ഒമാൻ വിഷൻ 2040: ദാഹിറയിൽ കൂടുതൽ പൊതു പാർക്കുകളും ആരോഗ്യ നടപ്പാതകളും ഒരുങ്ങുന്നു

രാജ്യത്തിന്റെ സുസ്ഥിര നഗരവികസനം ലക്ഷ്യമിട്ടുള്ള 'ഒമാൻ വിഷൻ 2040'-ന്റെ ഭാഗമായാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്

ഒമാൻ വിഷൻ 2040: ദാഹിറയിൽ കൂടുതൽ പൊതു പാർക്കുകളും ആരോഗ്യ നടപ്പാതകളും ഒരുങ്ങുന്നു
dot image

ഒമാനിലെ ദാഹിറ ഗവർണറേറ്റിൽ ജനങ്ങളുടെ നഗരജീവിത നിലവാരം ഉയർത്തുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി വൻതോതിലുള്ള ഹരിതവത്ക്കരണ പദ്ധതികൾ പുരോഗമിക്കുന്നു. പൊതുജനാരോഗ്യം മുൻനിർത്തി പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, വ്യായാമത്തിനായുള്ള ആരോഗ്യ നടപ്പാതകൾ എന്നിവ വികസിപ്പിക്കുന്ന ജോലികൾക്കാണ് ഇവിടെ മുൻഗണന നൽകുന്നത്. രാജ്യത്തിന്റെ സുസ്ഥിര നഗരവികസനം ലക്ഷ്യമിട്ടുള്ള 'ഒമാൻ വിഷൻ 2040'-ന്റെ ഭാഗമായാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.

നിലവിൽ 1.73 ലക്ഷത്തിലേറെ ചതുരശ്ര മീറ്റർ വിസ്തൃതിയിലായി 21 പാർക്കുകളും വിനോദകേന്ദ്രങ്ങളും 9.8 കിലോമീറ്റർ നീളമുള്ള നടപ്പാതകളും ദാഹിറയിലുണ്ടെന്ന് ബലദിയ ഡയറക്ടർ ജനറൽ എഞ്ചിനീയർ നസീർ ബിൻ അലി അൽ സിയാബി അറിയിച്ചു. ഇതിൽ ഏറ്റവും കൂടുതൽ വിനോദ സൗകര്യങ്ങളുള്ളത് ഇബ്രിയിലാണ്. 85,901 ചതുരശ്ര മീറ്ററിലായി വ്യാപിച്ച് കിടക്കുന്ന അഞ്ച് പൊതു പാർക്കുകൾ, 6,100 മീറ്റർ നീളമുള്ള നാല് നടപ്പാതകൾ, കുട്ടികളുടെ പ്രത്യേക പാർക്കുകൾ എന്നിവയുൾപ്പെടെ 14 കേന്ദ്രങ്ങളാണ് ഇബ്രിയിലുള്ളത്.

യാൻഖൂൽ വിലായത്തിൽ ഗവർണറേറ്റിലെ പ്രമുഖ പാർക്കുകളിലൊന്നായ 'യൻഖൽ പബ്ലിക് പാർക്കും' (52,000 ചതുരശ്ര മീറ്റർ) 2,500 മീറ്റർ നടപ്പാതകളുമുണ്ട്. ദങ്ക് വിലായത്തിൽ 20,988 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പബ്ലിക് പാർക്കിനും നടപ്പാതകൾക്കും പുറമെ പ്രകൃതിമനോഹരമായ 'ഖറാഹ് സിത്താ അല നാച്ചുറൽ പാർക്കും' ജനങ്ങൾക്ക് വേറിട്ട അനുഭവമാകുന്നു.

ഇവയ്ക്ക് പുറമെ വൻകിട നഗരവികസന പദ്ധതികളുടെ നിർമ്മാണവും ദാഹിറയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇബ്രി നഗരമധ്യത്തിൽ 2,05,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന പബ്ലിക് പാർക്കാണ് ഇതിൽ ഏറ്റവും പ്രധാനം. നിർമ്മാണം പൂർത്തിയാകുന്നതോടെ ഗവർണറേറ്റിലെ ഏറ്റവും വലിയ പാർക്കായി മാറുന്ന ഇവിടെ വിശാലമായ പുൽത്തകിടികൾ, റണ്ണിങ് ട്രാക്കുകൾ, സാംസ്കാരിക കൂട്ടായ്മകൾക്കുള്ള വേദികൾ, വലിയ പാർക്കിങ് സൗകര്യം എന്നിവ ലഭ്യമാകും. സ്വകാര്യ നിക്ഷേപകർക്കും ഇവിടെ വലിയ അവസരങ്ങളുണ്ട്.

കൂടാതെ, ദങ്കിലെ മലയോര പ്രകൃതിസൗന്ദര്യം പ്രയോജനപ്പെടുത്തിയുള്ള 'ഇത്‌ലാ ലത് ദങ്ക്', യാൻഖൂലിലെ 'ഇത്‌ലാ ലത് യൻഖൽ' എന്നീ പദ്ധതികൾ മേഖലയിലെ വിനോദസഞ്ചാരത്തിന് പുതിയ ഉണർവ് നൽകും. പാർക്കുകളും ഹരിതമേഖലകളും വെറുമൊരു അലങ്കാരമല്ലെന്നും ജനങ്ങളുടെ ശാരീരികക്ഷമതയും ആരോഗ്യവും ഉറപ്പുവരുത്താനുള്ള ഭരണകൂടത്തിന്റെ കരുതലാണെന്നും നസീർ ബിൻ അലി അൽ സിയാബി വ്യക്തമാക്കി.

Content Highlights: New public parks and health-focused walking paths are being planned in Al Dhahirah Governorate under Oman Vision 2040. The projects aim to improve public spaces, encourage physical activity and support the development of more liveable communities.

dot image
To advertise here,contact us
dot image