ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷം, ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം

ഹിമാചൽ പ്രദേശിൽ കുളുവിലെ ഗര്‍ഷ താഴ്വരയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ; മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷം, ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം
dot image

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയില്‍ മഴക്കെടുതി രൂക്ഷം. മുംബൈയില്‍ റെഡ് അലേര്‍ട്ട് തുടരുന്നുണ്ട്. നഗരത്തിലും സംസ്ഥാനത്തെ വിവിധയിടങ്ങളിലും ഒരാഴ്ച്ചയായി തുടരുന്ന മഴ ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജൂലൈ ഒന്ന് മുതല്‍ ഏഴുവരെ 805 മില്ലീമീറ്റര്‍ മഴയാണ് കൊളാബയില്‍ മാത്രം പെയ്തത്. പാല്‍ഘര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ രണ്ട് മണിക്കൂറിനിടെ 300 മില്ലീമീറ്റര്‍ മഴ പെയ്തത് വലിയ വെളളക്കെട്ടിന് കാരണമായി. താനെ, നവി മുംബൈ, വസായ്, കല്യാണ്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളിലും പെരുമഴയും വെളളക്കെട്ടും തുടരുകയാണ്.

പൂനൈ മാവലില്‍ വീട് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചിരുന്നു. ഖേഡ് താലൂക്കില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. ഇയാളെ കണ്ടെത്താനായിട്ടില്ല. നിരവധിയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. ട്രാക്കിലെ കല്ലുകള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് കര്‍ജത്തിനും ഖൊപ്പോളിക്കുമിടയിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് മധ്യ റെയില്‍വേ ഇന്നലെ 12 മണിക്കൂറോളം നിര്‍ത്തിവെച്ചിരുന്നു.

ഡല്‍ഹിയിലും കനത്ത മഴ തുടരുകയാണ്. ഇന്ന് രാവിലെ മുതല്‍ പരക്കെ മഴ ലഭിക്കുന്നുണ്ട്. കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ശക്തമായ മഴയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി 32 റോഡുകള്‍ അടച്ചു. രാജസ്ഥാനില്‍ ശക്തമായ മഴയില്‍ ദുംഗര്‍പൂര്‍ സിറ്റിയില്‍ വെളളം കയറി. ഡല്‍ഹിയില്‍ ബംഗാളി മാര്‍ക്കറ്റില്‍ മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനമുണ്ടായി. കുളുവിലെ ഗര്‍ഷ താഴ്വരയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. റോഡുകള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Torrential monsoon rains trigger havoc across North India. A devastating cloudburst causes flash floods in Himachal Pradesh, while continuous downpours bring Maharashtra to a standstill.

dot image
To advertise here,contact us
dot image