കശ്മീരി പണ്ഡിറ്റായ നഴ്‌സിൻ്റെ കൊലപാതകം; 36 വര്‍ഷത്തിന് ശേഷം യാസിന്‍ മാലിക്കിനെതിരെ കുറ്റപത്രം

ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് യാസിന്‍ മാലിക്

കശ്മീരി പണ്ഡിറ്റായ നഴ്‌സിൻ്റെ കൊലപാതകം; 36 വര്‍ഷത്തിന് ശേഷം യാസിന്‍ മാലിക്കിനെതിരെ കുറ്റപത്രം
dot image

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ നിന്നുള്ള നഴ്‌സായ സര്‍ള ഭട്ടിനെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ 36 വര്‍ഷത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിച്ച് ജമ്മു കശ്മീര്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(SIA). ശ്രീനഗറിലെ പ്രത്യേക TADA കോടതയിലാണ് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. 1990 നടന്ന ഈ കുറ്റകൃത്യത്തിന് പിന്നിലുള്ള സൂത്രധാരന്മാര്‍ നിരോധിത ഭീകര സംഘടനയായ ജമ്മു ആന്‍ഡ് കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (JKLF) മേധാവി മുഹമ്മദ് യാസിന്‍ മാലിക്ക്, ഖുര്‍ഷിദ് അഹമ്മദ് ചാല്‍ക്കൂ എന്നിവരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

അന്വേഷണം പൂര്‍ണമായെന്നും 737 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സര്‍ള ഭട്ടിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നും JKLF ഗൂഢാലോചന നടത്തി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നുവെന്നുമാണ് അന്വേഷണം വ്യക്തമാക്കുന്നത്. കശ്മീര്‍ താഴ്‌വരയില്‍ നിന്നും ന്യൂനപക്ഷ വിഭാഗമായ കശ്മീരി പണ്ഡിറ്റുകളെ ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ ലക്ഷ്യമിട്ടാണ് ഇവര്‍ ഇത്തരം ക്രൂരകൃത്യങ്ങള്‍ നടപ്പിലാക്കിയതെന്നും അന്വേഷണ സംഘം പറയുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായ ബാരമുള്ളിയിലെ ഉറിയില്‍ നിന്നുള്ള ചാല്‍ക്കൂ നിലവില്‍ ഒളിവിലാണ്. ഇയാള്‍ പാക് അധീന കശ്മീരിലുണ്ടെന്നാണ് നിഗമനം. മറ്റ് പ്രതികളായ അബ്ദുള്ഡ ഹമീദ് ഷെയ്ക്ക്, മുഹമ്മദ് യൂസഫ് സോഫി, ഗുലാം മുഹമ്മദ് താപ്‌ലൂ എന്നിവര്‍ ജീവിച്ചിരിപ്പില്ല.

ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് യാസിന്‍ മാലിക്. 1990 ഏപ്രില്‍ 18ന് ആയുധധാരികളായ തീവ്രവാദികള്‍ സര്‍ളയെ ഹബ്ബാ ഖാത്തൂണ്‍ ഹോസ്റ്റലില്‍ നിന്നും തട്ടിക്കൊണ്ടുപോയി. കശ്മീര്‍ താഴ്‌വരയിലെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും കശ്മീരി പണ്ഡിറ്റുകള്‍ ഒഴിഞ്ഞ് പോകണമെന്ന നിര്‍ദേശം പാലിക്കാന്‍ സര്‍ള തയ്യാറായിരുന്നില്ല. പിറ്റേദിവസം മല്ലാബാഗിലെ ഉമര്‍ കോളനിയില്‍ ഒന്നിലധികം വെടിയുണ്ടകള്‍ തുളച്ചുകയറി സര്‍ളയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന് വിവരം കൊടുക്കുന്ന ആളാണ് സര്‍ള എന്നെഴുതിയ ഒരു കുറിപ്പും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ജമ്മുകശ്മീരിലെ ശ്രീനഗറിലുള്ള ഷെര്‍ - ഇ - കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയസിലായിരുന്നു 27കാരിയായ സര്‍ള ജോലി ചെയ്തിരുന്നത്.

Content Highlights: Authorities have filed a chargesheet against Yasin Malik in the 36 year old death case of a Kashmiri Pandit nurse. The move marks a major development in the long pending investigation into the killing.

dot image
To advertise here,contact us
dot image