

ഒമാനിൽ ഗവേഷണ മേഖലയ്ക്ക് കൂടുതൽ കരുത്തേകി 467 ഗവേഷണ പദ്ധതികൾക്കായി 22 ലക്ഷം ഒമാനി റിയാലിന്റെ ധനസഹായം അനുവദിച്ചു. 2026-ലെ ഗവേഷണ പദ്ധതികളുടെ ഭാഗമായി റിസർച്ച് ആൻഡ് ഇന്നൊവേഷൻ അതോറിറ്റിയുടെ സ്ഥാപനാധിഷ്ഠിത ധനസഹായ പദ്ധതി വഴിയാണ് ഈ ഭീമമായ തുക വകയിരുത്തിയത്.
രാജ്യത്തെ 28 പ്രമുഖ ഉന്നത വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിൽ നിന്നായി സമർപ്പിക്കപ്പെട്ട പദ്ധതികൾക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക. ഇതിൽ ഗവേഷകരുടെ വിവിധ ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന 127 ഡോക്ടറൽ (പിഎച്ച്ഡി) ഗവേഷണ പദ്ധതികളും 162 ബിരുദാനന്തര (പോസ്റ്റ് ഗ്രാജുവേറ്റ്) പദ്ധതികളും 178 ബിരുദതല (അണ്ടർ ഗ്രാജുവേറ്റ്) വിദ്യാർത്ഥികളുടെ ഗവേഷണങ്ങളും ഉൾപ്പെടുന്നുണ്ട്.
വിദ്യാഭ്യാസം, മാനവവിഭവശേഷി, പരിസ്ഥിതി, ജൈവവിഭവങ്ങൾ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT), ആരോഗ്യം, സാമൂഹിക സേവനങ്ങൾ, ഊർജ്ജം, വ്യവസായം, സംസ്കാരം, മാനവിക വിഷയങ്ങൾ, അടിസ്ഥാന ശാസ്ത്രങ്ങൾ, നഗരാസൂത്രണം തുടങ്ങി വൈവിധ്യമാർന്ന മേഖലകളെ സ്പർശിക്കുന്നതാണ് ഈ പദ്ധതികൾ.
സ്വദേശികളുടെ ഗവേഷണശേഷി വളർത്തുന്നതിനൊപ്പം ശാസ്ത്രീയവും സാമ്പത്തികവും സാമൂഹികവുമായ മൂല്യമുള്ള പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശാസ്ത്രീയ ഗവേഷണങ്ങളെ ദേശീയ മുൻഗണനകളുമായി ബന്ധിപ്പിക്കാനും, 'ഒമാൻ വിഷൻ 2040'-ന്റെ വൻകിട ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ ധനസഹായം വഴിയൊരുക്കുമെന്ന് റിസർച്ച് ആൻഡ് ഇന്നൊവേഷൻ അതോറിറ്റി വ്യക്തമാക്കി.
Content Highlights: Oman’s Research and Innovation Authority has approved OMR 2.2 million in funding for 467 research proposals from 28 higher education and research institutions. The funding covers doctoral, graduate and undergraduate research across fields including health, technology, energy, environment and urban planning.