

തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നായികമാരിലൊരാളായി മാറി കൊണ്ടിരിക്കുന്ന താരമാണ് കയാദു ലോഹര്‍. പള്ളിച്ചട്ടമ്പി എന്ന സിനിമയിലൂടെ മലയാളികളുടെയും പ്രിയതാരമായി മാറിക്കൊണ്ടിരിക്കുകയാണ് കയാദു. സൂര്യയ്ക്കൊപ്പം, ഹോംബാലെ ഫിലിംസ് ചിത്രത്തിലും കയാദു അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ താന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചും അതിനെതിരെ താന്‍ പ്രതികരിച്ചതിനെ കുറിച്ചും സംസാരിക്കുകയാണ് താരം. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് കയാദുവിന്റെ തുറന്നു പറച്ചില്‍.
'ഈ കാര്യം പറയേണ്ട ആവശ്യമുണ്ടോ എന്നനിക്കറിയില്ല, പക്ഷെ ഇത് പറഞ്ഞാല്‍ ചിലപ്പോള്‍ മറ്റ് പെണ്‍കുട്ടികള്‍ക്ക് പ്രചോദനം ആകുമെന്ന് കരുതുന്നു. ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ നമ്മള്‍ മിണ്ടാതിരിക്കരുത്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. സ്‌കൂളിലേക്കുള്ള വഴിയില്‍ ചില ആണ്‍കുട്ടികള്‍ സ്ഥിരമായി എന്നെ ശല്യം ചെയ്തിരുന്നു. ആദ്യത്തെ ദിവസം ഞാന്‍ വിട്ടു കളയാമെന്ന് കരുതി. രണ്ടാമത്തെ ദിവസവും ക്ഷമിച്ചു. മൂന്നാമത്തെ ദിവസം എനിക്ക് വല്ലാതെ ദേഷ്യം വന്നു. വിട്ടുകളയാന്‍ തോന്നിയില്ല.
ഞാനൊരു കല്ലെടുത്ത് അവന്റെ തലയ്ക്ക് എറിഞ്ഞു. ഏറ് കൊണ്ട് അവന്റെ തലയില്‍ നിന്നും ചോര വന്നു. ഞാന്‍ അവിടെ നിന്നും പോയി. എന്താണ് പിന്നെ സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. വളരെ വയലന്റായിരുന്നു. അങ്ങനെ തല പൊട്ടിക്കാന്‍ പാടുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ അതാണ് ഞാന്‍ ചെയ്തത്. എന്നെ കണ്ടാല്‍ അധികം സംസാരിക്കില്ല, അതുകൊണ്ട് പാവം ആയിരിക്കുമെന്ന് തോന്നിയേക്കാം. പക്ഷെ തെറ്റായൊരു കാര്യം സംഭവിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. തിരിച്ചു കൊടുക്കണം'-കയാദു പറയുന്നു.
ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കുന്ന ഐ ആം ഗെയിം, പൃഥ്വിരാജ് ചിത്രം ഖലീഫ, ദ പാരഡൈസ്, ഇദയം മുരളി, ഇമ്മോര്‍ട്ടല്‍, താരം, മഞ്ചനത്തി തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്.
Content Highlights: Actress Kayadu Lohar has opened up about a traumatic experience she had as a child. The actress is talking about a traumatic experience she had while studying in school and how she reacted to it.