പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും

അയോധ്യ രാമക്ഷേത്ര കൊള്ള, E20 പെട്രോള്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന

പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും
dot image

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍. പരീക്ഷാ ക്രമക്കേടില്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം വഴങ്ങുമെന്നാണ് സൂചന. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസില്‍ രാവിലെ യോഗം ചേരും. അയോധ്യ രാമക്ഷേത്ര കൊള്ള, ഇ20 പെട്രോള്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെടും.

ഇ20 ജനത പാര്‍ട്ടി എന്ന പേരില്‍ സമൂഹ മാധ്യമ കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ടുകള്‍ തുടങ്ങി. ഇജെപി എന്ന പേരിലാണ് അക്കൗണ്ടുകള്‍. ഇതിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെങ്കിലും ഇ20 പെട്രോള്‍ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള അവകാശത്തിനായി പോരാട്ടം എന്നാണ് ഇജെപിയുടെ മുദ്രാവാക്യം. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ കാരണം വാഹനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും പ്രതിഷേധങ്ങളെ കുറിച്ചുമുള്ള പോസ്റ്റുകളാണ് ഇജെപി പങ്കുവെക്കുന്നത്.

അയോധ്യ, ഇ20 പെട്രോള്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം പ്രിതഷേധം കടുപ്പിക്കുമെന്ന സൂചനയാണ് സന്തോഷ് കുമാര്‍ എംപി റിപ്പോര്‍ട്ടറിനോട് സംസാരിക്കവെ നല്‍കിയതും. ധര്‍മേന്ദ്ര പ്രധാന്റെ രാജിയോടെ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം നേടിക്കഴിഞ്ഞുവെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. പല പ്രധാനപ്പെട്ട പ്രശ്‌നങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. അയോധ്യ, ഇ20 പെട്രോള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉണ്ട്. വരും ദിവസങ്ങളില്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കും. വിദ്യാഭ്യാസ ബില്ലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കണം എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 'അമിത് ഷാ ആയിരം വട്ടം മാപ്പ് പറയണം എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. മോദി സര്‍ക്കാരിനെ നേരിടാന്‍ കഴിയില്ല എന്ന അന്തരീക്ഷം മാറി. പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യത്തോടെ അണിനിരക്കാന്‍ സാധിച്ചു എന്നതാണ് സാഹചര്യം', സന്തോഷ് കുമാര്‍ പ്രതികരിച്ചു. ബില്‍ കൊണ്ടുവന്നത് കൊണ്ട് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പരിഹാരം ആകില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു.

Content Highlights: The Public Examinations Amendment Bill, 2026 is set to be introduced in the Lok Sabha today, with the Opposition expected to extend its support.

dot image
To advertise here,contact us
dot image