

ലഖ്നൗ: രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസിൽ പ്രതികൾക്ക് വേണ്ടി ഒരു അഭിഭാഷകനും ഹാജരാകില്ലെന്ന തീരുമാനവുമായി അയോധ്യ ബാർ അസോസിയേഷൻ. ഏതെങ്കിലും അഭിഭാഷകൻ ഈ കേസ് ഏറ്റെടുക്കുകയാണെങ്കിൽ അവർക്ക് 5 ലക്ഷം രൂപ പിഴ ചുമത്തുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 'ചംപത് റായ്, ഗോപാൽ റാവു, അനിൽ മിശ്ര എന്നിവർക്കെതിരെ കേസെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. കൂടാതെ, ഈ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ, അയോധ്യ അഡ്വക്കേറ്റ്സ് അസോസിയേഷൻ സ്വന്തം ചെലവിൽ സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കും' എന്നാണ് അയോധ്യ ബാർ അസോസിയേഷൻ പ്രസിഡന്റ് കലിക പ്രസാദ് മിശ്രയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.
'ജയിലിലാക്കിയിരിക്കുന്നത് ഡ്രൈവർമാരെയും ശുചീകരണ തൊഴിലാളികളെയുമാണ്. യഥാർത്ഥ പ്രതികൾ അവർ അല്ല. പ്രധാന പ്രതികൾ ചംപത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരാണ്. എന്നാൽ അധികാരികൾ ഇവരെ സംരക്ഷിക്കുക'യാണെന്ന് അയോധ്യ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജേഷ് കുമാർ ഉപാധ്യായ പറഞ്ഞതായി ദി പ്രിൻ്റും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 175 പ്രകാരം ചംപത് റായ്, ഗോപാൽ റാവു, അനിൽ മിശ്ര എന്നിവർക്കെതിരെ നടപടികൾ സ്വീകരിക്കാനുള്ള സാധ്യതയും അസോസിയേഷൻ പരിശോധിക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഈ വകുപ്പ് പ്രകാരം, ഒരു ജുഡീഷ്യൽ മജിസ്ട്രേറ്റിന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദ്ദേശം നൽകാൻ അധികാരമുണ്ട്.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ നൃപേന്ദ്ര മിശ്രയെ രാമക്ഷേത്ര ട്രസ്റ്റിന്റെ സിഇഒയായി നിയമിക്കുമെന്ന അഭ്യൂഹങ്ങളെയും അയോധ്യ ബാർ അസോസിയേഷൻ എതിർത്തു. 'കർസേവകർക്ക് നേരെ വെടിവെപ്പ് നടന്ന സമയത്ത് അദ്ദേഹം സർക്കാരിന്റെ ചീഫ് സെക്രട്ടറിയായിരുന്നു. അദ്ദേഹത്തെ ട്രസ്റ്റിന്റെ സിഇഒ ആക്കാൻ സർക്കാർ ആലോചിക്കുന്നുവെന്നാണ് കേൾക്കുന്നത്. അങ്ങനെ സംഭവിച്ചാലും ഞങ്ങൾ ശക്തമായി എതിർക്കും. അത് അനുവദിക്കില്ലെന്നും' അയോധ്യ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജേഷ് കുമാർ ഉപാധ്യായ വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേടിന്റെ വിവരങ്ങള്‍ ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായിക്ക് അറിയാമായിരുന്നുവെന്ന് നേരത്തെ കണ്ടെത്തല്‍. എന്നാല്‍ ഇതിനെതിരെ ചമ്പത്ത് റായി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കണ്ടെത്തിയിരുന്നു. ജൂണ്‍ നാലിന് കെട്ടുകണക്കിന് പണം നോട്ട് എണ്ണുന്ന മുറിയുടെ ശുചിമുറിയില്‍ കണ്ടെത്തിയിരുന്നു. നാല് ലക്ഷത്തോളം രൂപയാണ് അന്ന് കണ്ടെത്തിയത്. ഇതിനുശേഷം ട്രസ്റ്റ് ഉദ്യോഗസ്ഥരും രാമക്ഷേത്ര സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന പൊലീസുകാരും കൗണ്ടിംഗ് റൂം ജീവനക്കാരന്‍ അവിനാശ് ശുക്ലയുടെ വീട്ടിലെത്തി. അവിടെ നിന്ന് ഒരു ബാഗ് പണം കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ സംഭവത്തിലെല്ലാം ചമ്പത്ത് റായി മൗനം പാലിച്ചെന്നാണ് കണ്ടെത്തൽ. ചമ്പത്ത് റായി, ട്രസ്റ്റ് അംഗം അനില്‍ മിശ്ര അടക്കം 17 പേര്‍ക്കെതിരെ കേസെടുക്കണ് നേരത്തെ എസ്‌ഐടിയുടെ ശുപാര്‍ശ ചെയ്ചതിരുന്നു.
അയോധ്യ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ നേരത്തെ എസ്ഐടി റെയ്ഡ് നടത്തിയിരുന്നു. അറസ്റ്റിലായ എട്ട് പ്രതികളുടെ വീട്ടിലാണ് എസ്‌ഐടി റെയ്ഡ് നടത്തുന്നത്. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് നീക്കം. പ്രതികളുടെ ബന്ധുക്കളിൽ നിന്നും അയല്‍വാസികളില്‍ നിന്നും എസ്ഐടി മൊഴിയെടുത്തിരുന്നു. പ്രാഥമിക പരിശോധനയില്‍ 80 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോടികളുടെ സ്വത്തുക്കള്‍ ഇവരുടെ വീടുകളില്‍ സ്വര്‍ണമായും മറ്റും ഉണ്ടെന്ന വിവരം നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് കണ്ടെത്തുന്നതിനുള്ള നീക്കമാണ് എസ്‌ഐടി നടത്തുന്നത്. 200 കോടിയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു കണ്ടെത്തല്‍. ഇതിന്റെ രേഖകളടക്കം പിടിച്ചെടുക്കാനാണ് എസ്‌ഐടി ലക്ഷ്യമിടുന്നത്.
Content Highlights: The Ayodhya Bar Association has appealed to lawyers not to appear for the accused in the Ram Temple donation fraud case. Read the latest developments and legal implications.