ഒരു പിപിഎം വേണ്ടിടത്ത് 20,000 പിപിഎം മെർക്കുറി; 'ഓപ്പറേഷൽ സൗന്ദര്യ'യിൽ വ്യാജ സൗന്ദര്യ വസ്തുകൾ പിടിച്ചെടുത്തു

ഹാനികരമായ വസ്തുക്കള്‍ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ആണ് പിടിച്ചെടുത്തത്

ഒരു പിപിഎം വേണ്ടിടത്ത് 20,000 പിപിഎം മെർക്കുറി; 'ഓപ്പറേഷൽ സൗന്ദര്യ'യിൽ വ്യാജ സൗന്ദര്യ വസ്തുകൾ പിടിച്ചെടുത്തു
dot image

മലപ്പുറം: മലപ്പുറത്ത് വ്യാജ ക്രീം പുരട്ടിയ പെണ്‍കുട്ടിക്ക് വൃക്കരോഗം ബാധിച്ചതോടെ വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കെതിരെ അതീവ ജാഗ്രത നിര്‍ദ്ദേശവുമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളില്‍ ഹാനികരമായ വസ്തുക്കള്‍ അടങ്ങിയ 10 ലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ആണ് പിടിച്ചെടുത്തത്. മുഖത്ത് തേക്കുന്ന പാക്കിസ്താന്‍ നിര്‍മ്മിതമായ രണ്ട് ക്രീമുകളിലാണ് ഏറ്റവും കൂടുതല്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തിയത്. ഒരു പിപിഎം ( പാര്‍ട്‌സ് / മില്യണ്‍ ) മെര്‍ക്കുറി അനുവദനീയമായ ഇടത്ത് 20,000 പിപിഎം വരെ അടങ്ങിയിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. മീതൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ പെര്‍ഫ്യൂമും പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനകളില്‍ ആണ് മെര്‍ക്കുറി അടക്കം ശരീരത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങളുടെ അംശം കണ്ടെത്തിയത്. കോസ്‌മെറ്റിക്‌സ് റൂള്‍സ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. നിര്‍മ്മാണ ലൈസന്‍സ് നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ വ്യക്തമല്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്ന കമ്പുനികള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ല എന്നുള്ളതാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിമിതി.

ഇന്നലെയാണ് തുടര്‍ച്ചയായ ഫെയര്‍നെസ് ക്രീം ഉപയോഗത്തിലൂടെ പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചതായി പരാതി ഉയര്‍ന്നത്. ക്രീമിലെ അമിത മെര്‍ക്കുറി കാരണം ശരീരത്തില്‍ നിന്ന് പ്രോട്ടീന്‍ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് ബാധിച്ചത്. മലപ്പുറം അരീക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേത് ആയിരുന്നു കണ്ടെത്തല്‍. വിദഗ്ധ ചികിത്സയില്‍ പെണ്‍കുട്ടി അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും ശരീരത്തിലെ പ്രോട്ടീന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പെണ്‍കുട്ടിക്ക് ഉണ്ടായത്. ഓണ്‍ലൈനിലൂടെയാണ് പെണ്‍കുട്ടി ക്രീം വാങ്ങിയത്. ഇതിന് പിന്നാലെ ഇന്നലെ തന്നെ ഡ്രഗ് കണ്‍ട്രോള്‍ ബ്യൂറോ ഒപ്പറേഷന്‍ സൈന്ദര്യ എന്ന പേരില്‍ വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിരുന്നു.

ഫെയ്‌സ് ക്രീമുകള്‍ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര വൃക്കരോഗങ്ങളെന്നാണ് നേരത്തെയും കണ്ടെത്തലുകളുണ്ട്. ഇതില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വിപണയില്‍ ഇറങ്ങുന്ന പല ക്രീമുകള്‍ക്കും ഊരും പേരുമില്ലെന്നും വ്യാജ ക്രീമുകള്‍ ഓണലൈന്‍ സൈറ്റുകളിലും ലഭ്യമാണെന്നും നേരത്തെയും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

Content Highlights: Kerala's Drugs Control Department has issued a warning against counterfeit beauty products after a girl in Malappuram developed kidney problems following the use of a fake cream. Inspections have resulted in the seizure of cosmetics worth over Rs 10 lakh containing harmful substances. Two Pakistan-made face creams were found to contain mercury levels as high as 20,000 ppm against the permitted limit of 1 ppm. Perfumes containing methyl alcohol were also seized.

dot image
To advertise here,contact us
dot image