

ന്യൂഡല്‍ഹി: സിദ്ധരാമയ്യ ഉള്‍പ്പെടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടന്ന വ്യാജ സ്റ്റിങ് ഓപ്പറേഷനില്‍ കേന്ദ്ര മന്ത്രി എച്ച്ഡി കുമാരസ്വാമി കുരുക്കില്‍. അന്വേഷണം കുമാരസ്വാമിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലേക്കെന്നാണ് ലഭിക്കുന്ന വിവരം. വ്യാജ ആരോപണ വീഡിയോ അപ്ലോഡ് ചെയ്ത ഫോണ്‍ വാങ്ങിയത് ഡല്‍ഹിയില്‍ നിന്നാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ പ്രതി റിതേഷ് പാണ്ഡെയാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയത്. കരോള്‍ബാഗില്‍ നിന്ന് വാങ്ങിയ ഫോണ്‍ കുമാരസ്വാമിയുടെ വസതിയില്‍ കൈമാറിയെന്നാണ് മൊഴി. കുമാരസ്വാമിയുടെ സോഷ്യല്‍ മീഡിയ ടീമംഗം പ്രജ്വല്‍ പ്രസാദിന്റെ നിര്‍ദേശമനുസരിച്ചാണ് നീങ്ങിയതെന്നും മൊഴിയുണ്ട്. പ്രജ്വല്‍ പ്രസാദ്, റിതേഷ് പാണ്ഡെയുടെ സുഹൃത്ത് വിനോദ് ശര്‍മ്മ എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ബെംഗളൂരു സിറ്റി പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
റിതേഷിന്റെ മൊഴിയെ പറ്റി കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു. സംഭവത്തില്‍ പ്രജ്വലിനെയും ശര്‍മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി നോട്ടിസ് അയച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ മൊഴി സ്ഥിരീകരിക്കുന്നതിനായി പ്രജ്വലും റിതേഷും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ അന്വേഷണസംഘം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന യഥാര്‍ഥ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
സിദ്ധരാമയ്യക്കെതിരായി കഴിഞ്ഞ വര്‍ഷമാണ് വ്യാജ ലൈംഗിക ആരോപണ വീഡിയോ പുറത്തുവന്നത്. വിപിഎന്‍, വ്യാജ ഐപി വിലാസങ്ങള്‍, സ്പൂഫ് ചെയ്ത ഫോണ്‍ നമ്പറുകള്‍ എന്നിവയുപയോഗിച്ച് വിവിധ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വീഡിയോയിലെ ലൈംഗിക പീഡന ആരോപണങ്ങള്‍ മനഃപൂര്‍വം കെട്ടിച്ചമച്ചതും ഗൂഢലക്ഷ്യത്തോടെ സൃഷ്ടിച്ചതുമാണെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. 2011-ല്‍ നടന്നതായി പറയപ്പെടുന്ന സംഭവമാണ് വീഡിയോയ്ക്ക് ആധാരം. വീഡിയോയിലുള്ള വ്യക്തികളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തതായും ഇതുവരെ ലഭിച്ച തെളിവുകള്‍ പ്രകാരം ആരോപണങ്ങളില്‍ കഴമ്പില്ലെന്നുമാണ് പൊലീസ് പറയുന്നത്.
വിവാദ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വീഡിയോയുടെ സംപ്രേഷണവും പ്രചാരണവും തടയണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ കോടതിയെ സമീപിച്ച് വിലക്ക് നേടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പുത്തൂരില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന കൃപ ആല്‍വയാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു. വ്യാജ ഒളിക്യാമറ ഓപ്പറേഷനില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന കൃപയെ കഴിഞ്ഞ ദിവസം 6 വര്‍ഷത്തേയ്ക്ക് കോണ്‍ഗ്രസില്‍നിന്നും പുറത്താക്കിയിരുന്നു.
Content Highlights: The investigation into a fake sting operation targeting Karnataka Congress leaders, including Chief Minister Siddaramaiah, has reportedly turned towards Union Minister HD Kumaraswamy’s official residence in Delhi. Investigators found that the phone used to upload the alleged fake video was purchased in Delhi. Arrested accused Ritesh Pandey reportedly told investigators that he bought the phone in Karol Bagh and handed it over at Kumaraswamy’s residence. His statement also reportedly mentioned instructions from Prajwal Prasad, a member of Kumaraswamy’s social media team. The Bengaluru City Police Central Crime Branch is investigating the case and plans to question Prasad and Vinod Sharma.