

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസ പ്രവര്‍ത്തക ഗീതാഞ്ജലി അങ്‌മോ. കൊടികള്‍ മാത്രമേ മാറുന്നുളളു എന്നും ഇരുപാര്‍ട്ടികളുടെയും രീതികള്‍ ഒന്നാണ് എന്നുമാണ് ഗീതാഞ്ജലി അങ്‌മോ പറയുന്നത്. ബിജെപി തങ്ങളെ ചൈനീസ് ഏജന്റുമാര്‍ എന്നും രാജ്യദ്രോഹികള്‍ എന്നും വിളിച്ചെന്നും പ്രതിഷേധത്തെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് തങ്ങളെ സംഘികള്‍ എന്ന് പരിഹസിച്ചെന്നുമാണ് ഗീതാഞ്ജലി അങ്‌മോ പറയുന്നത്. ഇന്ത്യയ്ക്ക് ഭരണമാറ്റമല്ല രാഷ്ട്രീയ സംസ്‌കാരത്തിലെ മാറ്റമാണ് വേണ്ടതെന്നും വിയോജിപ്പുകളെ അധിക്ഷേപങ്ങള്‍ കൊണ്ടല്ല സംവാദങ്ങള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും ഗീതാഞ്ജലി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അവരുടെ പ്രതികരണം.
'സോനം വാങ്ചുക്ക് തടവിലാക്കപ്പെട്ടപ്പോള്‍ ബിജെപി ഐടി സെല്‍ ഞങ്ങളെ ദേശവിരുദ്ധരെന്നും ചൈനീസ് ഏജന്റുമാര്‍ എന്നും വിദേശ ഫണ്ട് കൈപ്പറ്റുന്നവരെന്നും തുടങ്ങി മെനഞ്ഞെടുക്കാവുന്ന എല്ലാവിധ മുദ്രകളും ചുമത്തി വിളിച്ചു. ഇന്ന്, പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ആത്മാര്‍ത്ഥതയില്ലാത്തതാണ് എന്ന് ഞങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് അനുകൂലികള്‍ ഞങ്ങളെ 'സംഘികള്‍' എന്നും ആര്‍എസ്എസിന്റെയും ബിജെപിയുടെയും ദല്ലാളന്മാര്‍ എന്നും വിളിക്കുകയാണ്. കൊടികള്‍ വ്യത്യസ്തമാണ്. പക്ഷെ രീതികള്‍ ഒന്നുതന്നെ. നമ്മുടെ രാഷ്ട്രീയ സംസ്‌കാരം മുഴുവന്‍ ജീര്‍ണ്ണത ബാധിച്ചിരിക്കുന്നു. ഇന്ത്യയ്ക്ക് ആവശ്യം കേവലം ഭരണമാറ്റമല്ല. മറിച്ച് രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശൈലിയില്‍ തന്നെ മാറ്റം വരണം. വിയോജിപ്പുകളെ അപരവല്‍ക്കരണത്തിലൂടെയല്ല മറിച്ച് സംവാദത്തിലൂടെ നേരിടുന്ന രീതി വേണം. പാര്‍ട്ടിയോടുളള കൂറ് കൊണ്ടല്ല മറിച്ച് സത്യസന്ധത കൊണ്ട് ദേശസ്‌നേഹം അളക്കപ്പെടുന്ന അവസ്ഥയുണ്ടാകണം. സത്യത്തിന് പ്രാധാന്യം നല്‍കുന്ന സംസ്‌കാരമുണ്ടാകണം. അതാണ് നമുക്കാവശ്യം': ഗീതാഞ്ജലി അങ്‌മോ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. രണ്ട് എഫ്‌ഐആറുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. ലോക് കല്യാണ്‍ മാര്‍ഗിലെ ഗേറ്റിന് മുന്നിലായിരുന്നു രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ 10 രാജാജി മാര്‍ഗിലെ വസതിയില്‍ നിന്നും അരക്കിലോമീറ്ററോളം അകലെയാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനകവാടം. ഖര്‍ഗെയുടെ വസതിയില്‍ നിന്നും കാല്‍നടയായാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയത്. ഒരുമണിക്കൂറിനകം പ്രതിഷേധിച്ച ചില നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം ശക്തമായതോടെ റോഡുകള്‍ അടച്ച പൊലീസ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും രംഗത്തിറക്കുകയായിരുന്നു. പിന്നീട് രാഹുല്‍ അടക്കമുള്ള കൂടുതല്‍ പേരെ ശക്തമായി പിടിച്ചുനീക്കുകയും ചെയ്തിരുന്നു.
Content Highlights: Social activist Gitanjali Angmo criticizes both BJP and Congress over labeling opponents, stating both parties follow the same tactics under different flags.