

കുവൈറ്റിൽ വീണ്ടും വ്യോമാക്രമണ ഭീഷണി ഉയർന്നതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകട സൈറണുകൾ മുഴങ്ങി. ശത്രുക്കളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തത് മൂലമാണെന്ന് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.
നിലവിലെ സാഹചര്യം സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയോടെയും സൂക്ഷ്മമായും നിരീക്ഷിച്ചുവരികയാണ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പൂർണ്ണമായ ശാന്തത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആക്രമണത്തെത്തുടർന്ന് തകർന്നുവീഴുന്ന അവശിഷ്ടങ്ങൾക്ക് അടുത്തേക്ക് പോകരുതെന്നും സുരക്ഷാ മന്ത്രാലയങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ ഏജൻസികൾ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അനാവശ്യമായ ആശങ്കകൾ ഒഴിവാക്കാൻ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കുവൈറ്റിലും അയൽരാജ്യമായ ബഹ്‌റൈനിലും മിസൈൽ ഭീഷണിയെത്തുടർന്ന് സൈറണുകൾ മുഴങ്ങിയത്.
ഇതിനിടെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിൽ എത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം കുവൈറ്റിൽ എത്തിയത്. മിസൈൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Content Highlights: Kuwait witnessed another air raid alert after a reported aerial threat, prompting the sounding of warning sirens and the activation of defence measures by security forces.