രാജിവെച്ച മൂന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്ക്; പഞ്ചാബില്‍ ആപിന് പ്രതിസന്ധി

അധികാരത്തിന്റെ ഇടനാഴിയില്‍ ഗുണ്ടകള്‍ ആധിപത്യം സ്ഥാപിക്കുകയാണെന്ന് വിമർശനം

രാജിവെച്ച മൂന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്ക്; പഞ്ചാബില്‍ ആപിന് പ്രതിസന്ധി
dot image

ചണ്ഡീഗഢ്: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടി വിട്ട മൂന്ന് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ രാജിവെച്ച ഹര്‍മീത് സിംഗ്, ചേതന്‍ സിംഗ് എന്നിവരും ഇന്ന് രാജി കൈമാറിയ കുന്‍വാര്‍ വിജയ് പ്രതാപ് സിംഗുമാണ് ബിജെപിയില്‍ ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കളുടെ കൂടുമാറ്റം ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് നേതാക്കളുടെ രാഷ്ട്രീയ പ്രവേശനം. പഞ്ചാബിന്റെ ചുമതലയുള്ള ബിജെപി നേതാവ് സതീഷ് പൂനിയ, ഇന്‍ചാര്‍ജ് വീരേന്ദ്ര സച്ച്‌ദേവയും മറ്റു പാര്‍ട്ടി നേതാക്കളും വേദിയിലുണ്ടായിരുന്നു.

മുഖ്യമന്ത്രി ഭഗവത് മന്നിനെതിരെ കുന്‍വാര്‍ വിജയ് പ്രതാവ് രൂക്ഷവിമര്‍ശനം ഉയര്‍ത്തി. അധികാരത്തിന്റെ ഇടനാഴിയില്‍ ഗുണ്ടകള്‍ ആധിപത്യം സ്ഥാപിക്കുകയാണെന്നും സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും കുന്‍വാര്‍ വിജയ് പറഞ്ഞു. പഞ്ചാബ് അതിന്റെ സ്വത്വത്തിന് വേണ്ടി പോരാടുകയാണെന്നും എംഎല്‍എ വിമര്‍ശിച്ചു.

ഇതൊരു തുടക്കം മാത്രമെന്നാണ് എംഎല്‍എമാരുടെ പാര്‍ട്ടി പ്രവേശനത്തെക്കുറിച്ച് ബിജെപി വക്താവ് ജയ്വീര്‍ ഷെര്‍ഗീല്‍ പ്രതികരിച്ചത്. 'വലിയ പിളര്‍പ്പിലേക്കുള്ള ചെറിയ തുടക്കമാണിത്. പിച്ചര്‍ അഭി ബാക്കി ഹെ', എന്നായിരുന്നു പ്രതികരണം.

അതേസമയം നേതാക്കളുടെ രാജിയില്‍ ആപ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 40 അംഗ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം എഎപി പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് രാജി.

Content Highlights: 3 AAP rebels joined bjp at punjab

dot image
To advertise here,contact us
dot image