

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പില്‍ സുരക്ഷാ വീഴ്ചകള്‍ അക്കമിട്ട് നിരത്തി പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നോട്ട് എണ്ണുന്ന മുറിയിലേക്ക് ജീവനക്കാര്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ആവശ്യമായ പരിശോധനകള്‍ ഉണ്ടായില്ലെന്ന് എസ്‌ഐടി പറഞ്ഞു. ഈ മുറിയില്‍ ഒരു തരത്തിലും മേല്‍നോട്ടം ഉണ്ടായില്ല. ജീവനക്കാരുടെ വസ്ത്രധാരണ രീതിയില്‍ യാതൊരു നിര്‍ദേശങ്ങളും നല്‍കിയിരുന്നില്ല. ഓരോ ഭണ്ഡാരത്തിലെയും സംഭാവനകള്‍ പ്രത്യേകം എണ്ണിയിരുന്നില്ല. നോട്ടുകള്‍ തരംതിരിച്ച് എണ്ണുന്ന രീതി സ്വീകരിച്ചില്ല. ട്രസ്റ്റ് ഭാരവാഹികളോ ബാങ്ക് ഉദ്യോഗസ്ഥരോ കാര്യങ്ങള്‍ നിരീക്ഷിച്ചില്ലെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 23ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതില്‍ നിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏപ്രില്‍ 27 മുതല്‍ ജൂണ്‍ അഞ്ച് വരെയുള്ള ദൃശ്യങ്ങളാണ് സംഘം പരിശോധിച്ചത്. ഇതില്‍ നോട്ട് എണ്ണുന്ന ജീവനക്കാര്‍ വസ്ത്രത്തിന്റെ പോക്കറ്റിലും ഷൂസിലും മറ്റും പണം ഒളിപ്പിച്ച് കടത്തിയതായി കണ്ടെത്തി. ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും മറ്റ് ജീവനക്കാര്‍ അതിനെ എതിര്‍ത്തില്ലെന്നും എസ്‌ഐടി കണ്ടെത്തി. 70 തവണയാണ് ഇത്തരത്തില്‍ മോഷണം നടന്നത്. ജീവനക്കാരുടെ മൊഴിയും പണത്തിന്റെ കണക്കും ബാങ്ക് നിക്ഷേപങ്ങളും പരിശോധിച്ചാല്‍ ഏപ്രില്‍ 27 ന് മുന്‍പ് തന്നെ ഇത്തരത്തില്‍ മോഷണം നടന്നതായി കരുതാമെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 27ന് മുന്‍പുള്ള സിസിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നാണ് എസ്‌ഐടി പറയുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
അതിനിടെ ചമ്പത്ത് റായിയെ തള്ളി അയോധ്യ തീര്‍ത്ഥ ട്രസ്റ്റ് ട്രഷറര്‍ ഗോവിന്ദ് ഗിരി രംഗത്തെത്തി. ചമ്പത്ത് റായിക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് ഗോവിന്ദ് ഗിരി പറഞ്ഞു. ഭരണ നിര്‍വഹണത്തില്‍ അമിതമായ ലാളിത്യം പാടില്ലായിരുന്നു. സീത മാരീചന വിശ്വസിച്ചതുപോലെയാണ് ചമ്പത്ത് റായ് ഡ്രൈവറെ വിശ്വസിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എസ്ബിഐ അധികൃതര്‍ക്കും വീഴ്ചയില്‍ തുല്യ ഉത്തരവാദിത്വം ഉണ്ട്. കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കാന്‍ ട്രസ്റ്റിലെ ഐഎഎസ് ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും തയ്യാറായില്ലെന്നും ഗോവിന്ദ് ഗിരി വ്യക്തമാക്കി.
ട്രസ്റ്റില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ചമ്പത്ത് റായ് രംഗത്തെത്തിയിരുന്നു. ട്രസ്റ്റിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇതുവരെ പ്രതികരിക്കാത്തത് എന്നായിരുന്നു ചമ്പത്ത് റായ് പറഞ്ഞത്. എസ്‌ഐടിയുടെ അന്വേഷണം പൂര്‍ത്തിയായാല്‍ താന്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ചമ്പത്ത് റായ് പറഞ്ഞു. പ്രചരിക്കപ്പെട്ട തെറ്റായ വിവരങ്ങള്‍ക്ക് അപ്പോള്‍ ഉത്തരമാകും. സത്യം അധികം വൈകാതെ തന്നെ പുറത്തുവരും. 1991 ഒക്ടോബര്‍ മുതല്‍ താന്‍ തന്റെ സംഘടനയിലൂടെ രാമക്ഷേത്രത്തിന് വേണ്ടി സേവനമനുഷ്ഠിക്കുകയാണ്. തന്റെ 45 വര്‍ഷത്തെ പൊതു ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണെന്നും ചമ്പത്ത് റായി പറഞ്ഞിരുന്നു. തിങ്കളാഴ്ചയായിരുന്നു ട്രസ്റ്റില്‍ നിന്ന് ചമ്പത്ത് റായ് രാജിവെച്ചത്.
Content Highlights- The SIT’s preliminary report on the Ayodhya donation scam identifies several security lapses linked to the alleged fraud.