

ന്യൂഡെല്‍ഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചതില്‍ കേന്ദ്രം അയച്ച നോട്ടീസിന് മറുപടിയുമായി മെറ്റ. തങ്ങള്‍ അത്തരം ഉള്ളടക്കങ്ങള്‍ ഉളള പരസ്യങ്ങള്‍ക്ക് ബോധപൂര്‍വം അനുമതി നല്‍കി എന്നത് വസ്തുതാവിരുദ്ധമാണെന്നാണ് മെറ്റയുടെ വിശദീകരണം. ബ്ലോഗ് പോസ്റ്റിലൂടെയായിരുന്നു മെറ്റയുടെ പ്രതികരണം.
2025ല്‍ കണ്ടെത്തിയ ഇത്തരത്തിലുള്ള 40 ലക്ഷം അക്കൗണ്ടുകള്‍ തങ്ങള്‍ നിര്‍ജീവമാക്കിയിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി. ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍ പ്രചരിക്കുന്നു എന്ന വാര്‍ത്ത തങ്ങള്‍ അറിഞ്ഞിരുന്നു. തങ്ങള്‍ ഈ വിഷയം പ്രാധാന്യത്തോടെ തന്നെ കാണുന്നു. ഇത്തരം ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടാകാന്‍ പാടില്ല എന്നത് തന്നെയാണ് മെറ്റയുടെ നിലപാട്. ഇതിനെ നേരിടാനുള്ള ശ്രമങ്ങള്‍ മെച്ചപ്പെടുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും മെറ്റ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പണം നല്‍കിയുള്ള ചില പരസ്യങ്ങളില്‍ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതായി ബിബിസി ഐ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ചില പരസ്യങ്ങളില്‍ നിയമവിരുദ്ധ ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ നയിക്കുന്ന വാക്കുകളും ലിങ്കുകളും ഉണ്ടായിരുന്നുവെന്നും അവ ടെലഗ്രാം ചാനലുകളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വ്യാജ ഐഡന്റിറ്റിയില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് പ്ലാറ്റ്ഫോമിന്റെ ശുപാര്‍ശകളുടെ സ്വഭാവം പഠിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ഉപയോക്താക്കള്‍ ആവശ്യപ്പെടാതെ തന്നെ ലൈംഗിക സൂചനകളുള്ള ഉള്ളടക്കങ്ങള്‍ പ്ലാറ്റ്ഫോം നിര്‍ദ്ദേശിക്കുന്നതായും കണ്ടെത്തിയെന്നാണ് ബിബിസി ഐ പറയുന്നത്. ലൈംഗിക സൂചനകള്‍ ഉള്‍ക്കൊള്ളുന്ന ചില അക്കൗണ്ടുകള്‍ പിന്തുടര്‍ന്നതിന് പിന്നാലെ ബിബിസി ഐ ഉണ്ടാക്കിയ അക്കൗണ്ടിലേക്ക് സമാന സ്വഭാവമുള്ള നിരവധി പരസ്യങ്ങള്‍ എത്തിത്തുടങ്ങി. പിന്നീട് കുട്ടികളെ ഉള്‍പ്പെടുത്തിയ ലൈംഗിക ചൂഷണ സൂചനകളുള്ള പരസ്യങ്ങളും ടെലഗ്രാം ലിങ്കുകളും ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഏകദേശം 30 വ്യത്യസ്ത പരസ്യങ്ങള്‍ ഒരു ആഴ്ചയ്ക്കിടെ കണ്ടെത്തിയതായാണ് ബിബിസി ഐ പറയുന്നത്. ഇതിന് പുറമെ പ്രായപൂര്‍ത്തിയായവരുടെ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട നിരവധി പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടതായും ബിബിസി വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച ചില പരസ്യങ്ങളില്‍ കുട്ടികളെ ലൈംഗിക സാഹചര്യങ്ങളില്‍ ചിത്രീകരിച്ചിരുന്നുവെന്നും, ചിലത് കുട്ടികള്‍ ലൈംഗിക അതിക്രമത്തിനിരയായതായി സൂചിപ്പിക്കുന്ന രീതിയിലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവയില്‍ ഒന്നിനെതിരെ പരാതി നല്‍കിയപ്പോള്‍, അത് കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് ഇന്‍സ്റ്റഗ്രാം ആദ്യം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Content Highlights: Meta has responded to concerns surrounding certain Instagram advertisements related to child safety. The company said it has robust policies and review systems in place to identify and remove content that violates its standards, while continuing to strengthen safety measures across its platforms.