E20 നയം നേട്ടമാക്കി ഗഡ്​കരിയുടെ മക്കളുടെ കമ്പനി, ഓഹരി കുതിച്ചത് 40 രൂപയിൽ നിന്ന് 3600ലേക്ക്

2023 ഏപ്രിലിൽ കേന്ദ്ര സർക്കാർ E20 എഥനോൾ മിശ്രിത ഇന്ധന നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ വ്യാപനത്തിന് വേഗം കൂടിയത്

E20 നയം നേട്ടമാക്കി ഗഡ്​കരിയുടെ മക്കളുടെ കമ്പനി, ഓഹരി കുതിച്ചത് 40 രൂപയിൽ നിന്ന് 3600ലേക്ക്
dot image

ഇന്ത്യയിൽ 2025 ഏപ്രിൽ മുതൽ രാജ്യവ്യാപകമായി E20 പെട്രോൾ (20% എഥനോൾ + 80% പെട്രോൾ) നിർബന്ധമാക്കിയതോടെ അത് വലിയ രാഷ്ട്രീയ-പൊതുചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുക, വായുമലിനീകരണം നിയന്ത്രിക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ പഴയ വാഹനങ്ങളിലെ പ്രകടനം, മൈലേജ് കുറയുമെന്ന ആശങ്ക, കൂടാതെ താൽപര്യസംഘർഷ ആരോപണങ്ങൾ എന്നിവ കാരണം പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത് സിയാൻ അഗ്രോ എന്ന ഓഹരിയിലുണ്ടായ വമ്പൻ കുതിപ്പാണ്. പെട്രോളിൽ എഥനോൾ ചേർക്കാനുള്ള നയം തുടങ്ങുമ്പോൾ 40 രൂപയായിരുന്നു സിയാൻ അഗ്രോ എന്ന കമ്പനിയുടെ ഓഹരിവില. ഒന്നര വർഷം കൊണ്ട് ഓഹരി കുതിച്ചത് 3600 രൂപയിലേക്കാണ്. ലാഭമാകട്ടെ 10 ലക്ഷം രൂപയിൽ നിന്നും 52 കോടിയിലേക്കും കുതിച്ചു. എഥനോൾ വിവാദത്തിൽ ഉൾപ്പെട്ട ഈ കമ്പനിയുടെ നേതൃ സ്ഥാനത്തുള്ളത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മകൻ നിഖിൽ ഗഡ്കരിയാണ്. ഇതാണ് വിവാദങ്ങൾക്ക് ചൂടുപിടിപ്പിക്കുന്നത്.

മറ്റൊരു കമ്പനി മാനസ് അഗ്രോക്കും കുടുംബബന്ധമുണ്ടെന്നാണ് വിമർശനം.എന്നാൽ ഈ ആരോപണങ്ങൾ നിതിൻ ഗഡ്കരി നിഷേധിച്ചു. E20 നയം വരുന്നതിന് മുമ്പേ കമ്പനികൾ പ്രവർത്തനം തുടങ്ങിയതാണെന്നും, രാജ്യത്തെ മൊത്തം എഥനോൾ ഉൽപാദനത്തിൽ അവരുടെ പങ്ക് വളരെ ചെറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. എഥനോൾ കരാറുകൾ നൽകുന്നത് പെട്രോളിയം മന്ത്രാലയമാണെന്നും, തനിക്ക് അതിൽ പങ്കില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ പ്രതിപക്ഷം ഇതിനെതിരെ ശക്തമായ ഭാഷയിലാണ് വിമർശിക്കുന്നത്.

അച്ഛൻ നയം രൂപപ്പെടുത്തുന്നു, മക്കൾ ലാഭമുണ്ടാക്കുന്നു എന്ന പരാമർശത്തോടെയാണ് കോൺഗ്രസ് ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ചത്.

