

ഡല്‍ഹി: പാര്‍ട്ടി വേദിയില്‍ ഐസ നേതാവ് നേഹ ബോറയ്ക്ക് പ്രാധാന്യം നല്‍കിയത് ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ചലോ ദില്ലി മാര്‍ച്ചില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സസ്പെന്ഷന് നടപടി മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രോഹിത് രജോരിയ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. മാതൃസഹോദരന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ ഉണ്ടായിരുന്നുകൊണ്ടാണ് ചലോ ദില്ലി മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നുവെന്നും രോഹിത് പറഞ്ഞു.
അന്യായ നടപടിയാണ് നേരിട്ടതെന്നും രോഹിത് പറഞ്ഞു. മാതൃസഹോദരന്‍ മരിച്ചിട്ട് പതിമൂന്ന് ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണമായിരുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍ തനിക്ക് എങ്ങനെയാണ് ഡല്‍ഹിയിലേക്ക് പോകാന്‍ സാധിക്കുക. ഇക്കാര്യം സംഘടനാ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ സസ്പെന്ഷന് നടപടി സ്വീകരിക്കുകയായിരുന്നു. നേഹ ബോറയെപ്പോലെയുള്ളവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരാണ് തങ്ങള്‍. എന്നാല്‍ അവര്‍ക്ക് നല്കുന്ന പ്രാധാന്യം തങ്ങള്‍ക്കില്ല. വിഷയം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്‍പാകെ ഉയര്‍ത്തും. നടപടിയുണ്ടായില്ലെങ്കില്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് വിഷയം ഉന്നയിക്കുമെന്നും രോഹിത് പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ നവംബര്‍ ഒന്നാം തീയതിയായിരുന്നു ഡല്‍ഹിയില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ചലോ ദില്ലി മാര്‍ച്ച് നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി എം പി, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, മമത ബാനര്‍ജി, നേഹ ബോറ അടക്കം നിരവധി നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കുകയും പൊതുസമ്മേളനത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഗ്യാനേഷ് കുമാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നേതാക്കള്‍ ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് രാജ്യ വ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനിടെയാണ് ചലോ ദില്ലി യാത്രയില്‍ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുന്നൂറോളം പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത്. മധ്യപ്രദേശില്‍ നിന്ന് 60 പ്രവര്‍ത്തകരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗുജറാത്ത്-49, ജാര്‍ഖണ്ഡ്-32, പശ്ചിമ ബംഗാള്‍-26, തെലങ്കാന-14, ഹിമാചല്‍ പ്രദേശ്-13, ഉത്തര്‍പ്രദേശ്-11, ഹരിയാന-10 എന്നിങ്ങനെയും പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തു. മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസിന്റെ എക്സ് പേജില്‍ സസ്പെന്ഷന് നടപടി സ്ഥിരീകരിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്. മധ്യപ്രദേശില്‍ നടപടി നേരിട്ടവില് ഒന്‍പത് പേര് ജില്ലാ പ്രസിഡന്റുമാരും അഞ്ച് പേര് വൈസ് പ്രസിഡന്റുമാരുമാണ്. പതിനാല് ജനറല്‍ സെക്രട്ടറിമാരും 32 സെക്രട്ടറിമാരും നടപടി നേരിട്ടവരുടെ കൂട്ടത്തിലുണ്ട്.
Content Highlights- A Youth Congress leader who faced disciplinary action for not participating in the Chalo Delhi march has raised concerns over the decision, alleging that Neha Bora was given importance.