ഇനി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ; സ്ഥിരം സന്ദർശകർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ദുബായ്

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസവും (DET) സംയുക്താമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഇനി 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ; സ്ഥിരം സന്ദർശകർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ദുബായ്
dot image

ദുബായ് സന്ദർശിക്കുന്ന സ്ഥിരം യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനായി പുതിയ ടൂറിസം അം​ഗത്വ പദ്ധതിയുമായി ദുബായ്. ദുബായ് ആക്സസ് ക്ലബ് എന്ന പേരിൽ ആരംഭിച്ച പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സന്ദർശകർക്ക് അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയും ഷോപ്പിങ് ക്രെഡിറ്റുകളും ലഭിക്കും. ക്ഷണം ലഭിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ആദ്യ നഗതാധിഷ്ഠിത ടൂറിസം അ​ഗംത്വ പദ്ധതിയാണിത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്.

ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസവും (DET) സംയുക്താമായാണ് പദ്ധതി നടപ്പാക്കുന്നത്. ദുബായിലേക്ക് വീണ്ടും വീണ്ടും എത്തുന്ന സന്ദർശകരെ പ്രോത്സാഹിപ്പിക്കുകയും യാത്ര കൂടുതൽ എളുപ്പവും ആകർഷകവുമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ദുബായുമായുള്ള സന്ദർശകരുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം ആ​ഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള ന​ഗരത്തിന്റെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു.

പദ്ധതിയുടെ ഭാ​ഗമായി ക്ഷണം ലഭിക്കുന്നവർക്ക് അഞ്ചുവർഷത്തെ അം​ഗത്വമാണ് നൽകുക. എന്നാൽ നേരിട്ട് അപേക്ഷിച്ച് അം​ഗത്വം നേടാനാകില്ല. പദ്ധതിയിൽ പങ്കാളികളായ സ്ഥാപനങ്ങളുടെ നോമിനേഷൻ വഴിയാണ് ക്ഷണം ലഭിക്കുക. എമിറേറ്റ്സ്, അക്കോർ, വിസ തുടങ്ങിയ സ്ഥാപനങ്ങളുടെ തെരഞ്ഞെടുത്ത ലോയൽറ്റി പ്രോ​ഗ്രാമുകളിലൂടെയും ഇവയുമായി ബന്ധപ്പെട്ട ബഹുരാഷ്ട്ര കമ്പനികളിലൂടെയുമാണ് ക്ഷണങ്ങൾ നൽകുന്നത്. ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാ​ഗമാകുമെന്നും അധികൃതർ വ്യക്തമാക്കി. വിസ അപേക്ഷ അംഗീകരിക്കുകയും നിശ്ചിത യോഗ്യതകൾ പാലിക്കുകയും ചെയ്താൽ അംഗങ്ങൾക്ക് അംഗത്വം സജീവമാക്കാം. തുടർന്ന് പദ്ധതിയിലെ പങ്കാളികൾ നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.

GDRFA ദുബായിയുടെ അൽസാദ ടൂറിസ്റ്റ് കാർഡ് വഴി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും. മജീദ് അൽ ഫുത്തൈം നൽകുന്ന ഗിഫ്റ്റ് കാർഡിൽ ക്രെഡിറ്റും ലഭിക്കും. ഇതുപയോഗിച്ച് സ്ഥാപനങ്ങളുടെ റീട്ടെയിൽ സ്റ്റോറുകളിലും വിവിധ വിനോദകേന്ദ്രങ്ങളിലും ഷോപ്പിങ് നടത്താനും അനുഭവങ്ങൾ ആസ്വദിക്കാനും കഴിയും. ഹോട്ടൽ മുറികളുടെ സൗജന്യ അപ്ഗ്രേഡ്, വിമാനത്താവള ലോഞ്ചുകളിലേക്കുള്ള പ്രവേശനം, വിവിധ പരിപാടികൾക്കും ഇവന്റുകൾക്കും മുൻകൂട്ടി ബുക്കിങ് സൗകര്യം തുടങ്ങിയ ആനുകൂല്യങ്ങളും ഭാവിയിൽ ഉൾപ്പെടുത്തും. കൂടുതൽ പങ്കാളികൾ ചേരുന്നതോടെ അംഗങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ പട്ടിക വിപുലീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlights: Dubai Access Club offers frequent visitors a five-year multiple-entry visa, shopping credits and exclusive benefits across the city.

dot image
To advertise here,contact us
dot image