൾ, ക്ലാസുകൾ, കായിക വിനോദങ്ങൾ, സ്കൂൾ യാത്രകൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രത്യേക പരിഗണനയും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

മന്ത്രാലയത്തിന്റെ ക്വാളിറ്റി ഓഫ് ലൈഫ് വിഭാഗം തയ്യാറാക്കിയ സ്കൂൾ വിദ്യാർത്ഥികളിലെ പ്രമേഹ നിയന്ത്രണ മാർഗനിർദേശത്തിലാണ് നടപടികൾ വ്യക്തമാക്കുന്നത്. പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷാസമയത്ത് മൊബൈൽ ഫോൺ, ഗ്ലൂക്കോസ് മോണിറ്റർ, വെള്ളം, ലഘുഭക്ഷണം എന്നിവ ഉപയോഗിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയോ കൂടുകയോ ചെയ്താൽ പരീക്ഷ താൽക്കാലികമായി നിർത്തിവെച്ച് നഷ്ടമായ സമയം തിരികെ നൽകണം. ആരോഗ്യപ്രശ്നങ്ങൾ പരീക്ഷയിലെ പ്രകടനത്തെ ബാധിച്ചാൽ വീണ്ടും പരീക്ഷ എഴുതാനും അനുമതി ലഭിച്ചേക്കാം എന്നിവയാണ് പരീക്ഷാ സമയത്ത് കുട്ടികൾക്ക് നൽകുന്ന ഇളവുകൾ.

കൂടാതെ ക്ലാസ് മുറികളിൽ ആവശ്യാനുസരണം ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും രക്തത്തിലെ പഞ്ചസാര പരിശോധിക്കാനും വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടാകും. ഇൻസുലിൻ പമ്പുകളും ഗ്ലൂക്കോസ് മോണിറ്ററുകളും സ്കൂളുകൾ പിടിച്ചെടുക്കാനോ നീക്കം ചെയ്യാനോ പാടില്ല. ഓരോ വിദ്യാർത്ഥിക്കും ഡോക്ടർ അംഗീകരിച്ച പ്രത്യേക ആരോഗ്യപരിചരണ പദ്ധതി ഉണ്ടായിരിക്കണം. കായിക പ്രവർത്തനങ്ങളിലും സ്കൂൾ യാത്രകളിലും പങ്കെടുക്കുമ്പോൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും സ്കൂളുകൾ ഉറപ്പാക്കണം എന്നും നിർദേശത്തിൽ പറയുന്നു.

Content Highlights: The UAE has introduced new guidelines offering special academic, health and activity-related support for students living with diabetes.

dot image
To advertise here,contact us
dot image