

ഗുഡല്ലൂർ: കുന്നിൻമുകളിൽ നിന്നും 150 അടി താഴ്ചയിലേക്ക് വീണ യുവാവിനെ അതിസാഹസികമായി രക്ഷിച്ച് സൈന്യം. ഊട്ടി-ഗൂഡല്ലൂരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ സൂചിമലയുടെ വ്യൂപോയിന്റിൽ വെച്ചാണ് സംഭവം. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയെ ഓർമിപ്പിക്കുന്ന രംഗങ്ങളെന്നാണ് സംഭവത്തെ കുറിച്ച് ഉയരുന്ന അഭിപ്രായങ്ങള്‍.
ചെങ്കൽപേട്ട സ്വദേശിയായ ശിവഗുരുനാഥനാണ് സെൽഫിയെടുക്കുന്നതിനിടെ മലമുകളില്‍ നിന്നും കൊക്കയിലേക്ക് വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇയാൾ സൂചിമലയിൽ എത്തിയത്. വ്യൂ പോയിന്റ് ഏരിയ കടന്ന് കെട്ടിടത്തിന്റെ വശത്ത് കൂടി പ്രവേശനമില്ലാത്ത ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവേ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു.
കാല് പാറകൾക്ക് ഇടയിൽ കുടുങ്ങിയതോടെ ഇയാൾ ഒരു പാറക്കെട്ടിന് മുകളിൽ തടഞ്ഞുനിന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ കൂടുതൽ ആഴത്തിലേക്ക് ശിവഗുരുനാഥൻ വീണുപോകാൻ സാധ്യതയുണ്ടായിരുന്നു. ഇയാൾ വീഴുന്നത് ആരും കണ്ടിരുന്നില്ല. വീഴ്ചയുടെ ആഘാതത്തിൽ ബോധം പോയതിനാൽ കുറച്ചധികം സമയം അപകടം ആരുമറിയാതെ തുടർന്നു. പിന്നീട് ബോധം വന്നപ്പോൾ വ്യൂ പോയിന്റിൽ ഇറക്കിയ ടാക്‌സി ഡ്രൈവറെ ഗുരുനാഥൻ വിളിച്ചു.
ഈ ഡ്രൈവറാണ് പൊലീസിലും മറ്റും വിവരം അറിയിക്കുന്നത്. അഞ്ച് മണിയോടെ അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. പക്ഷെ ഇവർ നടത്തിയ ശ്രമങ്ങൾ ഒന്നും വിജയം കണ്ടില്ല. കാട്ടാനക്കൂട്ടം ഇറങ്ങുന്ന പ്രദേശം കൂടിയായതിനാൽ അവയെ അകറ്റിനിർത്താൻ കൂടി വനംവകുപ്പ് നിരന്തരം ശ്രമിക്കുന്നുണ്ടായിരുന്നു.
രാത്രിയോടെ മദ്രാസ് റെജിമെന്റിലെ റെസ്‌ക്യൂ ടീം എത്തി. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതിനാൽ ശിവഗുരുനാഥൻ അനങ്ങാൻ പോലും പറ്റാതെ കിടക്കുകയായിരുന്നു. ഇയാൾക്ക് ആവശ്യമായ വൈദ്യസഹായം ആദ്യം നൽകി. പിന്നീടും രക്ഷാദൗത്യം മണിക്കൂറുകളോളം നീണ്ടുനിന്നു. കളക്ടറും ജില്ലാ പൊലീസ് സൂപ്രണ്ടുമടക്കമുള്ളവരും സ്ഥലത്ത് എത്തിയിരുന്നു.
ഒടുവിൽ പുലർച്ചെ നാല് മണിക്ക് കയറിൽക്കെട്ടിയ സ്‌ട്രെച്ചറിൽ കിടത്തി ശിവഗുരുനാഥനെ പുറത്തേക്ക് എത്തിച്ചു. ഒരു കിലോമീറ്റർ ഇയാളെ ചുമന്നാണ് മലയുടെ അടിവാരത്തിലേക്ക് എത്തിച്ചത്. ഇവിടെ നിന്നും ആംബുലൻസിൽ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കം 150 പേരോളമാണ് 14 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിൽ പങ്കാളിയായത്.
Content Highlights: A man falls down to 150 feet near Soochimala, Military does an miraculous resuce operation