

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് വിധേയനായ ഹരീഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു. ഹരീഷിന്റെ ഹ്യദയവാല്‍വുകളും കോര്‍ണിയയുമാണ് ദാനം ചെയ്തത്. അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഹരീഷ് റാണയുടെ സംസ്‌കാരം നടന്നത്. ഡല്‍ഹി ഗ്രീന്‍ പാര്‍ക്ക് ശ്മാനത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ഇന്നലെയാണ് കോമയില്‍ കഴിയുന്ന 31 കാരനായ യു പി ഗാസിയബാദ് സ്വദേശി ഹരീഷ് റാണ മരണത്തിന് കീഴടങ്ങിയത്. ഡല്‍ഹി എയിംസിലായിരുന്നു മരണം. 32കാരനായ ഹരീഷിന്റെ ചികിത്സകളെല്ലാം പിന്‍വലിക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഒഴിവാക്കി സ്വാഭാവിക മരണത്തിനുള്ള അവസരമാണ് ഹരീഷ് റാണയ്ക്ക് നല്‍കിയത്. സുപ്രീം കോടതി വിധിക്ക് പിന്നാലെ അധികൃതര്‍ റാണയെ എയിംസിലേക്ക് മാറ്റിയിരുന്നു. കൃത്രിമമായി ജീവന്‍ നില്‍ക്കാന്‍ സഹായകമാകുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കിയുള്ള മെഡിക്കല്‍ പ്രക്രിയകളാണ് ഇവിടെ ഡോക്ടര്‍മാര്‍ നടപ്പാക്കിയത്.
2013 ഓഗസ്റ്റില്‍ പഞ്ചാബ് സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോള്‍, താമസിച്ചിരുന്ന വാടക കെട്ടിടത്തില്‍നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. അന്നു മുതല്‍ കിടപ്പിലായിരുന്നു. ശരീരം അനക്കാന്‍ പോലും കഴിയാത്ത വിധത്തിലായിരുന്നു ഹരീഷ് . അച്ഛനും അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബം തന്നെയാണ് ഹരീഷിനെ പരിപാലിച്ചിരുന്നത്. എന്നാല്‍, സാമ്പത്തിക പരാധീനതയും മകന്‍ അനുഭവിക്കുന്ന ദൈന്യതയുമാണ് ദയാമരണം തേടാന്‍ കുടുംബത്തെ പ്രേരിപ്പിച്ചത്.
രോഗി ജീവച്ഛവമായ അവസ്ഥയിലെങ്കില്‍ മാത്രം ദയാവധം പരിഗണിക്കാം. ദയാവധത്തിന് മുന്‍പ് രോഗിക്ക് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണം. ദയാവധം നിയമപരമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ദയാവധത്തിന് അനുമതി നല്‍കിയ 2018ലെ കോമണ്‍ കോസ് വിധിന്യായം പരിഷ്‌കരിച്ചാണ് സുപ്രീംകോടതിയുടെ വിധി. 13 വര്‍ഷമായി ജീവച്ഛവമായി കഴിയുന്ന യുപി ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണയുടെ വൈദ്യസഹായം പിന്‍വലിക്കാം. സ്‌നേഹവും ജീവിതവും നല്‍കുന്ന കുടുംബത്തിന് അനുയോജ്യമായ വിധിയല്ല ഇതെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ അനുമതി. ഹരീഷ് റാണയെ കുടുംബം വേണ്ടെന്ന് വയ്ക്കുകയല്ല, അന്തസോടെ മരിക്കാന്‍ അനുവദിക്കുകയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.
ഹരീഷ് റാണയ്ക്ക് നിഷ്‌ക്രിയ ദയാവധം അനുവദിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ 2024-ല്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഹരീഷ് വെന്റിലേറ്ററിലോ ഏതെങ്കിലും ജീവന്‍രക്ഷാ സഹായിയുടേയോ പിന്‍ബലത്തിലല്ല കഴിയുന്നതെന്ന് ഹര്‍ജി തള്ളിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
അതേസമയം, സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ സ്വാതന്ത്ര്യംനല്‍കിയിരുന്നു. തുടര്‍ന്നാണ് ഭേദഗതിവരുത്തിയ അപേക്ഷയുമായി കൊല്ലം സ്വദേശിനിയായ അഭിഭാഷക നന്ദകുമാറും ഹരീഷ് റാണയുടെ പിതാവും വീണ്ടും സുപ്രീംകോടതിയിലെത്തിയത്. ഇതിന് പിന്നാലെയാണ് മരിക്കാനുള്ള അന്തസ്സുള്ള അവകാശത്തെ അംഗീകരിച്ച 2018-ലെ 'കോമണ്‍ കോസ്' വിധിയുടെ (2023ല്‍ ഭേദഗതി ചെയ്തത്) അടിസ്ഥാനത്തിലാണ് നിഷ്‌ക്രിയ ദയാവധം നിയമപരമായി അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു വിധിക്ക് സുപ്രീംകോടതി അനുമതി നല്‍കുന്നതും.
Content Highlight : Harish Rana, who underwent euthanasia, donated his organs after death. The family had already expressed their willingness to donate their organs