

ഫുട്‌ബോള്‍ ലോകകപ്പിലെ ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കരുത്തരായ ബ്രസീലിനെ തകര്‍ത്ത് നോര്‍വേ ചരിത്രത്തില്‍ ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ ആഘോഷവും കെങ്കേമമായിരുന്നു. നോര്‍വേയുടെ ഈ അവിസ്മരണീയ വിജയത്തിന് പിന്നാലെ, ടീമിന്റെ വിജയശില്പിയായ സൂപ്പര്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടിനെ അഭിനന്ദിക്കാന്‍ രാജകുമാരി തന്നെ എത്തി. പ്രിന്‍സസ് ഇന്‍ഗ്രിഡ് അലക്‌സാണ്ട്ര താരത്തെ കെട്ടിപ്പിടിച്ചാണ് അഭിനന്ദിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
മെറ്റ്ലൈഫ് സ്റ്റേഡിത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നോര്‍വേ അഞ്ച് വട്ടം ലോക ചാമ്പ്യന്മാരായ ബ്രസീലിനെ അട്ടിമറിച്ചത്. കളിയുടെ അവസാന 12 മിനിറ്റുകളില്‍ ഹാളണ്ട് നേടിയ ഇരട്ട ഗോളുകളാണ് (79, 90 മിനിറ്റുകളില്‍) നോര്‍വേയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഇതോടെ ഈ ലോകകപ്പില്‍ ഏഴ് ഗോളുകള്‍ തികച്ച ഹാളണ്ട്, ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ എന്നിവര്‍ക്കൊപ്പമെത്തി. ഇന്‍ജുറി ടൈമില്‍ നെയ്മര്‍ നേടിയ പെനാല്‍ട്ടി ഗോളിന് ബ്രസീലിന്റെ തോല്‍വി ഭാരം കുറയ്ക്കാനേ സാധിച്ചുള്ളൂ. തോല്‍വിക്ക് പിന്നാലെ നെയ്മര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുകയും ചെയ്തു.
ഡ്രെസ്സിങ് റൂമിലെ 'റോയല്‍' ആഘോഷം
മത്സരത്തിന് ശേഷം നോര്‍വേ ടീമിന്റെ ഡ്രെസ്സിങ് റൂമില്‍ വെച്ചാണ് ഹാളണ്ടിനെ രാജകുമാരി കണ്ടത്. തുടര്‍ന്നാണ് താരത്തെ അവര്‍ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത്. ഗാലറിയില്‍ നിന്ന് ആവേശത്തോടെ കളി കണ്ട 22-കാരിയായ പ്രിന്‍സസ് ഇന്‍ഗ്രിഡ് അലക്‌സാണ്ട്രയും സഹോദരന്‍ പ്രിന്‍സ് സ്വെറെ മാഗ്‌നസും മത്സരശേഷം കളിക്കാരെ നേരിട്ട് കാണാന്‍ ഡ്രെസ്സിങ് റൂമിലെത്തുകയായിരുന്നു. താരങ്ങളെ ഓരോരുത്തരെയായി കൈകൊടുത്തു അഭിനന്ദിച്ച രാജകുടുംബാംഗങ്ങള്‍, രണ്ട് ഗോളുകള്‍ നേടി ടീമിന്റെ ഹീറോയായ എര്‍ലിങ് ഹാളണ്ടിനെ ആവേശത്തോടെ കെട്ടിപ്പിടിക്കുകയായിരുന്നു. ജേഴ്സി ഊരി സഹകളിക്കാര്‍ക്കൊപ്പം വിജയം ആഘോഷിക്കുകയായിരുന്ന ഹാളണ്ടിനെ രാജകുമാരി കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങള്‍ തരംഗമായി.
🇳🇴 | La Princesa Ingrid Alexandra, quien será Reina de Noruega en el futuro, se reunió con la selección de su país tras el triunfo contra Brasil. pic.twitter.com/lXSrGnRa3t
— Abril, The Duchess (@AbriltheDuchess) July 5, 2026
സോഷ്യല്‍ മീഡിയയില്‍ 'രാജകുമാരിയും ഫുട്‌ബോള്‍ രാജാവും തമ്മിലുള്ള കൂടിക്കാഴ്ച' എന്ന പേരിലാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഈ നിമിഷത്തെ വിശേഷിപ്പിച്ചത്.
content highlights: Norway's Princess hugs Haaland; Excitement peaks after historic win against Brazil