അഭിനന്ദനം അറിയിച്ച രാഹുൽ ​ഗാന്ധിക്ക് നന്ദി പറഞ്ഞ് വിജയ്; ടിവികെ-കോൺ​ഗ്രസ് സഖ്യത്തിന് സാധ്യത

അഞ്ച് സീറ്റുകൾ നേടിയ കോൺ​ഗ്രസ് ടിവികെക്ക് പിന്തുണ നൽകുമെന്നാണ് സൂചന

അഭിനന്ദനം അറിയിച്ച രാഹുൽ ​ഗാന്ധിക്ക് നന്ദി പറഞ്ഞ് വിജയ്; ടിവികെ-കോൺ​ഗ്രസ് സഖ്യത്തിന് സാധ്യത
dot image

ചെന്നൈ: തെരഞ്ഞെടുപ്പിലെ ടിവികെയുടെ വിജയത്തെ അഭിനന്ദിച്ച കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് നന്ദി പറഞ്ഞ് ടിവികെ അധ്യക്ഷൻ വിജയ്. തമിഴ്നാടിൻ്റെ സംസ്കാരം സംരക്ഷിച്ചുകൊണ്ട് ജനങ്ങൾക്കായി സേവനം ചെയ്യുമെന്നും രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും വിജയ് എക്സ് പോസ്റ്റിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ടിവികെ വിജയം നേടിയതിന് തൊട്ടുപിന്നാലെ രാഹുൽ ​ഗാന്ധി വിജയ്‌യെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിജയ് നന്ദി അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ക്ഷേമം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അഭിനന്ദനങ്ങൾക്ക് നന്ദിയെന്നുമാണ് വിജയ് എക്സ് പോസ്റ്റിലൂടെ പറഞ്ഞത്. കേന്ദ്രസർക്കാരിൻ്റെ എല്ലാ പിന്തുണയും തമിഴ്നാടിനുണ്ടാകണമെന്നും വിജയ് പറഞ്ഞു.

തമിഴ്നാട്ടിൽ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് സർക്കാർ രൂപീകരിക്കണമെങ്കിൽ കേവലഭൂരിപക്ഷമായ 118 സീറ്റുകൾ വേണം. അഞ്ച് സീറ്റുകൾ നേടിയ കോൺ​ഗ്രസ് ടിവികെക്ക് പിന്തുണ നൽകുമെന്നാണ് സൂചന. വിജയ്‌യെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ കോള്‍ വന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കണം എന്നാവശ്യപ്പെട്ട് വിജയ് കെ സി വേണുഗോപാലിന് കത്ത് നല്‍കിയിട്ടുണ്ട്.

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസും ഭരണകക്ഷിയായ ഡിഎംകെയും ഒരുമിച്ചാണ് മത്സരിച്ചത്. ഡിഎംകെക്ക് 59 സീറ്റുകളും കോൺ​ഗ്രസിന് അഞ്ച് സീറ്റുകളുമാണ് നേടാനായത്. തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഡിഎംകെ നേരിട്ടത്. മുഖ്യമന്ത്രി സ്റ്റാലിനടക്കം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെ-കോൺ​ഗ്രസ് സഖ്യ ചർച്ചകൾ സജീവമായത്.

Content Highlights: TVK President Vijay thanks Rahul Gandhi for congratulating him on his impressive majority in the Tamil Nadu Assembly elections

dot image
To advertise here,contact us
dot image