നിഗൂഢതകളുടെ ലോകത്തേക്ക് പ്രേക്ഷകരെ ക്ഷണിച്ച് ജയസൂര്യ ചിത്രം 'മായന്‍' ട്രെയ്ലര്‍ പുറത്ത്

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം ഡിസംബര്‍ 3ന് ആഗോള റിലീസ്

നിഗൂഢതകളുടെ ലോകത്തേക്ക് പ്രേക്ഷകരെ ക്ഷണിച്ച് ജയസൂര്യ ചിത്രം 'മായന്‍' ട്രെയ്ലര്‍ പുറത്ത്
dot image

ജയസൂര്യയെ നായകനാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം 'മായന്‍ - ചാപ്റ്റര്‍ 1'ന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി. ആകാംഷയും ഉദ്വേഗമുണര്‍ത്തുന്ന ട്രെയിലറിലൂടെ പ്രേക്ഷകരെ പരിചയപ്പെടുത്തുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത, വിശ്വസിക്കാന്‍ പോലും പ്രയാസമുള്ള നിഗൂഢതകളുടെ ലോകത്തെയാണ്. ചിത്രത്തിന്റെ വ്യത്യസ്തമായ പ്രമേയത്തിലേക്കും അവതരണത്തിലേക്കും പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന രീതിയാണ് ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍ 3ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെ തുറക്കപ്പെടുന്ന നിഗൂഢമായ ലോകമാണ് 'മായന്‍' അവതരിപ്പിക്കുന്നത്. സാധാരണ അന്വേഷണങ്ങള്‍ക്കും യുക്തിക്കും അപ്പുറത്തുള്ള ചില സംഭവങ്ങളിലേക്കും ആചാരങ്ങളിലേക്കും എത്തുന്ന കഥാപശ്ചാത്തലമാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. കേരളത്തില്‍ നിലനിന്നിരുന്നതായി പറയപ്പെടുന്ന അപൂര്‍വവും നിഗൂഢവുമായ ആചാരങ്ങളുമായി ബന്ധപ്പെട്ട 'കറുത്തച്ചനൂട്ട്' എന്ന പ്രമേയവും ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന ഘടകമാണ്. മനുഷ്യന്റെ വിശ്വാസങ്ങള്‍ക്കും ഭയങ്ങള്‍ക്കും അപ്പുറത്ത് മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ത്രില്ലര്‍ അനുഭവമായിരിക്കും ചിത്രം നല്‍കുക. 'ബിയോണ്ട് ദി ഷാഡോസ്' എന്ന ടാഗ്ലൈനും ഈ നിഗൂഢതയുടെ സ്വഭാവം വ്യക്തമാക്കുന്നു.

Also Read:

ജയസൂര്യ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന്റെ ഔദ്യോഗിക ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നിഗൂഢമായ സാഹചര്യങ്ങളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ ലോകത്ത് അയാള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന ആകാംക്ഷയാണ് ട്രെയ്ലര്‍ സൃഷ്ടിക്കുന്നത്. നായികയായി നൈല ഉഷ എത്തുന്നു. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിന്‍ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥാപാത്രങ്ങളെയും കഥയുടെ പൂര്‍ണമായ പശ്ചാത്തലത്തെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ പ്രേക്ഷകരില്‍ ആകാംക്ഷ നിലനിര്‍ത്തുന്ന രീതിയിലാണ് ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നത്.

'കളങ്കാവല്‍' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിതിന്‍ കെ. ജോസിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 'മായന്‍'. തിരക്കഥ ഒരുക്കുന്നത് ജിതിന്‍ കെ. ജോസും റാഫിയും ചേര്‍ന്നാണ്. ഫൈസല്‍ അലി ഒരുക്കിയ ദൃശ്യങ്ങള്‍ മുജീബ് മജീദിന്റെ സംഗീതം എന്നിവയും ട്രെയിലറിന്റെ ഹൈലൈറ്റുകളാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ 'കൊള്ളിപ്രാക്ക്' സംഗീതത്തിലെ പരീക്ഷണാത്മകമായ സമീപനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മലയാള ചിത്രത്തിന്റെ സംഗീതാവകാശം യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പ് സ്വന്തമാക്കിയതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വ്യത്യസ്തമായ പ്രമേയവും നിഗൂഢത നിറഞ്ഞ കഥാപശ്ചാത്തലവും ദൃശ്യാവിഷ്‌കാരവും കൊണ്ട് മലയാള സിനിമയില്‍ വേറിട്ടൊരു ത്രില്ലര്‍ അനുഭവം സമ്മാനിക്കാനാണ് 'മായന്‍' ഒരുങ്ങുന്നത്.

ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: പ്രവീണ്‍ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍: രോഹിത് ആര്‍. നായര്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വി, വരികള്‍: രാജീവ് ഗോവിന്ദന്‍, ജിതിന്‍ കെ. ജോസ്, കോ-റൈറ്റര്‍: ശ്രീഖില്‍ ശ്രീനിവാസന്‍, സ്റ്റില്‍സ്: സിനത് സേവ്യര്‍, പ്രോജക്ട് ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍, വിപിന്‍ കുമാര്‍ വി.

Content Highlights: The trailer for the Jayasurya-starrer 'Maayan' has been released, inviting the audience into a world of mysteries. Produced by Magic Moon Productions, the film is set for a global release on December 3rd.

dot image
To advertise here,contact us
dot image