തൃണമൂല്‍ വിട്ട മൂന്ന് മുന്‍ എംപിമാര്‍ ബിജെപിയില്‍; രാജ്യസഭയിലേക്ക് മത്സരിക്കും

സുഷ്മിത ദേവ്, സുഖേന്ദു ശേഖര്‍ റോയ്, പ്രകാശ് ചിക് ബറൈയ്ക്ക് എന്നിവരാണ് ബിജെപിയിൽ ചേർന്നത്

തൃണമൂല്‍ വിട്ട മൂന്ന് മുന്‍ എംപിമാര്‍ ബിജെപിയില്‍; രാജ്യസഭയിലേക്ക് മത്സരിക്കും
dot image

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മൂന്ന് മുന്‍ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സുഷ്മിത ദേവ്, സുഖേന്ദു ശേഖര്‍ റോയ്, പ്രകാശ് ചിക് ബറൈയ്ക്ക് എന്നിവരാണ് ബിജെപിയിൽ ചേർന്നത്. കൊൽക്കത്തയിലെ സാള്‍ട്ട് ലേക്കിലെ ബിജെപി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ നേതാക്കളെ പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ഇതിന് പിന്നാലെ മൂന്ന് പേരും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു.

സുഖേന്ദു ശേഖര്‍ റേയുടെയും പ്രകാശ് ബരായ്ക്കിന്റെയും രാജ്യസഭ കാലാവധി 2029 സെപ്റ്റംബര്‍ വരെയും സുഷ്മിത ദേവിന്റേത് 2030 ഏപ്രില്‍ വരെയുമായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഇവര്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 24-ന് നടക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ പതിനാലാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ പതിനഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 17 ആണ്. ജൂലൈ 24ന് വൈകിട്ട് അഞ്ച് മണിയോടെ വോട്ടെണ്ണല്‍ നടക്കും.

നിയമസഭാ തെരഞ്ഞെടപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലായിരുന്നു മൂന്ന് എംപിമാര്‍ രാജിവെച്ചത്. 2029 ഓഗസ്റ്റ് വരെ കാലാവധി ഉണ്ടെന്നിരിക്കെ ജൂണ്‍ എട്ടാം തീയതിയായിരുന്നു സുഖേന്ദു ശേഖര്‍ റായി രാജിവെച്ചത്. അഴിമതി, സ്ത്രീ സുരക്ഷ, ക്രമസമാധാന തകര്‍ച്ച, ആരോഗ്യം അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ബംഗാള്‍ ജനത ടിഎംസിയെ തിരസ്‌കരിച്ചുവെന്നും സുഖേന്ദു ശേഖര്‍ രാജിക്കത്തില്‍ തുറന്നടിച്ചിരുന്നു. ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായി വോട്ടര്‍മാര്‍ ബിജെപിക്ക് വന്‍ വിജയം സമ്മാനിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

ഇതിന് തൊട്ടുപിന്നാലെയായിരുന്നു സുഷ്മിത ദേവിന്റെ രാജി. ജൂണ്‍ പത്താം തീയതിയായിരുന്നു സുഷ്മിത ദേവ് രാജിവെച്ചത്. പാര്‍ട്ടിയില്‍ നിന്നും സുഷ്മിത രാജിവെച്ചിരുന്നു. 2030 ഏപ്രില്‍ വരെയായിരുന്നു സുഷ്മിത ദേവിന്റെ രാജ്യസഭ കാലാവധി. കോണ്‍ഗ്രസില്‍ നിന്ന് 2021ലായിരുന്നു സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയത്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ കൊണ്ട് രാജിവെയ്ക്കുന്നുവെന്നായിരുന്നു സുഷ്മിത കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയാണ് രാജിക്ക് പിന്നിലെന്നായിരുന്നു പുറത്തുവന്ന വിവരം. സുഷ്മിത ദേവിന് തൊട്ടുപിന്നാലെ ജൂണ്‍ പതിനൊന്നിനായിരുന്നു പ്രകാശ് ചിക് ബറൈയ്ക്ക് രാജിവെച്ചത്.

Content Highlights: In a setback for the Trinamool Congress, three former Rajya Sabha MPs who left the party have joined the BJP.

dot image
To advertise here,contact us
dot image