ഷാർജയിൽ വീടിന് തീപിടിച്ചാൽ നാശനഷ്ട സർട്ടിഫിക്കറ്റിന് ഓഫീസിൽ കയറിയിറങ്ങേണ്ട; ഇനി മൊബൈലിൽ ലഭിക്കും

പുതിയ സംവിധാനത്തിലൂടെ അഗ്നിരക്ഷാ പ്രവർത്തനങ്ങൾ പൂർത്തിയായ ഉടൻ തന്നെ നാശനഷ്ട വിലയിരുത്തൽ സർട്ടിഫിക്കറ്റ് തയ്യാറാക്കി ബന്ധപ്പെട്ട കുടുംബങ്ങൾക്ക് എസ്എംഎസ്, ഇമെയിൽ എന്നിവ വഴി അയയ്ക്കും

ഷാർജയിൽ വീടിന് തീപിടിച്ചാൽ നാശനഷ്ട സർട്ടിഫിക്കറ്റിന് ഓഫീസിൽ കയറിയിറങ്ങേണ്ട; ഇനി മൊബൈലിൽ ലഭിക്കും
dot image

വീടിന് തീപിടിച്ച് നാശനഷ്ടങ്ങളുണ്ടായാൽ ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഇനി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. അഗ്നിരക്ഷാ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നാശനഷ്ട സർട്ടിഫിക്കറ്റ് സൗജന്യമായി ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്ന പുതിയ സേവനവുമായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. പുതിയ സംവിധാനത്തിലൂടെ അഗ്നിരക്ഷാ പ്രവർത്തനങ്ങൾ പൂർത്തിയായ ഉടൻ തന്നെ നാശനഷ്ട വിലയിരുത്തൽ സർട്ടിഫിക്കറ്റ് (damage assessment certificate) തയ്യാറാക്കി ബന്ധപ്പെട്ട കുടുംബങ്ങൾക്ക് എസ്എംഎസ്, ഇമെയിൽ എന്നിവ വഴി അയയ്ക്കും. ഇതിനായി പ്രത്യേക അപേക്ഷ നൽകുകയോ രേഖകൾ സമർപ്പിക്കുകയോ നേരിട്ട് ഓഫീസുകളിൽ എത്തുകയോ വേണ്ട.

തീപിടിത്തത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഔദ്യോഗിക ഡിജിറ്റൽ സർട്ടിഫിക്കറ്റാണിത്. അപകടം ബാധിച്ച വ്യക്തിയുടെ വിവരങ്ങൾ, വീടിന്റെ വിലാസം, സംഭവിച്ച നാശനഷ്ടങ്ങളുടെ വിശദമായ പട്ടിക എന്നിവയും സർട്ടിഫിക്കറ്റിലുണ്ടാകും. തിരിച്ചറിയൽ രേഖകളുമായി ബന്ധിപ്പിച്ചിട്ടുള്ള സംയോജിത ഡിജിറ്റൽ സംവിധാനത്തിലൂടെ ബാക്കി നടപടികൾ പൂർത്തിയാക്കും. മറ്റ് അനുബന്ധ രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. തീപിടിത്തത്തെ തുടർന്നുണ്ടാകുന്ന സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കിടയിൽ കുടുംബങ്ങൾക്ക് അധിക ഭരണപരമായ നടപടികളുടെ ഭാരം ഒഴിവാക്കുകയാണ് പുതിയ സേവനത്തിന്റെ ലക്ഷ്യം.

ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് ഒബൈദ് ബിൻ ഹർമൂൽ അൽ ഷംസി പറയുന്നതനുസരിച്ച്, പ്രയാസകരമായ സാഹചര്യങ്ങളിൽ കുടുംബങ്ങളെ സഹായിക്കാനുള്ള അതോറിറ്റിയുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ സേവനം ആരംഭിച്ചത്. തീപിടിത്തമുണ്ടാകുമ്പോൾ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കും അത്യാവശ്യ കാര്യങ്ങൾ ക്രമീകരിക്കുന്നതിനുമാണ് ആളുകൾ മുൻഗണന നൽകേണ്ടത്. ഈ സാഹചര്യത്തിൽ ആവശ്യമായ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും സമയവും അധ്വാനവും ലാഭിക്കുകയും ചെയ്യേണ്ടത് അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് സേവനങ്ങൾ കൂടുതൽ ലളിതമാക്കാനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് അനുയോജ്യമായ സമയത്ത് സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

തീപിടിത്തത്തിന് പിന്നാലെയുള്ള ആദ്യ മണിക്കൂറുകളിൽ കുടുംബങ്ങൾ നേരിടുന്ന മാനസിക സമ്മർദവും സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് നടപടിക്രമങ്ങൾ ലളിതമാക്കിയത്. അഗ്നിരക്ഷാ പ്രവർത്തനങ്ങൾ പൂർത്തിയായ ഉടൻ ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലൂടെ ഇൻഷുറൻസ് ഉൾപ്പെടെയുള്ള മറ്റ് അനുബന്ധ നടപടികൾ അനാവശ്യ കാലതാമസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ കുടുംബങ്ങൾക്ക് സാധിക്കും. സർട്ടിഫിക്കറ്റ് പൂർണമായും സൗജന്യമാണ്. താമസക്കാർ എവിടെയായിരുന്നാലും എസ്എംഎസ്, ഇമെയിൽ മാർഗങ്ങളിലൂടെ രേഖ ലഭിക്കും. സർട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനായി സിവിൽ ഡിഫൻസ് ഓഫീസുകളിലോ മറ്റ് സർക്കാർ വകുപ്പുകളിലോ നേരിട്ട് എത്തേണ്ടതില്ല.

Content Highlights: Sharjah Civil Defence has introduced a free digital service that automatically sends fire damage assessment certificates to affected residents through SMS and email.

dot image
To advertise here,contact us
dot image