

പൂനെ: പൂനെയില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. 65കാരനായ ഭിമ്രാവോ കംബ്ലേക്കാണ് പൂനെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ആര്‍ സലുന്‍ഖെ വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി വിലയിരുത്തി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി വിലയിരുത്തിയിരുന്നു.
ഇക്കഴിഞ്ഞ മെയ് ഒന്നിന് പൂനെയിലെ നസ്രാപുര്‍ ജില്ലയിലായിരുന്നു സംഭവം നടന്നത്. പലഹാരം വാങ്ങി നല്‍കാമെന്നും പശുക്കിടാവിനെ കാണിച്ചു നല്‍കാമെന്നും പറഞ്ഞായിരുന്നു കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബലാത്സം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം പശുത്തൊഴുത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പരിശോധന നടത്തിയെങ്കിലും കണ്ടെത്തായാനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യം കണ്ടെത്തി. ഇതില്‍ പ്രതിക്കൊപ്പം കുട്ടി പോകുന്നത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
കേസിന്റെ വിചാരണയ്ക്കിടെ വധശിക്ഷയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ പന്ത്രണ്ട് പ്രധാന വിധികള്‍ പ്രോകിസ്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്റെ വാദത്തോട് ജഡ്ജി യോജിച്ചു. കുട്ടിയുടെ ശരീരത്തിലേറ്റ പരിക്കുകള്‍ കുറ്റകൃത്യത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതി മുന്‍പും ബലാത്സംഗക്കേസുകളില്‍ പ്രതിയായിട്ടുണ്ട്. കുറ്റം ചെയ്താലുണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രതിക്ക് കൃത്യമായ ധാരണയുമുണ്ട്. എന്നാല്‍ വിചാരണയുടെ ഘട്ടത്തില്‍ പ്രതിക്ക് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി. ലൈംഗിക സംതൃപ്തിക്ക് വേണ്ടിയാണ് പ്രതി നിഷ്‌കളങ്കയും നിസ്സഹായയുമായ കുഞ്ഞിന് നേരെ ക്രൂരത കാട്ടിയതെന്നും കോടതി നിരീക്ഷിച്ചു. കോടതി വിധിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സ്വാഗതം ചെയ്തു. ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.
Content Highlights- A court in Pune sentenced a 65-year-old man to death for murdering a three-year-old girl.