

ചെന്നൈ: തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ കുട്ടിയെ ഉപയോഗിച്ചതിന് തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസ്. ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി ധാരാപുരത്ത് നടന്ന യോഗത്തില്‍ കുട്ടിയെ പങ്കെടുപ്പിച്ചത് തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഉയരുന്ന വിമര്‍ശനം. ഇത് ചൂണ്ടിക്കാട്ടിയാണ് ഉദയനിധിക്കെതിരെ ധാരാപുരം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ശനിയാഴ്ച ധാരാപുരത്തെ പെരിയാര്‍ പ്രതിമയ്ക്ക് സമീപം ഉദനിധി പങ്കെടുത്ത പൊതു യോഗത്തിലാണ് സംഭവും നടന്നതെന്നാണ് തിരുപ്പൂര്‍ ജില്ലാ പൊലീസിന്റെ വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ട്. ഉദയനിധി യോഗത്തിനിടയില്‍ ഒരു കുട്ടിയക്കൊണ്ട് സംസാരിപ്പിച്ചതായും അത് മുഖ്യമന്ത്രി വിജയ്‌ക്കെതിരായ അധിക്ഷേപമായിരുന്നെന്നുമാണ് റിപ്പോർട്ട്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചെന്നും ആരോപണമുണ്ട്. ഇത് സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
കുട്ടിയുടെ പേരോ പ്രായമോ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന്റെ പത്രക്കുറുപ്പില്‍ നല്‍കിയിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം സ്ഥിരീകരിച്ചെങ്കിലും, ഒരു വ്യക്തിയില്‍ നിന്നോ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനില്‍ നിന്നോ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണോ നടപടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
Content Highlights: Tamil Nadu Opposition Leader Udhayanidhi Stalin has been booked by Dharapuram Police over the participation of a child at an election meeting held during the bypoll campaign. The move follows criticism that the participation violated election conduct rules.