

ദുബായിലെ എല്ലാവരും കോടീശ്വരന്മാരാണോ, ഒരേ സ്ഥലങ്ങൾ ദിവസവും സന്ദർശകരെ കാണിച്ചുകൊൊടുക്കുമ്പോൾ ടൂർ ഗെെഡുകൾക്ക് മടുപ്പ് തോന്നാറില്ലേ? ദുബായിലെ മൂന്ന് ടൂർ ഗെെഡുമാർക്ക് സന്ദർശകരിൽ നിന്നും നേരിടേണ്ടിവന്ന കൗതുകകരമായ ചോദ്യങ്ങളും സംശയങ്ങളുമാണ് ഇത്. നഗരത്തിലെ ആഡംബര വസതികളും ഷോപ്പിങ് മാളുകളും മറ്റും മാത്രം കണ്ടുകൊണ്ട് ദുബായിലെക്കുറിച്ച് തൊറ്റുദ്ധരിക്കുന്ന സന്ദർശകർക്ക് ദുബായിയുടെ ചരിത്രം പറഞ്ഞുകൊടുക്കുകയാണ് ടൂർ ഗെെഡുകൾ. പല സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന, പല ഭാഷ സംസാരിക്കുന്ന പല രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഒത്തുചേരലാണ് ദുബായിയെന്ന് സന്ദർശകർക്ക് അവർ പറഞ്ഞുകൊടുക്കുന്നു.
2018 മുതൽ ദുബായിൽ ടൂർ ഗൈഡായി പ്രവർത്തിക്കുന്ന ഫഹീം അബ്ബാസിനോട് സന്ദർശകർ പതിവായി ചോദിക്കുന്ന ചോദ്യമാണ് ദുബായിലെ എല്ലാവരും കോടീശ്വരന്മാരാണോ എന്നത്. നഗരത്തിലെ എല്ലാവരും സമ്പന്നരല്ലെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലുള്ളവരാണ് ഇവിടെ താമസിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. നഗരത്തിന്റെ ചരിത്രം അറിയാൻ അൽ ഫഹീദി, അൽ ഷിന്ദഗ തുടങ്ങിയ പ്രദേശങ്ങളിലേക്കും കലാ-സാംസ്കാരിക കേന്ദ്രമായ അൽസർക്കൽ അവന്യൂവിലേക്കും സന്ദർശകരെ കൊണ്ടുപോകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒരേ സ്ഥലങ്ങൾ ദിവസവും കാണിക്കുമ്പോൾ മടുപ്പ് തോന്നാറില്ലേ എന്ന ചോദ്യത്തിന് ഓരോ സന്ദർശകന്റെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമായതിനാൽ ഓരോ ടൂറും പുതിയ അനുഭവമാണെന്നാണ് ദുബായിലെ ടൂർ ഗെെഡായ മജീദ് അൽജുനൈബിയുടെ മറുപടി. സമൂഹമാധ്യമങ്ങളിൽ നിങ്ങൾ കാണുന്ന ദുബായിയല്ല, മറിച്ച് ശെരിക്കുമുള്ള ദുബായ് കാണിച്ചുതരാം എന്ന് സന്ദർശകരോട് പറയും. ശേഷം ബുർജ് ഖലീഫ പോലുള്ള വമ്പൻ കാഴ്ചകളേക്കാൾ ദുബായ് ക്രീക്കിലൂടെയുള്ള അഞ്ച് മിനിറ്റ് അബ്ര യാത്രയാണ് ചില സന്ദർശകർക്ക് പ്രിയപ്പെട്ട ഓർമയായി മാറുന്നതെന്നും മജീദ് പറഞ്ഞു.
വാണ്ടർ വിത്ത് നദ ബദ്രാൻ ( Wander With Nada Badran) എന്ന ടൂർ കമ്പനിയുടെ സ്ഥാപകയായ നദ ബദ്രാന് ലഭിച്ച അഭ്യർഥനയാണ് മറ്റൊരു കൗതുകം. ദുബായുടെ ചിത്രം പതിപ്പിച്ച ക്രിസ്മസ് അലങ്കാരവസ്തു പൊട്ടിപ്പോയെന്നും മറ്റൊന്ന് സംഘടിപ്പിക്കാൻ സഹായിക്കണമെന്നുമായിരുന്നു അമേരിക്കയിൽ നിന്നുള്ള ഒരു കുടുംബത്തിന്റെ ആവശ്യം. ദുബായിൽ നിന്ന് അയക്കുന്നതിനുള്ള ചെലവ് കൂടുതലായതിനാൽ അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ അതേ അലങ്കാരവസ്തു വാങ്ങി കുടുംബത്തിന് അയച്ചുനൽകുകയായിരുന്നു നദ. ദുബായിലെ എല്ലാവരും കോടീശ്വരന്മാരാണെന്ന ധാരണ മാറ്റുന്നതിനൊപ്പം മരുഭൂമി സഫാരിക്കും അപ്പുറമുള്ള നഗരത്തിന്റെ അനുഭവങ്ങൾ സന്ദർശകർക്ക് പരിചയപ്പെടുത്തണമെന്നും അവർ പറയുന്നു. വിലപ്പെട്ട സമ്മാനങ്ങളേക്കാൾ യാത്രയിലൂടെ ലഭിക്കുന്ന അനുഭവങ്ങളും ഓർത്തുവെക്കാൻ കഴിയുന്ന കഥകളുമാണ് സന്ദർശകർക്ക് തിരിച്ചുപോകുമ്പോൾ കൊണ്ടുപോകാവുന്ന ഏറ്റവും നല്ല ഓർമകളെന്നും ടൂർ ഗൈഡുകൾ അഭിപ്രായപ്പെട്ടതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ടുചെയ്യുന്നു.
Content Highlights: Dubai tour guides have shared some of the amusing and unusual questions visitors ask about the city, including whether everyone living in Dubai is rich.