

കുട്ടികളുടെ കസ്റ്റഡി അവകാശം സംബന്ധിച്ച് അന്തിമ കോടതി വിധിയുണ്ടായിട്ടും രണ്ട് മക്കളെയും അമ്മയ്ക്ക് വിട്ടുനൽകാൻ വിസമ്മതിച്ച മുൻ ഭർത്താവ് 10,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്. മക്കളിൽ നിന്ന് അകറ്റിനിർത്തപ്പെട്ടതിനെ തുടർന്ന് അമ്മ അനുഭവിച്ച മാനസിക പ്രയാസങ്ങൾക്കുള്ള നഷ്ടപരിഹാരമായാണ് തുക നൽകേണ്ടത്. മുൻ ഭർത്താവിനെതിരെ യുവതി 45,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കോടതിയെ സമീപിക്കുകയായിരുന്നു.
മക്കളുടെ കസ്റ്റഡി തനിക്ക് അനുവദിച്ചുകൊണ്ടുള്ള അന്തിമ കോടതി ഉത്തരവുണ്ടായിട്ടും അവരെ കൈമാറാൻ ഭർത്താവ് തയ്യാറായില്ലെന്നാണ് പരാതി. വിധി നടപ്പാക്കുന്നതിനായി നിയമനടപടികൾ സ്വീകരിച്ചിട്ടും ഇയാൾ നിലപാട് മാറ്റിയില്ല. സംഭവത്തിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസിൽ കുറ്റം തെളിയുകയും ഒരു മാസത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് കോടതി താൽക്കാലികമായി നിർത്തിവെച്ചു.
നിയമനടപടികൾക്കും ബന്ധപ്പെട്ട അധികൃതരെ സന്ദർശിക്കുന്നതിനുമായി ചെലവായ തുകയും മാനസിക പ്രയാസങ്ങൾക്കുള്ള നഷ്ടപരിഹാരവും യുവതി ആവശ്യപ്പെട്ടു. എന്നാൽ കുട്ടികളെ പിന്നീട് അമ്മയ്ക്ക് കൈമാറിയെന്നും അവർ അമ്മയോടൊപ്പം പോകാൻ വിസമ്മതിച്ചതിനാലാണ് കാലതാമസമുണ്ടായതെന്നും മുൻ ഭർത്താവ് വാദിച്ചു. കോടതി വിധിയിൽ കുട്ടികളെ വിട്ടുനൽകാൻ വിസമ്മതിച്ച കുറ്റം തെളിഞ്ഞതിനാൽ തന്റെ ഉത്തരവാദിത്തം നിഷേധിക്കാനാവില്ലെന്ന് സിവിൽ കോടതി നിരീക്ഷിച്ചു. കസ്റ്റഡി അവകാശം നിഷേധിക്കപ്പെട്ട കാലയളവിൽ യുവതിക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടായതായി കോടതി കണ്ടെത്തി.
അതേസമയം മുൻ ഭർത്താവിന്റെ നടപടികൾ മൂലം കൃത്യമായ സാമ്പത്തിക നഷ്ടമുണ്ടായെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സാമ്പത്തിക നഷ്ടപരിഹാരത്തിനുള്ള ആവശ്യം കോടതി തള്ളുകയും ചെയ്തു. മാനസിക വിഷമത്തിനുള്ള 10,000 ദിർഹത്തിന് പുറമെ കോടതി ഫീസും ചെലവുകളും മുൻ ഭർത്താവ് നൽകണമെന്നും ഉത്തരവിട്ടു.
Content Highlights: An Abu Dhabi court has ordered a former husband to pay Dh10,000 in compensation for refusing to hand over his two children to their mother despite a custody ruling.