അർണബിന് പിന്നാലെ മുറസു: ചുഴലിക്കാറ്റ് ആന്ധ്രയിൽ കരതൊടും; തമിഴ് നാട്ടിലും കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത

അർണബ് ചുഴലിക്കാറ്റ് ആഞ്ഞടിച്ച് ഒരാഴ്ച കഴിയും മുൻപെ ആന്ധ്രാ തീരത്തേക്ക് നീങ്ങുകയാണ് മുറസു ചുഴലിക്കാറ്റ്

അർണബിന് പിന്നാലെ മുറസു: ചുഴലിക്കാറ്റ് ആന്ധ്രയിൽ കരതൊടും; തമിഴ് നാട്ടിലും കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത
dot image

ന്യൂഡൽഹി: അർണബ് ചുഴലിക്കാറ്റ് വിതച്ച ദുരന്തം ഒടുങ്ങും മുമ്പ് ആശങ്കയായി 'മുറസു'. മുറസു ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് നീങ്ങുകയാണെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റ് നെല്ലൂരിനും നർസാപൂരിനും ഇടയിൽ തെക്കൻ തീരത്ത് എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. മണിക്കൂറിൽ 100 ​​മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച പുലർച്ചെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ആഴത്തിലുള്ള ന്യൂനമർദമാണ് പിന്നീട് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയത്.

മുറസു ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ആന്ധ്രയിലെ പൽനാട് ജില്ലാ കളക്ടർ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ, തിങ്കളാഴ്ച ഡൽഹി സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു യാത്ര റദ്ദാക്കി. ചുഴുലിക്കാറ്റിൻ്റെ ആഘാതം നേരിടാൻ പൂർണ്ണമായും സജ്ജരായിരിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. ദുരിതാശ്വാസ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി അവലോകന യോഗം ചേർന്നു.

തമിഴ്‌നാട്ടിലും കേരളത്തിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. മുറസു ഒഡീഷയിൽ നേരിട്ട് കര പതിക്കില്ലങ്കിലും അതിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചെന്നൈയിലും തിരുവള്ളൂരിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിലും തിരുവള്ളൂരിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കടലിൽ പോയവർ ഉടൻ തിരിച്ചെത്തണം എന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.

അതേസമയം വടക്കൻ കേരളത്തിലും ഇന്ന് മഴ കനക്കും. ആറ് ജില്ലകളിൽ യെലോ അലേർട്ട് നിലവിലുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. മുറസു ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തില്‍ നാലാം തീയതി വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

അഞ്ച് പേരുടെ മരണത്തിന് കാരണമായ അർണബ് കൊടുങ്കാറ്റിൽ നിന്ന് ആന്ധ്രാപ്രദേശ് കരകയറാൻ തുടങ്ങിയിട്ടില്ലെന്നിരിക്കെയാണ് മുറസു ഭീഷണി നിലനിൽക്കുന്നത്. ചുഴലിക്കാറ്റിൽ 3.5 ലക്ഷത്തിലധികം ഹെക്ടറിൽ വിളകൾ നശിച്ചിരുന്നു. ഏകദേശം 2,425 കിലോമീറ്റർ റോഡുകൾക്കും കേടുപാടുകൾ സംഭവിച്ചു. 15,000 ത്തോളം വൈദ്യുത പോസ്റ്റുകൾ തകർന്നു. ₹4,600 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സംസ്ഥാന സർക്കാർ കണക്കാക്കുന്നുത്.

Content Highlights: Cyclone Murasu Approaches Andhra Coast; Heavy Rain Alert in Kerala and Tamil Nadu

dot image
To advertise here,contact us
dot image