റഷ്യയിലും യുക്രെയ്‌നിലും സൈബര്‍ ആക്രമണം; അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളില്‍ വ്യാജ പ്രചരണം

എമര്‍ജന്‍സി അലേര്‍ട്ട് ആപ്ലിക്കേഷനുകളിലൂടെ വ്യാജ മുന്നറിയിപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചത് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഇടയില്‍ ആശങ്ക ഉയര്‍ത്തി

റഷ്യയിലും യുക്രെയ്‌നിലും സൈബര്‍ ആക്രമണം; അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളില്‍ വ്യാജ പ്രചരണം
dot image

മോസ്‌കോ/കീവ്: റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ ഇരുരാജ്യങ്ങളുടെയും അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍. എമര്‍ജന്‍സി അലേര്‍ട്ട് ആപ്ലിക്കേഷനുകളിലൂടെ വ്യാജ മുന്നറിയിപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചത് ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഇടയില്‍ ആശങ്ക ഉയര്‍ത്തി.

യുക്രെയ്‌ന്റെ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനമാണ് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് രാസായുധങ്ങളുടെയും റേഡിയേഷനുകളുടെയും വ്യാജ മുന്നറിയിപ്പുകള്‍ മൊബൈല്‍ ഫോണുകളിലെത്തി. ലൗഡ് സ്പീക്കര്‍ മുന്നറിയിപ്പ് സംവിധാനവും സൈബര്‍ ആക്രമണം നേരിട്ടു. ഇതോടെ കീവിലെ തെരുവുകളിലും സമാനമായ മുന്നറിയിപ്പുകള്‍ ഉണ്ടായി. ബാഹ്യമായ ചില ഇടപെടലുകളാണ് ഇതിന് പിന്നിലെന്നാണ് യുക്രെയ്ന്‍ വ്യോമസേനയുടെ പ്രതികരണം. മുന്നറിയിപ്പുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റേഡിയേഷന്‍ ഭീഷണിയില്ലന്നും യുക്രെയ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ സാധാരണരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രാദേശിക തലത്തിലുള്ള സംവിധാനത്തിലാണ് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും യുക്രെയ്ന്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അതിനിടെ റഷ്യയിലെ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കുന്ന ആപ്ലിക്കേഷനുകളിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള മുന്നറിയിപ്പാണ് ഇതിലൂടെയും പ്രചരിച്ചത്. ആപ്ലിക്കേഷന്റെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും നിലവില്‍ പ്രവര്‍ത്തനം സാധാരണ ഗതിയിലായെന്നും റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: Hackers have targeted the emergency warning systems of Russia and Ukraine amid the ongoing conflict between the two countries

dot image
To advertise here,contact us
dot image