ലോക ബാങ്കിന്റെ റിച്ച് കാറ്റഗറിയില്‍ ഈ 5 സംസ്ഥാനങ്ങളില്‍; നേരിയ വ്യത്യാസത്തില്‍ സ്ഥാനം നഷ്ടപ്പെട്ട് കേരളം

വളരെ ചെറിയ വ്യത്യാസത്തിലാണ് മഹാരാഷ്ട്ര, ഹരിയാന, കേരളം എന്നീ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വരുമാന വിഭാഗത്തിലേക്ക് എത്താതെ പോയത്

ലോക ബാങ്കിന്റെ റിച്ച് കാറ്റഗറിയില്‍ ഈ 5 സംസ്ഥാനങ്ങളില്‍; നേരിയ വ്യത്യാസത്തില്‍ സ്ഥാനം നഷ്ടപ്പെട്ട് കേരളം
dot image

ലോകബാങ്ക് നിശ്ചയിച്ച ഉയര്‍ന്ന-ഇടത്തരം വരുമാന മാനദണ്ഡം മറികടന്ന് ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങള്‍. രാജ്യം ഇപ്പോഴും കുറഞ്ഞ-ഇടത്തരം വരുമാന രാജ്യമായി തുടരുമ്പോഴാണ് ഈ ശ്രദ്ധേയമായ മുന്നേറ്റം. ഈ ആഴ്ച ശ്രീലങ്ക, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളെ വരുമാന നിലവാരത്തിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍ ലോകബാങ്ക് ഉയര്‍ന്ന വരുമാന വിഭാഗങ്ങളിലേക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2,760 ഡോളര്‍ മാത്രമാണ്. ഇത് കുറഞ്ഞ-ഇടത്തരം വരുമാന രാജ്യങ്ങളുടെ ശരാശരിയായ 2,488 ഡോളറിനേക്കാള്‍ അല്പം കൂടുതലാണെങ്കിലും, ഉയര്‍ന്ന-ഇടത്തരം വരുമാന വിഭാഗത്തിലേക്കുള്ള 4,636 ഡോളര്‍ എന്ന പരിധിയില്‍ നിന്ന് വളരെ പിന്നിലാണ്.

അഞ്ച് സംസ്ഥാനങ്ങള്‍ ഇവ

ഡല്‍ഹി - 6,217 ഡോളര്‍
കര്‍ണാടക - 5,579 ഡോളര്‍
തെലങ്കാന - 5,407 ഡോളര്‍
തമിഴ്‌നാട് - 5,329 ഡോളര്‍
ഗുജറാത്ത് - 4,734 ഡോളര്‍

ഈ അഞ്ച് സംസ്ഥാനങ്ങളും ലോകബാങ്ക് നിശ്ചയിച്ച പരിധിയായ 4,636 ഡോളറിനെക്കാള്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം രേഖപ്പെടുത്തി. എന്നാല്‍ വളരെ ചെറിയ വ്യത്യാസത്തിലാണ് മൂന്ന് സംസ്ഥാനങ്ങള്‍ ഉയര്‍ന്ന-ഇടത്തരം വരുമാന വിഭാഗത്തിലേക്ക് എത്താതെ പോയത്. മഹാരാഷ്ട്ര- 4,628 ഡോളര്‍ (പരിധിയേക്കാള്‍ 8 ഡോളര്‍ കുറവ്), ഹരിയാന - 4,627 ഡോളര്‍ (9 ഡോളര്‍ കുറവ്), കേരളം- 4,610 ഡോളര്‍ (26 ഡോളര്‍ കുറവ്) എന്നിവയാണ് ആ സംസ്ഥാനങ്ങള്‍. അതേസമയം, രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനമായി ബിഹാര്‍ തുടരുന്നു.

ബിഹാര്‍ -984 ഡോളര്‍
ഉത്തര്‍പ്രദേശ് - 1403 ഡോളര്‍
ജാര്‍ഖണ്ഡ്-1,470 ഡോളര്‍

എന്നിങ്ങനെയാണ് ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങളുടെ വരുമാന കണക്കുകള്‍. ഈ മൂന്ന് സംസ്ഥാനങ്ങളുടെയും പ്രതിശീര്‍ഷ വരുമാനം നേപ്പാളിന്റെയും ചില ആഫ്രിക്കന്‍ രാജ്യങ്ങളുടെയും വരുമാനത്തേക്കാള്‍ താഴെയാണ്.

മൂന്ന് പതിറ്റാണ്ടിലെ മാറ്റം

1994ല്‍ ഇന്ത്യയിലെ ഒരു വലിയ സംസ്ഥാനത്തിനും ഇന്നത്തെ ലോകബാങ്ക് മാനദണ്ഡമനുസരിച്ച് മിഡില്‍ ഇന്‍കം വിഭാഗത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് പല സംസ്ഥാനങ്ങളുടെയും പ്രതിശീര്‍ഷ വരുമാനം ദക്ഷിണാഫ്രിക്ക (6,270 ഡോളര്‍), ഫിജി (6,230 ഡോളര്‍), മംഗോളിയ (6,210 ഡോളര്‍) എന്നീ രാജ്യങ്ങളുടേതിന് സമാനമാണ്. അതേസമയം കര്‍ണാടകയും തെലങ്കാനയും ഇന്തോനേഷ്യ (5,120 ഡോളര്‍), വിയറ്റ്‌നാം (4,970 ഡോളര്‍) എന്നീ രാജ്യങ്ങളേക്കാള്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം കൈവരിച്ചിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടും സംസ്ഥാനങ്ങള്‍ തമ്മിലുള്ള വരുമാന അസമത്വം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ വര്‍ധിച്ചു വരുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം 1994-95ലെ 0.230ല്‍ നിന്ന് 2025-26ല്‍ 0.261 ആയി ഉയര്‍ന്നു. ഏറ്റവും സമ്പന്നമായ 10 ശതമാനം സംസ്ഥാനങ്ങളും ഏറ്റവും പിന്നിലുള്ള 10 ശതമാനം സംസ്ഥാനങ്ങളും തമ്മിലുള്ള വരുമാന വ്യത്യാസം 2.38 മടങ്ങില്‍ നിന്ന് 3.73 മടങ്ങായും വര്‍ധിച്ചു. ഏറ്റവും വേഗത്തില്‍ വളര്‍ന്നത് മധ്യവരുമാനമുള്ള സംസ്ഥാനങ്ങളാണ്. ഉത്തര്‍പ്രദേശും ഒഡീഷയും 30 വര്‍ഷം മുമ്പ് സമാന വരുമാന നിലവാരത്തിലായിരുന്നു. എന്നാല്‍ ഇന്ന് ഒഡീഷയുടെ പ്രതിശീര്‍ഷ വരുമാനം ഉത്തര്‍പ്രദേശിനേക്കാള്‍ 75 ശതമാനം കൂടുതലാണ്.

Content Highlights: Five Indian states have surpassed the World Bank’s upper-middle-income threshold based on per capita income, even as India continues to be classified as a lower-middle-income economy

dot image
To advertise here,contact us
dot image