രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസ്; ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ലല്ലോ: അടിയന്തരമായി പരിഗണിക്കാതെ സുപ്രീം കോടതി

വേനൽ അവധിക്ക് ശേഷം കേസ് പരി​ഗണിക്കാമെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച്

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസ്; ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ലല്ലോ: അടിയന്തരമായി പരിഗണിക്കാതെ സുപ്രീം കോടതി
dot image

ന്യൂഡൽഹി: രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ് കേസിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ വൻതോതിൽ ക്രമക്കേടും ധനതിരിമറിയും നടന്നുവെന്നാരോപിച്ച് സമഗ്രവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി തിങ്കളാഴ്ച നിരസിച്ചത്. വേനൽ അവധിക്ക് ശേഷം കേസ് പരി​ഗണിക്കാമെന്ന് എം എം സുന്ദരേഷ്, ഷീൽ നാ​ഗു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അറിയിച്ചു. ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ലല്ലോ. ഇതിൽ എന്താണ് ഇത്രയും അടിയന്തര സാഹചര്യം? എന്നായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ വാക്കാലുള്ള നിരീക്ഷണം. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ് എന്നിവർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നടപടി.

അയോധ്യയിലെ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിൽ വൻതോതിൽ ക്രമക്കേടും പണം തട്ടിയെടുത്തതുമെന്ന ആരോപണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സമയബന്ധിതവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും ചെയ്യണമെന്നായിരുന്നു ഹർജി. ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണനിർവഹണത്തിലും സാമ്പത്തിക ഇടപാടുകളിലും നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ സിബിഐയുടെ നേതൃത്വത്തിലുള്ള ബഹുവിഭാഗ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കണമെന്നാണ് അഭിഭാഷകരായ അജയ് കുമാർ റായിയും ദിനേഷ് കുമാർ യാദവും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

ആവശ്യമായ നിയന്ത്രണ, മേൽനോട്ട, ഓഡിറ്റ് സംവിധാനങ്ങൾ രൂപീകരിച്ച് നടപ്പാക്കാൻ കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനും നിർദേശം നൽകണമെന്ന ആവശ്യവും ഹർജിയിലുണ്ട്. ഇതിലൂടെ പൊതുജനങ്ങളുടെയും കോടിക്കണക്കിന് ഭക്തരുടെയും സംഭാവന നൽകുന്നവരുടെയും വിശ്വാസം സംരക്ഷിക്കാനാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ട്രസ്റ്റുമായി ബന്ധപ്പെട്ട് സംഭാവനാ തുക കാണാതായെന്നതും മറ്റ് ക്രമക്കേടുകൾ നടന്നെന്നതുമായ റിപ്പോർട്ടുകൾ ശരിയാണോ അല്ലയോ എന്നത് അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടതെന്ന് ഹർജി ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇത്തരം വാർത്തകൾ അയോധ്യയുടെ മഹത്വം പുനഃസ്ഥാപിക്കാൻ വർഷങ്ങളായി പോരാടിയവരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെയും സ്ഥിരം ക്രിമിനൽ കേസ് എടുക്കാതെയും അന്വേഷണം ആരംഭിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. സാമ്പത്തിക ക്രമക്കേടുകളും ക്രിമിനൽ കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിൽ ആവശ്യമായ വൈദഗ്ധ്യവും സംവിധാനങ്ങളും ഉള്ള ഏകീകൃത അന്വേഷണ ഏജൻസി മുഖേന സ്വതന്ത്ര അന്വേഷണം നടത്തേണ്ടതുണ്ടെന്നും അത്തരം അന്വേഷണം പൊതുജനങ്ങളിൽ കൂടുതൽ വിശ്വാസം വളർത്തുമെന്നുമാണ് ഹർജിക്കാരുടെ വാദം. ഭരണ തലത്തിലുള്ള ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച നിലവിലെ എസ്ഐടി നടത്തുന്ന പ്രാഥമിക അന്വേഷണത്തേക്കാൾ പ്രത്യേക അന്വേഷണ വൈദഗ്ധ്യമുള്ള ഏജൻസി നടത്തുന്ന അന്വേഷണം കൂടുതൽ വിശ്വാസ്യത ഉറപ്പാക്കുമെന്നും ഹർജി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് കേവലം ക്രിമിനൽ കുറ്റകൃത്യങ്ങളുടെ അന്വേഷണം മാത്രമല്ല കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയും വികാരത്തെയും പൊതുജനങ്ങളുടെ ആത്മവിശ്വാസത്തെയും നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും ഹർജിയിൽ പറയുന്നുണ്ട്.

അയോധ്യ രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകൾ ദുരുപയോഗം ചെയ്തെന്ന ആരോപണത്തെ തുടർന്ന് ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമാണ് ജൂൺ 13-ന് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങൾ.

Content Highlights: The Supreme Court declined to hear the Ram Temple donation scam case on an urgent basis, observing that the sky is not going to fall. Read the latest updates and key developments

dot image
To advertise here,contact us
dot image