

ജയ്പൂർ: രാജസ്ഥാനിലെ നാഗൗറിലുള്ള പാൽഡി കാലാൻ ഗ്രാമനിവാസിയായ നതി ദേവി ബാവ്‌രി കന്നുകാലികൾക്കുള്ള ഭക്ഷണം തേടിയാണ് മാർച്ച് 16ന് വീടിന് പുറത്തേക്ക് പോയത്. സമയം ഏറെ കഴിഞ്ഞിട്ടും 75കാരി തിരികെ വീട്ടിൽ എത്തിയില്ല. ശരീരത്തിൽ ഏഴ് ലക്ഷത്തോളം വില വരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ ധരിച്ചാണ് ഇവർ പുറത്തേക്ക് പോയതെന്ന് കുടുംബം പറയുന്നു. നതിയെ കാണാതായതോടെ കുടുംബം അവരെ തേടി എല്ലായിടവും അരിച്ചുപെറുക്കി. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല.
പിറ്റേദിവസം മറ്റൊരു ഗ്രാമമായ പച്ച്‌റണ്ടയിലെ ഗ്രാമവാസികളാണ് കുറ്റിക്കാടിനിടയിൽ പ്ലാസ്റ്റിക്ക് കവറിൽ എന്തോ കിടക്കുന്നത് ശ്രദ്ധിച്ചത്. കവർ പരിശോധിച്ചപ്പോൾ മൃതദേഹമാണെന്ന് മനസിലായി. തലയും കാലും അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഇതിന് പുറമേ ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയിരുന്നു. ഉടൻ തന്നെ ഗ്രാമവാസികൾ സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ ദൃക്‌സാക്ഷികളെയോ മറ്റ് തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞില്ല. നാഗൗർ എസ്പി റോഷൻ മീണയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി. പ്രദേശത്ത് ഡ്രോണും വിന്യസിച്ചു. തുടർന്ന് അവിടെ നിന്നും ലഭിച്ച ഒരു സ്ലിപ്പറിൽ നിന്നാണ് പൊലീസിന് തുമ്പ് ലഭിക്കുന്നത്.
പരിശോധനയ്ക്കിടയിൽ നതിയുടെ ഗ്രാമത്തിലെ ഒരു വീട്ടിൽ രക്തകറകൾ കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ കൊലപാതകം നടന്നത് അവിടെയാണെന്ന് വ്യക്തമാകുകയും ചെയ്തു. തുടർന്ന് നതിയെ കാണാതായ സമയം മുതൽ പ്രദേശത്തെ 300ഓളം ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചു. മാർച്ച് 20ന് പൊലീസ് നതിയുടെ അയൽവാസിയായ മുകേഷ് ഭാരതി എന്ന 38കാരനെ പിടികൂടി. കന്നുകാലികൾക്ക് ഭക്ഷണം തേടി ഇറങ്ങിയ വൃദ്ധയെ ഇയാൾ ആക്രമിച്ച് കൊലപ്പെടുത്തുകയും പിന്നീട് ശരീരം തിരിച്ചറിയാതിരിക്കാൻ കഷ്ണങ്ങളായി മുറിക്കുകയുമായിരുന്നു.
കോടാലിയോ ഇരുമ്പ് കമ്പിയോ ഉപയോഗിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ശരീരം പല കഷ്ണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലാക്കിയാണ് പ്രതി തന്റെ വാഗണാർ കാറിൽ പലയിടങ്ങളിലായി നിക്ഷേപിച്ചത്. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ നതിയുടെയും പ്രതിയുടെയും കുടുംബം തമ്മിൽ ഭൂമി സംബന്ധമായ തർക്കങ്ങൾ നിലനിൽക്കുന്നതായും വിവരമുണ്ട്.
മോഷ്ടിച്ച ആഭരണങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം നതിയുടെ കുടുംബം ക്രൂരമായ കൊലപാതകത്തെ കുറിച്ച് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കണ്ടെത്തണം എന്നാവശ്യപ്പെട്ട് നതിയുടെ കുടുംബം പ്രതിഷേധിച്ചിരുന്നു. തുടർ തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തിയ ശേഷം നതിയുടെ അന്ത്യകർമങ്ങൾ നടത്തി.
Content Highlights: A 75-year-old woman from Rajasthan’s Nagaur went missing after stepping out wearing jewellery worth around ₹7 lakh