ലോകകപ്പില്ലാതെ ക്രിസ്റ്റ്യാനോ; പോര്‍ച്ചുഗല്‍ തീര്‍ന്നു, സ്പാനിഷ് ചെമ്പട തീര്‍ത്തു

സ്‌പെയിനെതിരെ എതിരില്ലാത്ത ഒരുഗോളിനാണ് പോര്‍ച്ചുഗല്‍ തോറ്റത്, സ്‌പെയിന്‍ ക്വാര്‍ട്ടറില്‍

ലോകകപ്പില്ലാതെ ക്രിസ്റ്റ്യാനോ; പോര്‍ച്ചുഗല്‍ തീര്‍ന്നു, സ്പാനിഷ് ചെമ്പട തീര്‍ത്തു
dot image

ആവേശപ്പോരാട്ടമല്ലായിരുന്നു അത്. തണുത്തുറഞ്ഞൊരു മത്സരം. ഡാലസിലെ ആവേശപ്പോരിന് കാത്തിരുന്ന ഫുട്‌ബോള്‍ പ്രേമികളെ മത്സരം നിരാശപ്പെടുത്തിയെങ്കിലും ഇഞ്ചുറി ടൈമിലെ ഗോളില്‍ സ്പാനിഷുകാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് തോല്‍പ്പിച്ചത്. ജയം എതിരില്ലാത്ത ഒരുഗോളിന്. പകരക്കാരനായെത്തിയ ഫെറാന്‍ ടോറസിന്റെ പാസില്‍ മറ്റൊരു പകരക്കാരന്‍ മൈക്കല്‍ മെറിനോയാണ് ഗോളടിച്ചത്. ഇതോടെ സ്‌പെയിന്‍ ലോകകപ്പിന്റെ അവസാന എട്ടിലേക്ക് മുന്നേറി.

ആദ്യപകുതി ബലാബലം
സ്‌പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയിലായിരുന്നു. ആവേശപ്പോരാട്ടത്തില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാനായിരുന്നില്ല. കളിയുടെ തുടക്കം മുതല്‍ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും പ്രതിരോധ നിരകളും ഗോള്‍കീപ്പര്‍മാരും ഉറച്ചുനിന്നു. സ്‌പെയിന്റെ ലമീന്‍ യമാല്‍, മികേല്‍ ഒയാര്‍സബാല്‍ എന്നിവര്‍ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗീസ് ഗോളി ഡിയോഗോ കോസ്റ്റ രക്ഷകനായി.

മറുഭാഗത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജാവോ ഫെലിക്‌സും പോര്‍ച്ചുഗലിനായി സ്പാനിഷ് ഗോള്‍മുഖം വിറപ്പിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ പോര്‍ച്ചുഗലിന്റെ നുനോ മെന്‍ഡസിന്റെ ഒരു ഷോട്ട് സ്പാനിഷ് ഗോളി ഉനൈ സിമോണിനെയും മറികടന്ന് പോസ്റ്റിലിടിച്ചു മടങ്ങി. പോര്‍ച്ചുഗല്‍ ഗോളെന്നുറച്ച നിമിഷമായിരുന്നു അത്. റാഫേല്‍ ലിയാവോയ്ക്ക് പകരം ജാവോ ഫെലിക്‌സിനെ ആദ്യ ഇലവനില്‍ ഇറക്കിയാണ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് പോര്‍ച്ചുഗലിന്റെ തന്ത്രങ്ങള്‍ മെനഞ്ഞത്. അതേസമയം മുന്‍ മത്സരത്തിലെ അതേ ടീമിനെയാണ് സ്‌പെയിന്‍ നിലനിര്‍ത്തിയത്.

ഗോള്‍ ലക്ഷ്യമിട്ട് രണ്ടാം പകുതി
മത്സരത്തില്‍ ഗോളടിക്കാനാകാത്തതിനാല്‍ രണ്ടാം പകുതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇരു പരിശീലകരും നിര്‍ബന്ധിതരായി. നുനോ മെന്‍ഡിസിന് പകരം നെല്‍സണ്‍ സെമെഡോയും ജാവോ കാന്‍സലോയ്ക്ക് പകരം ഡിയോഗോ ഡാലറ്റും ഫെലിക്‌സിന് പകരം റാഫേല്‍ ലിയാവോയും പോര്‍ച്ചുഗല്‍ നിരയിലെത്തി. സ്പാനിഷ് കോച്ച് ലുയിസ് ഡെ ലാ ഫ്യുണ്ടെ, തന്റെ ആവനാഴിയിലെ അസ്ത്രങ്ങളും പ്രയോഗിച്ചു. അലക്‌സ് ബയേനെക്ക് പകരം ഫെറാന്‍ ടോറസും പെഡ്രിക്ക് പകരം ഫാബിയാന്‍ റുയിസും ഒല്‍മോയ്ക്ക് പകരം മൈക്കല്‍ മെറിനോയും കളിക്കാനെത്തി.

മെറിനോ എത്തി ആറുമിനിറ്റിനകം ഗോള്‍നേടി മത്സരം സ്‌പെയിന്റെ വരുതിയിലാക്കി. ഇതേസമയം, പോര്‍ച്ചുഗല്‍ ആക്രമണം മൂര്‍ച്ച കൂട്ടിയെങ്കിലും അതെല്ലാം ഫലം കാണാതെ മടങ്ങി.

കണ്ണീരോടെ ക്രിസ്റ്റ്യാനോ
41-ാം വയസ്സില്‍ തന്റെ ആറാം ലോകകപ്പ് കളിക്കാനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇതോടെ ലോകകപ്പ് കിരീടമെന്ന കരിയറിലെ സ്വപ്നം ഇനി ഒരിക്കലും സാധ്യമാകില്ലെന്ന് ഉറപ്പായി. മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയതോടെ വിതുമ്പിക്കരഞ്ഞുകൊണ്ട് മൈതാനത്തുനിന്നും മടങ്ങിയ റൊണാള്‍ഡോയുടെ ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചുതകര്‍ക്കുന്നതായിരുന്നു.

content highlights: Ronaldo without a World Cup; Portugal's journey ends as Spanish Red Army finishes them off

dot image
To advertise here,contact us
dot image