തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമം; 11കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി എൻകൗണ്ടറിൽ കൊല്ലപ്പെട്ടു

പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത് മുന്‍കൂട്ടിയുള്ള പദ്ധതിപ്രകാരമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു

തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമം; 11കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി എൻകൗണ്ടറിൽ കൊല്ലപ്പെട്ടു
dot image

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബാരൂയിപൂര്‍ പീഡനക്കേസിലെ പ്രതി പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി കുറ്റകൃത്യം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതി പ്രബോഷ് മണ്ഡലാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കൊല്ലപ്പെട്ടതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ബാരൂയിപൂരിലെ സൂര്യപൂരിലാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

കൊല്‍ക്കത്തിലെ പ്രാന്തപ്രദേശങ്ങളിലൊന്നായ ബാരൂയിപൂരിലെ ഒരു കുളത്തില്‍ ചാക്കില്‍കെട്ടിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കേസിലെ നാലു പ്രതികളില്‍ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ടത്. ആനന്ദ സര്‍ദാര്‍, ദിബാകര്‍ സര്‍ദാര്‍, കബീര്‍ മൊല്ലാഹ് എന്നിവരാണ് മറ്റ് പ്രതികള്‍. ആനന്ദയും ദിബാകറും കുറ്റമേറ്റിട്ടുണ്ട്. ഞായറാഴ്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികള്‍ റെയില്‍വേ ട്രാക്കുകളും പൊലീസ് വാഹനങ്ങളും നശിപ്പിച്ചിരുന്നു.

പൊതുമുതല്‍ നശിപ്പിച്ചതിന് ഇരുപതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന സംശയത്തില്‍ നിരപരാധിയായ ഇന്ദ്രജീത്ത് മൊണ്ടല്‍ എന്നയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍പ്പെട്ടവരാണ് അറസ്റ്റിലായതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സുവേന്ദു അധികാരി പെണ്‍കുട്ടിയുടെയും ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടയാളുടെയും വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. തിരിച്ചറിയാവുന്ന ഏകദേശം ഇരുന്നൂറോളം പേര്‍ അക്രമാസക്തമായ രീതിയില്‍ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത് മുന്‍കൂട്ടിയുള്ള പദ്ധതിപ്രകാരമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട പ്രതിയാണ് പെണ്‍കുട്ടിയെ സംഭവസ്ഥലത്ത് എത്തിച്ചത്. മറ്റ് പ്രതികള്‍ അവിടെ ഉണ്ടായിരുന്നു. കുട്ടിയെ ചാക്കില്‍ക്കെട്ടി കുളത്തില്‍ തള്ളുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയുടെ ശ്വാസകോശത്തില്‍ വെള്ളം കണ്ടെത്തിയിരുന്നു.

Content Highlights: The accused in Baruipur case was killed in a police encounter after allegedly attempting to snatch a police firearm

dot image
To advertise here,contact us
dot image