Also Read:

ഭക്ഷ്യഎണ്ണ നിർമാതാക്കളായിരുന്ന സിയാൻ അഗ്രോ ഇൻഡസ്ട്രീസ് പിന്നീട് എഥനോൾ മേഖലയിലേക്ക് അതിവേഗം പ്രവേശിക്കുകയായിരുന്നു. 2023 ഏപ്രിലിൽ കേന്ദ്ര സർക്കാർ E20 എഥനോൾ മിശ്രിത ഇന്ധന നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ വ്യാപനത്തിന് വേഗം കൂടിയത്. 2024 ജനുവരിയിൽ കാർബൺ ഡയോക്സൈഡിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കുന്ന പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു.

അതേ കാലയളവിൽ പഞ്ചസാര നിർമാണ കമ്പനിയായ സെക്-വൺ സെയിൽസ് ഏറ്റെടുത്ത സിയാൻ, നിതിൻ ഗഡ്കരിയുടെ ഇളയ മകൻ സാരംഗ് ഗഡ്കരിയുമായി ബന്ധമുള്ള മാനസ് അഗ്രോയെയും ഗ്രൂപ്പിന്റെ ഭാഗമാക്കി. ഇതോടെ എഥനോൾ ഉൽപാദനത്തിനാവശ്യമായ പഞ്ചസാര-ഡിസ്റ്റിലറി ശൃംഖലയിലേക്കുള്ള കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തമായി.

ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഭക്ഷ്യഎണ്ണ കമ്പനിയിൽ നിന്ന് വിവിധ മേഖലകളിലേക്ക് വ്യാപിച്ച ഒരു ബഹുമുഖ വ്യവസായ ഗ്രൂപ്പായി സിയാൻ അഗ്രോ വളർന്നു. ഇന്ന് കൃഷി, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം, പഞ്ചസാര, വൈദ്യുതി, വളം, ഡിസ്റ്റിലറി, എൽപിജി, മോട്ടോർ സ്പിരിറ്റ്, ഇന്ത്യൻ നിർമിത വിദേശ മദ്യം (IMFL), നാടൻ മദ്യം എന്നിവ ഉൾപ്പെടെ നിരവധി മേഖലകളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.

2024 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വെറും 17 കോടി രൂപ മാത്രമായിരുന്നു സിയാൻ അഗ്രോയുടെ പ്രവർത്തന വരുമാനം. എന്നാൽ 2026 ജൂൺ പാദത്തിൽ അത് 511 കോടി രൂപയായി ഉയർന്നു.

ഇതേ കാലയളവിൽ കമ്പനിയുടെ അറ്റലാഭം 10 ലക്ഷം രൂപയിൽ നിന്ന് 52 കോടി രൂപയിലേക്കും കുതിച്ചുയർന്നു. ഏകദേശം 20 മാസത്തിനിടെ, കമ്പനിയുടെ ഓഹരി വില 40 രൂപയിൽ നിന്ന് 3,600 രൂപ വരെയെത്തിയതും ശ്രദ്ധേയമായി.അതേസമയം, കമ്പനിയുടെ പരമ്പരാഗത ബിസിനസുകളിൽ നിന്നുള്ള വരുമാനം ഏകദേശം 100 കോടി രൂപ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശേഷിക്കുന്ന 400 കോടിയിലധികം രൂപയുടെ വരുമാനം കമ്പനിയുടെ സബ്സിഡിയറി സ്ഥാപനങ്ങളിൽ നിന്നാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സമീപകാലത്ത് സിയാൻ അഗ്രോയുടെ ഓഹരി വിലയിൽ ഇടിവും രേഖപ്പെടുത്തുകയാണ്. നിലവിൽ 1,537.65 രൂപ നിലവാരത്തിലാണ് ഓഹരിയിൽ വ്യപാരം നടക്കുന്നത്.

Content Highlights: India's E20 Fuel Push Explained: Allegations on Nitin Gadkari’s Family, Ethanol’s Effect on Incompatible Vehicles and Why It is Sparking Public Protests

dot image
To advertise here,contact us
dot image