ഒരു മാസം മുമ്പ് ഐഫോൺ മോഷണം പോയി; പിന്നാലെ പാസ്‌വേഡ് ചോദിച്ച് കള്ളൻ്റെ സന്ദേശം എത്തിയെന്ന് യുവതി

മോഷ്ടിച്ച ഫോൺ കൈവശമുള്ളയാൾക്ക് ഉടമയെ നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞത് എങ്ങനെയെന്നതിൽ ചോദ്യം ഉയരുന്നുണ്ട്

ഒരു മാസം മുമ്പ് ഐഫോൺ മോഷണം പോയി; പിന്നാലെ പാസ്‌വേഡ് ചോദിച്ച് കള്ളൻ്റെ സന്ദേശം എത്തിയെന്ന് യുവതി
dot image

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഐഫോൺ മോഷണം പോയ സംഭവത്തിൽ രസകരമായ വഴിത്തിരിവ്. ഫോൺ മോഷ്ടിച്ചയാൾ പിന്നീട് തന്നെ ബന്ധപ്പെട്ട് ഐഫോണിന്റെ പാസ്‌വേഡ് ആവശ്യപ്പെട്ടതായി ആരോപിച്ച് യുവതി രം​ഗത്ത്. മോഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. സെപ്റ്റംബർ 12ന് ക്ലെമന്റ് ടൗണിൽ തന്റെ ഐഫോണും സുഹൃത്തിന്റെ സഹോദരൻ സാക്ഷം നേഗിയുടേതടക്കം നിരവധി മൊബൈൽ ഫോണുകളും മോഷണം പോയതായാണ് പരാതിക്കാരിയായ കൗശികി ധ്യാനി പറയുന്നത്. പ്രദേശത്തെ താമസക്കാരുടെ ലാപ്‌ടോപ്പുകൾ, മാക്‌ബുക്കുകൾ, മൊബൈൽ ഫോണുകൾ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങളും മോഷണം പോയതായും അവർ പരാതിപ്പെടുന്നു. എന്നാൽ പരാതികൾ പൊലീസ് ഗൗരവമായി പരിഗണിച്ചില്ലെന്നും ചില സന്ദർഭങ്ങളിൽ പരാതികൾ സ്വീകരിക്കാൻ പോലും തയ്യാറായില്ലെന്നുമാണ് കൗശികി ധ്യാനിയുടെ പരാതി.

മോഷണം പോയതിന് പിന്നാലെ തന്റെ ഐഫോൺ കൈവശമുള്ളയാൾ തന്നെ നേരിട്ട് ബന്ധപ്പെട്ടതോടെയാണ് സംഭവം കൂടുതൽ ഗൗരവമായതെന്നാണ് കൗശികി പറയുന്നത്. ഫോണിൽ ഒരു കോൺടാക്ട് നമ്പർ കാണുന്ന നിലയിലായിരുന്നതിനാൽ ഫോൺ കൈവശപ്പെടുത്തിയ വ്യക്തിക്ക് തന്നെ ബന്ധപ്പെടാൻ കഴിഞ്ഞതായാണ് കൗശികിയുടെ വാദം. തുടർന്ന് ഐഫോണിന്റെ പാസ്‌വേഡ് ആവശ്യപ്പെട്ട് എസ്‌എംഎസ്, വാട്‌സ്ആപ്പ് സന്ദേശങ്ങൾ ലഭിച്ചതായാണ് യുവതി പറയുന്നത്. മോഷ്ടിച്ച ഫോൺ കൈവശമുള്ളയാൾക്ക് ഉടമയെ നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞത് എങ്ങനെയെന്നതിൽ ചോദ്യം ഉയരുന്നുണ്ട്.

തന്റെ ഫ്ലാറ്റിൽ മാത്രമല്ല മോഷണം നടന്നതെന്നും കൗശികി പറഞ്ഞു. ഒരേ കെട്ടിടത്തിൽ നിന്ന് അഞ്ച് മുതൽ ആറ് വരെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മോഷണം പോയതായാണ് കൗശികിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. അതേദിവസം സമീപത്തെ പേയിങ് ഗസ്റ്റ് താമസസ്ഥലങ്ങളിലും ഹോസ്റ്റലുകളിലും ഇതേ സംഘം മോഷണം നടത്തിയതായും ഇവർ ആരോപിക്കുന്നു. രാവിലെ നാല് മണിക്കും എട്ട് മണിക്കും ഇടയിലാണ് മോഷണങ്ങൾ നടന്നതെന്നാണ് കൗശികിയുടെ പറയുന്നത്. തന്റെ ഫ്ലാറ്റാണ് അവസാനമായി ലക്ഷ്യമിട്ടതെന്നും അവർ പറഞ്ഞു. ആദ്യ മോഷണങ്ങൾക്ക് ശേഷവും സംഭവങ്ങൾ തുടർന്നതായും അതേ പ്രദേശത്ത് 16 മോഷണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായും അവർ പരാതിപ്പെടുന്നു. മോഷണം സംബന്ധിച്ച് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ നേരിടേണ്ടിവന്ന അനുഭവവും കൗശികി വിശദീകരിച്ചു. സ്റ്റേഷനിൽ ആരും ലഭ്യമല്ലെന്നും പിന്നീട് വരണമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് ഇവരുടെ ആരോപണം. പൊലീസിനെ ഭയപ്പെടാത്ത സ്ഥിതിയിലാണ് മോഷ്ടാക്കളെന്നും അവരെ പിടികൂടാനോ നടപടിയെടുക്കാനോ ഉത്തരാഖണ്ഡ് പൊലീസിന് കഴിയില്ലെന്ന് അവർക്ക് അറിയാമെന്നും കൗശികി തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ആരോപിച്ചിട്ടുണ്ട്.

Content Highlights: A woman who lost her iPhone to theft a month ago claims she later received a message from the thief asking for the phone's password

dot image
To advertise here,contact us
dot image