ലീ സീ ബീനിന്‌റെ കുറിപ്പുമായി ബന്ധപ്പെട്ട് പിന്നീട് അന്വേഷണം നടന്നില്ല; എല്ലാവശങ്ങളും അന്വേഷിക്കണം: M K മുനീര്‍

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

ലീ സീ ബീനിന്‌റെ കുറിപ്പുമായി ബന്ധപ്പെട്ട് പിന്നീട് അന്വേഷണം നടന്നില്ല; എല്ലാവശങ്ങളും അന്വേഷിക്കണം: M K മുനീര്‍
dot image

കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിച്ച് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍. 2006-ല്‍ ലീ സീ ബീനിന്‌റെ ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്നും എല്ലാവശങ്ങളും അന്വേഷിക്കണമെന്നും അന്ന് മന്ത്രിയായിരുന്ന എം കെ മുനീര്‍ പറഞ്ഞു.

തന്റെ സര്‍ക്കാരിന്റെ അവസാന കാലത്താണ് ഗ്യാനേഷ് പിഡബ്യുഡി സെക്രട്ടറിയായി ചുമതല ഏറ്റത്. ലീ സീ ബീനിന്‌റെ ആത്മഹത്യയില്‍ അന്വേഷണം വേണം. ആത്മഹത്യാ കുറിപ്പില്‍ എന്താണ് പറഞ്ഞത് എന്ന് അറിയണം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മരിച്ച ലീ സീ ബീന്‍ ആത്മാര്‍ത്ഥതയുള്ള വ്യക്തിയായിരുന്നു. ബില്ലുകള്‍ തഴയപ്പെട്ടോ എന്ന് പരിശോധിക്കണം. തന്റെ സര്‍ക്കാരിന്റെ കാലത്ത് ബില്ലുകള്‍ തഴയപ്പെട്ടിട്ടില്ല. ആത്മഹത്യാ പ്രേരണ ഉണ്ടായോ എന്നുള്ളത് അന്വേഷിക്കണം. പിന്നീട് വന്ന സര്‍ക്കാരായിരുന്നു അന്വേഷണം നടത്തേണ്ടിയിരുന്നതെന്നും എം കെ മുനീര്‍ പറഞ്ഞു.

ഗ്യാനേഷ് കുമാര്‍ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്നപ്പോള്‍ നടത്തിയ അഴിമതിയെക്കുറിച്ച് പരാതി കിട്ടിയെന്നും വിശദമായി പരിശോധിച്ചപ്പോള്‍ അതില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടുവെന്നുമായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും തുടർന്ന് വിജിലന്‍സ് ഡയറക്ടറോട് നിയമനടപടി സ്വീകരിക്കാന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി.

'2006-ല്‍ കേരളത്തിലെ പിഡബ്യുഡി സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാര്‍. അന്നാണ് വേള്‍ഡ് ബാങ്കിന്റെ 215 കോടി രൂപയുടെ പ്രൊജക്ട് എം സി റോഡിന്‌റെ പുനര്‍നിര്‍മാണത്തിനായി ചെലവഴിക്കാന്‍ തീരുമാനിച്ചത്. ഒരു മലേഷ്യന്‍ കമ്പനിയാണ് ആ വര്‍ക്ക് ഏറ്റെടുത്തത്. അതിന്‌റെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുന്ന സന്ദര്‍ഭത്തില്‍ അതിന്‌റെ പ്രൊജക്ട് എഞ്ചിനിയറായിരുന്ന ലീ സീ ബീന്‍ ധാരാളം പരാതികളുന്നയിക്കുകയും മലേഷ്യയില്‍ എത്തിയ ശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തു.

ആത്മഹത്യാ കുറിപ്പില്‍ ഗ്യാനേഷ് കുമാറിനെ കുറിച്ച് വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഇതുള്‍പ്പെടെ അന്ന് വിജിലന്‍സ് പരിശോധിച്ചു. പക്ഷെ സര്‍ക്കാര്‍ മാറി, പിന്നീട് അന്വേഷണം മുന്നോട്ട് പോയില്ല. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മലയിന്‍കീഴ് വേണുഗോപാല്‍ എനിക്ക് പരാതി നല്‍കിയത്. വിശദമായ അന്വേഷണം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി സംസാരിച്ചു. വിജിലന്‍സ് ഡയറക്ടറോട് നിയമനടപടി സ്വീകരിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. വാസ്തവത്തില്‍ തേച്ചു മായ്ച്ചു കളഞ്ഞ കേസാണിത്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഗ്യാനേഷ് കുമാറിനെ ട്രാന്‍സ്ഫര്‍ ചെയ്തു, ഡല്‍ഹിയിലേക്ക് പോയി. പരാതി കിട്ടിയത് ഗ്യാനേഷ് കുമാറിന് എതിരെയാണ്. എന്തൊക്കെ അന്വേഷിക്കണം എന്ന് വിജിലന്‍സ് തീരുമാനിക്കും', അദ്ദേഹം പറഞ്ഞു.

 20 വര്‍ഷം മുമ്പ് തീര്‍പ്പാക്കിയ കേസില്‍ ഇന്നാണ് പുനരന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഗ്യാനേഷ്‌കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടാകും. കെഎസ്ടിപി അഴിമതി ആരോപണത്തിലാണ് പുനരന്വേഷണം നടത്തുന്നത്. തീര്‍പ്പാക്കിയ ഫയല്‍ വീണ്ടും തുറക്കാനാണ് നീക്കം.

Content Highlights: m k muneer reacts to vigilance probe against gyanesh kumar

dot image
To advertise here,contact us
dot image